Thursday, November 15, 2018 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 06.12 PM

ഓവല്‍ ടെസ്റ്റ്: ജഡേജയ്ക്കും, വിഹാരിക്കും അര്‍ധസെഞ്ചുറി, ഇന്ത്യയുടെ ഇന്നിങ്ങ്‌സ് 292 ന് അവസാനിച്ചു

India vs England , 5th Test

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 292 റണ്‍സില്‍ അവസാനിച്ചു. 40 റണ്‍സ് ലീഡ് വഴങ്ങിയാണ് ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഓള്‍ഔട്ട് ആയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യുവതാരം ഹനുമ വിഹാരി, ഒരു ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോര്‍ 292 റണ്‍സില്‍ എത്തിച്ചത്. പുറത്താകാതെ നിന്ന ജഡേജ 156 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 86 റണ്‍സ് നേടിയാണ് രക്ഷാപ്രവര്‍ത്തനം തനിച്ചു നടത്തിയത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറി കുറിച്ച് യുവതാരം ഹനുമ വിഹാരിയാണ് ഇന്ത്യയ്ക്കായി നിലയുറപ്പിച്ചത്.ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ- വിഹാരി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി ആറാം വിക്കറ്റില്‍ പൊരുതിയത്. എന്നാല്‍ വിഹാരി 56 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ മോയിന്‍ അലിയുടെ പന്തില്‍ ബെയര്‍സ്‌റ്റോയുടെ കൈകളില്‍ എത്തുകയായിരുന്നു. നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച ഇന്ത്യയെ അരങ്ങേറ്റക്കാരന്‍ ഹനുമ വിഹാരിയും ജഡേജയും ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്. 124 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് വിഹാരി 56 റണ്‍സ് കുറിച്ചത്. വിഹാരിക്കു പിന്നാലെ ഇഷാന്തും ഷമിയും മടങ്ങി. പത്താം വിക്കറ്റില്‍ ബുംമ്രയെ ഒരറ്റത്തു നിര്‍ത്തി ആക്രമിച്ചു കളിച്ച ജഡേജ ഇന്ത്യന്‍ സ്‌കോര്‍ 292 റണ്‍സില്‍ എത്തിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 174 റണ്ണെന്ന നിലയില്‍ വിയര്‍ക്കുകയായിരുന്നു. 25 റണ്ണെടുത്ത ഹനുമ വിഹാരിയും എട്ട് റണ്ണെടുത്ത രവീന്ദ്ര ജഡേജയുമാണു ക്രീസില്‍. ഇംണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 332 റണ്ണിന് അവസാനിച്ചിരുന്നു. നായകന്‍ വിരാട് കോഹ്ലി (49), ലോകേഷ് രാഹുല്‍ (37), ചേതേശ്വര്‍ പൂജാര (37) എന്നിവരുടെ പുറത്താകലാണ് ഇന്ത്യക്കു തിരിച്ചടിയായത്. ഉപനായകന്‍ അജിന്‍ക്യ രഹാനെ (0), ഓപ്പണര്‍ ശിഖര്‍ ധവാന്‍ (മൂന്ന്), ഋഷഭ് പന്ത് (അഞ്ച്) എന്നിവര്‍ക്കു രണ്ടക്കം കാണാനായില്ല.

രണ്ടാം ഓവറിലാണ് ധവാന്‍ പുറത്തായത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയായിരുന്നു ധവാന്റെ മടക്കം. പൂജാരയ്‌ക്കൊപ്പംനിന്ന രാഹുലിനെ സാം കുറാന്റെ വേഗം കുറഞ്ഞ പന്താണു ചതിച്ചത്. പന്തിന്റെ ഗതി മനസിലാകാതെനിന്ന രാഹുലിന്റെ സ്റ്റമ്പ് തെറിച്ചു.

പൂജാരയെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റിനു പിന്നില്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈയിലെത്തിച്ചു. രഹാനെയും ആന്‍ഡേഴ്‌സണാണു മടക്കിയത്. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ കോഹ്ലി ബെന്‍ സ്‌റ്റോക്ക്‌സിനു വിക്കറ്റ് നല്‍കി.

എട്ടിന് 198 റണ്ണെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ജോസ് ബട്ട്‌ലര്‍ (89), സ്റ്റുവര്‍ട്ട് ബ്രോഡ് (38) എന്നിവരുടെ ബാറ്റിങ്ങാണ് രക്ഷപ്പെടുത്തിയത്. 133 പന്തിലാണു ബട്ട്‌ലര്‍ 89 റണ്ണെടുത്തത്. എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിന്റെ (15) കൂട്ടുപിടിച്ച് ബട്ട്‌ലര്‍ 33 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. റഷീദിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ജസ്പ്രീത് ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നാണു ബ്രോഡ് ബട്ട്‌ലര്‍ കൂട്ടുകെട്ട് പിറന്നത്. 59 പന്തില്‍ 38 റണ്ണുമായി ബ്രോഡ് തിളങ്ങി. ഒമ്പതാം വിക്കറ്റില്‍ അവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ പരിക്ഷീണരാക്കി. ഇവര്‍ നേടിയ 98 റണ്ണിന്റെ കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമാകും. ബ്രോഡിനെയും ബട്ട്‌ലറിനെയും രവീന്ദ്ര ജഡേജയാണു പുറത്താക്കിയത്. 30 ഓവര്‍ എറിഞ്ഞ ജഡേജ നാല് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ, ബുംറ എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു.

Ads by Google
Ads by Google
Loading...
TRENDING NOW