Sunday, September 09, 2018 Last Updated 36 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.27 AM

ഹെഡ്‌ലൈറ്റ്‌

uploads/news/2018/09/247164/re5.jpg

പരിണാമ സിദ്ധാന്തവാദിയും നിരീശ്വരനുമായിരുന്ന ചാള്‍സ്‌ ഡാല്‍വിന്‍ ഒരിക്കല്‍ തന്റെ വീട്‌ ഒരു ക്രിസ്‌തീയ പ്രഭാഷകനു വാടകയ്‌ക്കു കൊടുത്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി ചുരുങ്ങിയ സമയംകൊണ്ട്‌ ആ സ്‌ഥലത്ത്‌ അനേക മദ്യപരും അക്രമികളും മാനസാന്തരപ്പെട്ടു. അതില്‍ ആശ്‌ചര്യഭരിതനായി തീര്‍ന്ന ഡാര്‍വിന്‍, ഒരിക്കല്‍ ആ ആത്മീയ പ്രഭാഷകന്‌ എഴുതിയ കത്തില്‍ ഇങ്ങനെ കുറിച്ചു: 'ഞാന്‍ ഇത്രകാലം ശ്രമിച്ചിട്ട്‌ ഒരു മദ്യപനെപ്പോലും നേരായ മാര്‍ഗത്തിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിങ്ങളുടെ ചുരുങ്ങിയകാല പ്രവര്‍ത്തനത്താല്‍ ആ ദേശത്ത്‌ ഒരു മദ്യപനെപ്പോലും കാണാന്‍ കഴിയാത്ത സ്‌ഥിതിയായിരിക്കുന്നു.'
മനുഷ്യനു ധാര്‍മികബോധത്തിന്റെ വെളിച്ചം നല്‍കാന്‍ വിശുദ്ധ വേദപുസ്‌തകം നല്‍കുന്ന പങ്ക്‌ അതുല്യമാണ്‌. അത്‌ മനുഷ്യനെ വ്യത്യാസപ്പെടുത്തുന്നു. ബൈബിളിന്റെ ശക്‌തിമത്തായ ഈ വിശേഷം പക്ഷേ, പലര്‍ക്കും മനസിലായിട്ടില്ല. ധനവാനായ ഒരു മനുഷ്യന്‍ താന്‍ വലിയൊരു സ്വത്തിന്റെ ഉടമയാണെന്നു മനസിലാക്കാതെ ഭിക്ഷ യാചിക്കുകയാണ്‌. ഇതു സംഭവിക്കുന്ന കാര്യമാണോ? ഇതുപോലെ അനേകരും ആത്മീയ ജീവിതത്തില്‍ അവര്‍ക്കുള്ള സ്വര്‍ഗീയ അനുഗ്രഹം മനസിലാക്കാതെ ജീവിതം പാഴാക്കി കളയുന്നുണ്ട്‌.
ദൈവം നിങ്ങള്‍ക്കു ധാരാളം അനുഗ്രഹങ്ങള്‍, നല്ല ഭാവിയുടെ വാഗ്‌ദാനങ്ങള്‍, തന്റെ വചനത്തിലൂടെ തന്നു കഴിഞ്ഞിരിക്കുകയാണ്‌. പക്ഷേ, ദൈവം എന്തെല്ലാം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന്‌ പലര്‍ക്കും അറിയില്ല. അതുകൊണ്ട്‌ അവര്‍ക്ക്‌ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. പക്ഷേ, നാം അനുഗ്രഹങ്ങള്‍ മനസിലാക്കി വചനത്തിന്റെ വെളിച്ചം അനുസരിച്ച്‌ നടക്കുമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഇവിടെ വെളിച്ചം എന്നുദ്ദേശിക്കുന്നത്‌ എന്താണ്‌? ദൈവവചനം. ദൈവത്തിന്റെ വചനത്തില്‍ പറയുന്നു, 'നിന്റെ വചനം കാലിനു ദീപവും എന്റെ പാതയ്‌ക്കു പ്രകാശവും ആകുന്നു. നിന്റെ ന്യായപ്രമാണം എനിക്ക്‌ എത്രയോ പ്രിയം; ഇടവിടാതെ അത്‌ എന്റെ ധ്യാനമാകുന്നു.' ഇവിടെയെല്ലാം ദൈവം നമുക്കു നല്‍കുന്ന വാഗ്‌ദാനങ്ങള്‍ നമ്മുടെ ജീവിതയാത്രയില്‍ നമ്മുടെ പാതയ്‌ക്കു പ്രകാശവും നമ്മുടെ കാലിനു ദീപവും ആണ്‌. അതുകൊണ്ട്‌ സങ്കീര്‍ത്തനക്കാരന്‍ പറയുകയാണ്‌, 'ദൈവമേ, നിന്റെ ന്യായപ്രമാണങ്ങള്‍ എത്ര പ്രിയമാണ്‌; അത്‌ ഇടവിടാതെ എന്റെ ധ്യാനമാകുന്നു.'
നിങ്ങള്‍ കാറിലോ മറ്റു വാഹനങ്ങളിലോ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഹെഡ്‌ലൈറ്റ്‌ ഓണ്‍ ചെയ്യും. ആ ലൈറ്റിന്റെ പ്രകാശം കണ്ടുകൊണ്ടാണ്‌ നാം യാത്ര ചെയ്യുന്നത്‌. വണ്ടി സ്‌റ്റാര്‍ട്ട്‌ ചെയ്‌തു, ലൈറ്റ്‌ ഓണ്‍ ചെയ്‌തു. അപ്പോള്‍ നമ്മള്‍ പറയുകയാണെന്നിരിക്കട്ടെ, സംഗതി കുഴപ്പമായി. അങ്ങു ദൂരെ നോക്ക്‌, കുറ്റാകൂരിരുട്ട്‌! എങ്ങനെ ഈ ഇരുട്ടിലൂടെ യാത്ര ചെയ്യാനാണ്‌. നൂറു കിലോമീറ്ററെങ്കിലും ദൂരം നമുക്കു പോകണം. ഈ ഹെഡ്‌ലൈറ്റിന്റെ പ്രകാശം ദേണ്ട്‌ ഒരു പതിനഞ്ചടി ഇരുപതടി പോലും എത്തുന്നില്ല. ഈ ഇരുട്ടത്ത്‌ ബാക്കി ദൂരം എങ്ങനെ പോകാനാണ്‌? എന്താണ്‌ പരിഹാരം? ഇത്‌ ആരെങ്കിലും കേള്‍ക്കുകയാണെങ്കില്‍ പറയും, 'എടാ, മണ്ടാ! വണ്ടി നീക്ക്‌, വണ്ടി പോകുന്തോറും പ്രകാശം നിന്റെ മുമ്പില്‍ പൊയ്‌ക്കൊണ്ടേയിരിക്കും. നീ അതേക്കുറിച്ച്‌ പ്രയാസപ്പെടേണ്ട. ആ വളവു തിരിയുമ്പോഴും പ്രകാശം ഉണ്ടായിരിക്കും. കാരണം നീ മുന്നോട്ടു നീങ്ങുമ്പോള്‍ അതനുസരിച്ചു പ്രകാശം നിന്റെ മുമ്പില്‍ പൊയ്‌ക്കൊണ്ടേയിരിക്കും.'
നാം ജീവിക്കുന്ന ഈ ലോകം, പ്രശ്‌നങ്ങളും തകര്‍ച്ചയും ഇരുട്ടും ദുഃഖവും തെറ്റിദ്ധാരണയും ഏഷണിയും സമാധാനമില്ലായ്‌മയുംകൊണ്ട്‌ നിറഞ്ഞ ഒരു ലോകം ആണ്‌. അന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ സമൃദ്ധിയായ ജീവന്‍ ലഭിക്കാന്‍, ചിരിക്കാന്‍, സന്തോഷിക്കാന്‍, തല ഉയര്‍ത്തി നടക്കാന്‍ നമുക്ക്‌ കഴിയണം.
വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷം പത്താം അദ്ധ്യായം പത്താം വാക്യത്തില്‍ യേശുവിന്റെ വാക്കുകള്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'അവര്‍ക്കു ജീവന്‍ ഉണ്ടാകാനും സമൃദ്ധി ഉണ്ടാകാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്‌.' അതായത്‌, യേശു വന്നിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ ജീവനും സമൃദ്ധിയായ ജീവനും നല്‍കാനാണ്‌. ഇതാണ്‌ യേശുവിന്റെ വാഗ്‌ദാനം. ചിന്തിക്കുക! അങ്ങനെയെങ്കില്‍, ഈ വാഗ്‌ദാനങ്ങള്‍ എങ്ങനെ അനുഭവമാക്കിത്തീര്‍ക്കാം?
അതിന്റെ മാര്‍ഗം ദൈവവചനത്തിന്റെ വാഗ്‌ദാനം അനുസരിച്ച്‌ നാം ജീവിക്കണം. അത്‌ നമ്മുടേതായി അംഗീകരിക്കണം. സത്യവചനം നമ്മുടെ പാതയ്‌ക്കു വെളിച്ചമാണ്‌. പക്ഷേ, ഈ വെളിച്ചം നമുക്കില്ലെങ്കിലോ, ഈ വചനം നമ്മുടെ കൈയില്‍ ഇല്ലെങ്കിലോ നാം എന്തു ചെയ്യും? ആധ്യാത്മിക ചിന്തകള്‍ നമ്മെ സംസ്‌ക്കാര ശുദ്ധിയിലേക്കു നടത്തും. പാപസ്വഭാവത്തില്‍ നിന്നു നമ്മെ രക്ഷിക്കും. നിങ്ങളുടെ സമീപത്തു നില്‍ക്കുന്ന വ്യക്‌തിയെ സഹോദരനായി കണ്ട്‌ സ്‌നേഹിക്കാന്‍ വിശുദ്ധ ഗ്രന്ഥത്തിലെ ചിന്തകള്‍ സഹായിക്കും. പക്ഷേ, അത്‌ തുറന്നു വായിക്കാന്‍ നിങ്ങള്‍ തയാറായിട്ടുണ്ടോ?

Ads by Google
Sunday 09 Sep 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW