രൂപയുടെ മൂല്യം ഡോളറിനെതിരേ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കുതിക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ചരിത്രത്തില്‍ ഇതാദ്യമാണ് രൂപയുടെ മൂല്യം ഇത്രയുമിടിയുന്നത്. ഈവര്‍ഷം ഇതുവരെ ഏഴുശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഡോളറിനെതിരെ രൂപയുടെ 72.12 എന്ന നിലയിലെത്തി. തുര്‍ക്കിയിലെ സാമ്പത്തികമാന്ദ്യം ആഗോളസമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയാണ് വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യമിടിയാനുള്ള പ്രധാന കാരണം. അതേസമയം ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളില്‍ ഏറ്റവും മോശംപ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് നമ്മുടെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
രൂപയുടെ മൂല്യം കുത്തനെ കുതിച്ചുകയറുന്നതും കുത്തനെ ഇടിയുന്നതും നമ്മുടെ സമ്പദ്ഘടനയുടെ താളംതെറ്റിക്കും.
രൂപയുടെ മൂല്യം ഇടിയുന്നതോടെ ഇറക്കുമതിച്ചെലവ് ഉയരും. അങ്ങനെ അസംസ്കൃത എണ്ണ, രാസവളങ്ങള്‍, വാഹനങ്ങള്‍, ഇരുമ്പയിര്, വ്യാവസായിക ആവശ്യത്തിനുള്ള മറ്റു അസംസ്കൃത വസ്തുക്കള്‍ എന്നിങ്ങനെ ഇന്ത്യ വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന എല്ലാത്തിനും കൂടുതല്‍ പണം മുടക്കേണ്ടതായി വരും. ആഭ്യന്തര വിപണിയില്‍ ഈ ഉല്പന്നങ്ങള്ക്കെല്ലാം വില കൂടും. ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതോടെ ധനക്കമ്മി ഉയരും. ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളില്‍ പലതും നമ്മള് ദിവസേന ഉപയോഗിക്കുന്നതല്ലെങ്കിലും അവയുടെ വിലവര്‍ധന നമ്മുടെ കുടുംബ ബജറ്റിനെ പരോക്ഷമായി ബാധിക്കും.
അസംസ്കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് കൂടുമ്പോള്‍ രാജ്യത്തെ ഇന്ധന റീട്ടെയില്‍ വില കൂടും. ഇന്ധനവില ഗതാഗതച്ചെലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രാജ്യത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ് ഉയരും. ഇതു സാധനങ്ങളുടെ വിലവര്‍ധനയിലേക്കു നയിക്കും. അസംസ്കൃത പദാര്‍ത്ഥങ്ങളുടെ വിലക്കയറ്റം ഇറക്കുമതിച്ചുങ്കങ്ങളുടെ രൂപത്തില്‍ കമ്പനികളുടെ ആസ്തിയെ സമ്മര്‍ദത്തിലാക്കും.
കമ്പനികള്‍ തങ്ങള്‍ക്കുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിലേക്കു കൈമാറാന്‍ നിര്‍ബന്ധിതരാകും. അങ്ങനെ അവശ്യസാധനങ്ങള്‍, എഫ്.എം.സി.ജി. ഉത്പന്നങ്ങള്‍, വാഹനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങള്, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വിലക്കയറ്റം പ്രകടമാകും. ഇതു രാജ്യത്തെ പണപ്പെരുപ്പ തോത് വീണ്ടും ഉയര്‍ത്തും.
രൂപയുടെ ഇടിവും പണപ്പെരുപ്പവും കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്കെത്തിയാല്‍ അവര്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങും. തൊഴില്‍, വേതനം എന്നിവയെ ഇതു പ്രതികൂലമായി ബാധിക്കും. ഇത് രാജ്യത്തെ മൊത്തം ഉപഭോഗത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യും.
രൂപ താഴ്ന്ന നിലയിലെത്തിയാല്‍ കയറ്റുമതി മേഖലയ്ക്കു മെച്ചമുണ്ടാകും. എല്ലാ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്കും ഇതില്‍നിന്ന് നേട്ടമുണ്ടാകും.
വരുമാനത്തിന്റെ സിംഹഭാഗവും വിദേശത്തുനിന്നായതിനാല് രൂപ താഴുന്നത് അത്തരം കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന വരുത്തും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയിലും മരുന്നു ഉല്പാദക മേഖലയിലും അതോടൊപ്പം വിദേശങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളുടെ വരുമാനത്തില്‍ വരുന്ന വര്‍ധന അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. അമേരിക്കയിലും കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അവരുടെ വിദേശശമ്പളവും മറ്റു വരുമാനമാര്‍ഗങ്ങളും ഇന്ത്യന്‍ കറന്‍സിയിലേക്ക് വിനിമയം ചെയ്യുമ്പോള്‍ ലഭിക്കുന്ന വര്‍ധന ബാങ്ക് വായ്പയെടുത്ത് വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും.
ഒരുരാജ്യത്തെ കറന്‍സിക്ക് മറ്റു നാട്ടുകാര്‍ക്ക് സാധാരണഗതിയില്‍ മൂന്നു കാര്യത്തിനാണ് ആവശ്യം വരുന്നത്. ഒന്ന് നമ്മള് ഇവിടെയുണ്ടാക്കുന്ന എന്തെങ്കിലും സാധനം വാങ്ങാന്‍, രണ്ട് വിദേശങ്ങളില്‍നിന്ന് ഇന്ത്യകാണാന്‍ വരാന്‍, മൂന്നാമത് നമ്മുടെ നാട്ടില്‍നിന്നു പുറത്തുപോയവര്‍ക്ക് നാട്ടിലേക്ക് വിദേശത്തുനിന്നു പണം അയയ്ക്കാന്‍. കയറ്റുമതി കൂടുമ്പോഴും നാട്ടിലേക്കു കൂടുതല്‍ വിദേശികള്‍ വരുമ്പോഴും നാട്ടിലേക്ക് പ്രവാസികള്‍ കൂടുതല്‍ പണം അയയ്ക്കുമ്പോഴും കറന്‍സിയുടെ വില കൂടും. ഇറക്കുമതി ചെയ്യുമ്പോഴും നമ്മുടെ നാട്ടില്‍നിന്നു വിദേശത്തേക്ക് ആളുകള്‍ പോകുമ്പോഴും നമ്മുടെ നാട്ടില്‍ ജോലിചെയ്ത് ആളുകള്‍ പണം അവരുടെ നാട്ടിലേക്ക് അയയ്ക്കുമ്പോഴും നമുക്ക് മറ്റു രാജ്യങ്ങളുടെ കറന്‍സിയുടെ ആവശ്യം വരും. ഈ സാഹചര്യത്തില്‍ നമുക്ക് അകത്തേക്ക് വരുന്ന വിദേശനാണ്യത്തിലും കൂടുതല്‍ ആണോ പുറത്തേക്ക് പോകുന്നത് എന്നതിനെ അനുസരിച്ചായിരിക്കും നമ്മുടെ കറന്‍സിയുടെ കമ്പോള വില.
ഒരു രാജ്യത്തിന്റെ കറന്‍സിയുടെ ആവശ്യകത കൂട്ടാന്‍ ആധുനിക ലോകത്ത് രണ്ടു കാരണംകൂടി ഉണ്ട് . ഒന്നാമത് വിദേശത്തുള്ള ആളുകളോ പ്രസ്ഥാനങ്ങളോ നമ്മുടെ നാട്ടില്‍ നിക്ഷേപം നടത്തിയാല്‍ (നേരിട്ടോ വിപണിയിലോ) നമ്മുടെ കറന്‍സിക്ക് വില കൂടും. ഇത് ഇന്ത്യക്കിപ്പോള്‍ വളരെ ബാധകമാണ്. രണ്ടാമത്തെ കാര്യം ആളുകള്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുപോലെ മറ്റുരാജ്യങ്ങളുടെ കറന്‍സി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു ബിസിനസുണ്ട്.
വിവിധ രാജ്യങ്ങളില്‍ അവരുടെ കറന്‍സി മാനേജ്മെന്റിന്റെ ഭാഗമായി ഇതുചെയ്യാം. വന്‍കിട ബാങ്കുകളും സ്ഥാപനങ്ങളുമൊക്കെ ഈ ബിസിനസ് ചെയ്യും. വെറുതെ ഓഹരിവിപണിയില്‍ കളിക്കുന്നപോലെ കറന്‍സി മാര്‍ക്കറ്റില്‍ കളിക്കുന്നവരും ഉണ്ട്. ഇവരെല്ലാം കറന്‍സി വാങ്ങിക്കൂട്ടിയാല്‍ ഒരുരാജ്യത്തിന്റെ കറന്‍സിയുടെ വില കുത്തനെ കൂടും. വളരെ ചെറിയ ഇക്കണോമി ആണെങ്കിലും സ്വിസ് ഫ്രാങ്കിന്റെ ശക്തിയുടെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നിതാണ്. ഇന്ത്യന്‍ രൂപ പക്ഷേ ഇങ്ങനെ ആഗോളവിപണിയില്‍ കാശുണ്ടാക്കാന്‍ മാത്രം നിയമപരമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ പാടില്ല. കൈക്കൂലിയായും കള്ളപ്പണമായും ഉണ്ടാക്കുന്ന പണം എങ്ങനെയെങ്കിലും നാടുകടത്താന്‍ ശ്രമിക്കുന്നവര്‍ വിദേശനാണ്യം ലഭിക്കാന്‍ നമ്മുടെ കറന്‍സി കമ്പോളവിലയിലും വില കുറച്ചു കൊടുക്കും. അങ്ങനെ നമ്മുടെ കറന്‍സിയുടെ വില താഴും. അതുകൊണ്ടാണ് ഈ ഹവാല പ്രസ്ഥാനം രാജ്യദ്രോഹമാകുന്നത്.
ഒരു രാജ്യത്തിന്റെ കറന്‍സിയുടെ വില അവിടത്തെ റിസര്‍വ് ബാങ്കിന് വേണമെങ്കില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കാം. ഗള്‍ഫ് രാജ്യങ്ങള്‍ മിക്കതിലും അവരുടെ കറന്‍സി അമേരിക്കന്‍ ഡോളറുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ് (ഉദാഹരണം: ഒരു ഒമാനി റിയാല്‍ 2.6 അമേരിക്കന്‍ ഡോളര്‍, ഒരു ഡോളര്‍ 3.67 യുഎഇ ദിര്‍ഹം എന്നിങ്ങനെ). ഡോളര്‍ മുന്നോട്ടുപോയാല്‍ ദിര്‍ഹവും റിയാലും ഒക്കെ മുന്നോട്ട്.
ഡോളറിന്റെ മൂല്യം ഇടിഞ്ഞാല്‍ അവ പുറകോട്ട്. അതു ചെയ്യണമെങ്കില്‍ ആ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ധാരാളം ഡോളര്‍ കൈവശംവയ്ക്കണം. ആ നാട്ടിലെ കറന്‍സിയുടെ വില കുറയുന്നു എന്നുകണ്ടാല്‍ ഡോളര്‍ കമ്പോളത്തില്‍ ഇറക്കി നാട്ടിലെ കറന്‍സി വാരിക്കൂട്ടാന്‍ കഴിയണം. ഗള്‍ഫിലെ പ്രധാന ഉല്പന്നം എണ്ണ ആയതുകൊണ്ടും എണ്ണയുടെ കച്ചവടം പ്രധാനമായും ഡോളറില്‍ നടത്തുന്നതുകൊണ്ടും അവര്‍ക്കിത് എളുപ്പമാണ്.
ഒരുരാജ്യത്തെ കറന്‍സിയുടെ തുടക്കവില എന്താണെങ്കിലും കറന്‍സിയുടെ മൂല്യം ആപേക്ഷികമായി ഉയരുന്നതാണ് നല്ലതെന്നു പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും അതും ശരിയല്ല. കറന്‍സിയുടെ മൂല്യമുയര്‍ന്നാല്‍ നമ്മള് കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ വില രാജ്യാന്തര വിപണിയില്‍ കൂടും.
യൂറോയുമായുള്ള അനുപാതത്തില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഉയരുകയും പാകിസ്താന് കറന്‍സിയുടെ മൂല്യം ഉയരാതിരിക്കുകയും ചെയ്തു എന്നു കരുതുക. അപ്പോള്‍ യൂറോപ്യന്‍ വിപണിയില്‍ പാകിസ്താന് അരിയുടെയും മാങ്ങയുടെയും വില ഇന്ത്യന്‍ അരിയേക്കാളും മാങ്ങയേക്കാളും കുറയും. അതാളുകള്‍ കൂടുതല്‍ വാങ്ങും. അതു വരാതിരിക്കണമെങ്കില്‍ നമ്മള് പഴയതിലും വില കുറച്ച് അരിയും മാങ്ങയും കയറ്റുമതി ചെയ്യണം. അപ്പോള്‍ നമ്മുടെ കയറ്റുമതിക്കാര്‍ക്ക് നഷ്ടം പറ്റും.
വിനോദസഞ്ചാരികളുടെ കാര്യവും ഇതുപോലെയാണ്. ഇന്ത്യന്‍ രൂപ ശക്തമാകുകയും ശ്രീലങ്കന്‍ രൂപ മാറാതിരിക്കുകയും ചെയ്താല്‍ ശ്രീലങ്കയിലെ ഹൗസ്ബോട്ടിന് ആലപ്പുഴയിലേതിനേക്കാള് വിലകുറയും. വിദേശികള്‍ അങ്ങോട്ടുപോകും. ചിലപ്പോള്‍ നാട്ടുകാരും. നമ്മുടെ കറന്‍സി ശക്തിപ്രാപിച്ചാല്‍ വിദേശത്തുനിന്നുള്ള ആഡംബരവസ്തുക്കള്‍ നമ്മള് കൂടുതലുപയോഗിക്കും. കൂടുതലാളുകള്‍ വിദേശയാത്രയ്ക്ക് പോകുകയും ചെയ്യും. ഇതെല്ലാം ആഭ്യന്തര വിപണിക്ക് നല്ലതായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങള്‍, നമ്മളുമായി കയറ്റുമതിയില്‍ മത്സരിക്കുന്ന രാജ്യങ്ങള്‍, ഇവിടത്തെ ഒക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുവേണം നമ്മുടെ കറന്‍സിയുടെ വില നിശ്ചയിക്കാന്‍.
നമ്മുടെ രൂപയുടെ വിലയൊക്കെ അത്ര കുതിച്ചു കയറാത്തത് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണമാകുന്നത് അതുകൊണ്ടാണ്. നമ്മുടെ കറന്‍സിയുടെ വില കുത്തനെ താഴേക്ക് വരുന്നതും ഗുണമല്ല. അതു നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കു തിരിച്ചടിയാകും.
ജോയ് എം. മണ്ണൂര്‍