Saturday, July 20, 2019 Last Updated 27 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.21 AM

നവകേരള നിര്‍മാണത്തില്‍ സുതാര്യതയുടെ പ്രസക്‌തി

uploads/news/2018/09/247160/bft2.jpg

മലയാളികള്‍ മാത്രമല്ല, ഭാരതജനത മുഴുവനും മറ്റു രാജ്യങ്ങളും ഈ ദാരുണ സംഭവത്തില്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നത്‌ ആശ്വാസകരമായ സംഗതിയാണ്‌. മറ്റു രാജ്യങ്ങളുടെ സാമ്പത്തിക സഹായം ഇന്ത്യക്കു ആവശ്യമില്ല എന്നു ശഠിക്കുന്നത്‌ ശരിയല്ല. നിയമപരമായ തടസമുണ്ടെങ്കില്‍ അതു മാറ്റുവാന്‍ അധികാരികള്‍ മുന്നോട്ടുവരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഇപ്പോള്‍തന്നെ 1100 കേടി രൂപയോളം എത്തിക്കഴിഞ്ഞു. കൂടുതല്‍ തുക എത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ സന്നദ്ധ സംഘടനകളും റോട്ടറി, ലയണ്‍സ്‌, വൈസ്‌മെന്‍, വൈ.എം.സി.എ, വൈ.ഡബ്ല്യു.സി.എ., ഇന്നര്‍വീല്‍ ക്ലബ്‌ മുതലായ സാമൂഹ്യ സേവന പ്രസ്‌ഥാനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്‌. ഉദാഹരണത്തിന്‌ റോട്ടറി ക്ലബിന്റെ കേരളത്തിലെ മൂന്നു റോട്ടറി ഡിസ്‌ട്രിക്‌ടുകള്‍ ചേര്‍ന്ന്‌ ഭവനരഹിതരായ 300 കുടുംബങ്ങള്‍ക്ക്‌ വീടുകള്‍ നല്‍കാനുള്ള പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എഴുപതിനായിരത്തിലധികം മനുഷ്യജീവനുകളെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച നമ്മുടെ മത്സ്യത്തൊഴിലാളി സേനയുടെ സേവനം കേരളത്തിന്‌ ഒരുകാലത്തും വിസ്‌മരിക്കാന്‍ സാധ്യമല്ല. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ അവരുടെ അഭിപ്രായങ്ങളും സേവനങ്ങളും വേണ്ടവിധം പ്രയോജനപ്പെടുത്തണം. ഓഖി ദുരന്തനിവാരണത്തിനുവേണ്ടി സ്വരൂപിച്ച ഫണ്ട്‌ ഇനിയും കൊടുത്തുതീര്‍ക്കുവാനുണ്ടെങ്കില്‍ അതിനിയും താമസിച്ചുകൂടാ.
നവകേരള നിര്‍മാണത്തിന്‌ ഒഴുകി എത്തുന്ന കോടിക്കണക്കിനുള്ള തുകകള്‍ ഏറ്റവും സുതാര്യമായി ചെലവഴിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. ചില നിര്‍ദേശങ്ങള്‍ വയ്‌ക്കട്ടെ:
1. ഈ ഫണ്ടിന്റെ വരവുകളും ചെലവുകളും നിയന്ത്രിക്കുവാനായി മുഖ്യമന്ത്രി ചെയര്‍മാനായി ഒരു ഉന്നതാധികാര സമിതി ഉണ്ടായിരിക്കണം. കക്ഷിരാഷ്‌ട്രീയമോ ജാതിമത ചിന്തകളോ ഒന്നും അതില്‍ വരാന്‍പാടില്ല. സത്യസന്ധതയും അനുഭവജ്‌ഞാനവുമുള്ള ഡോക്‌ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍, സി.ഇ.ഒമാര്‍, ന്യായാധിപന്മാര്‍ (നിയമതടസമില്ലെങ്കില്‍), ജനസമ്മതിയുള്ള രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്‌ അഭികാമ്യമായിരിക്കും. ഈ ഉന്നതാധികാര സമിതിയുടെ കോ-ചെയര്‍മാനായി സര്‍വസമ്മതനായ ഒരു വ്യക്‌തിയെ നിയമിക്കുക. സകല വരവുകളുടെയും ചെലവുകളുടെയും പ്രവര്‍ത്തനങ്ങളുടെയും മേല്‍ അദ്ദേഹത്തിന്‌ അധികാരമുണ്ടായിരിക്കണം. പേരു നിര്‍ദേശിക്കുന്നതില്‍ തെറ്റില്ലെങ്കില്‍ എന്റെ മനസു പറയുന്നു- മെട്രോമാന്‍ ഇ. ശ്രീധരന്‍. അദ്ദേഹത്തിന്റെ സുതാര്യതയെയും കാര്യക്ഷമതയെയും ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ സമയപരിധിക്കുള്ളില്‍ തീര്‍ക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവുകളെയും ആരും ചോദ്യം ചെയ്യുമെന്നു തോന്നുന്നില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കാമെന്ന്‌ അദ്ദേഹത്തിന്റെ ഒരു കുറിപ്പ്‌ പത്രങ്ങളില്‍ കണ്ടു.
2. ഡിസ്‌ട്രിക്‌ട് ലെവലില്‍ കലക്‌ടര്‍ ചെയര്‍മാനായി മേല്‍പറഞ്ഞതുപോലുള്ള കഴിവുള്ള വ്യക്‌തികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുക.
3. പഞ്ചായത്തു ലെവലില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനായി ഇതേവിധത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കുക.
4. വിദേശ മലയാളി സംഘടനകള്‍, കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനകള്‍, മാധ്യപ്രവര്‍ത്തകര്‍, പോലീസ്‌ അധികാരികള്‍, നിയമജ്‌ഞര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ബാങ്കേഴ്‌സ് മുതലായവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ നടത്തി അതില്‍നിന്നുരുത്തിരിയുന്ന നല്ല ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക.
5. കേരളം കരകയറുന്നതുവരെ അര്‍ഥശൂന്യമായ ഹര്‍ത്താലുകള്‍, ബന്ദുകള്‍ ഒരു പാര്‍ട്ടിയും നടത്താതിരിക്കുക.
6. വിവാഹങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം ആര്‍ഭാടരഹിതമാക്കി ലാഭിക്കുന്ന തുക കേരള പുനര്‍നിര്‍മാണത്തിനു സംഭാവന നല്‍കുക.
7. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത അടിയന്തര സഹായം (10000 രൂപ ഉള്‍പ്പെടെ) ഇതുവരെയും കൊടുത്തിട്ടില്ലാത്തവര്‍ക്ക്‌ എത്രയും വേഗം കൊടുത്തുതീര്‍ക്കുക.
8. വരവു ചെലവു കണക്കുകളും ഫണ്ടിന്റെ ഉപയോഗവും പൊതുജനങ്ങളുടെ അറിവിലേക്കായി വെബ്‌സൈറ്റിലും ദിനപത്രങ്ങളിലും രണ്ടാഴ്‌ചയിലൊരിക്കല്‍ പ്രസിദ്ധീകരിക്കുക. ഇത്ര ഭീമമായ തുകകള്‍ വന്നുചേരുന്ന പ്രളയ ദുരിതാശ്വാസ ഫണ്ടിന്‌ ഒരു പ്രത്യേക ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങേണ്ടത്‌ അഭികാമ്യമാണ്‌. അത്‌ സുതാര്യതയ്‌ക്ക് ആക്കം കൂട്ടുകയും ചെയ്യും.
നമുക്ക്‌ ഒത്തൊരുമിച്ച്‌ കൈകോര്‍ക്കാം. ഈ മഹാദുരന്തത്തില്‍നിന്നും കേരളത്തെ രക്ഷിക്കാം. ഇപ്പോള്‍ കാണിക്കുന്ന ഈ സാഹോദര്യവും സ്‌നേഹവും എന്നെന്നും നിലനിര്‍ത്താം. പ്രകൃതിയെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന നമുക്ക്‌ പ്രകൃതികാണിച്ച ഒരു പ്രതികാരം എന്നു ഇതിനെ വിശേഷിപ്പിക്കാം. പ്രകൃതിയെ ഇനിയെങ്കിലും ഉപദ്രവിക്കാതെ നോക്കാം. എല്ലാറ്റിനും സുതാര്യത മുഖമുദ്രയാക്കാം. എങ്കില്‍ തീര്‍ച്ചയായും നവകേരളം ഒരു കൈപ്പാടകലെ മാത്രം!

ജോയി ഐപ്പ്‌

Ads by Google
Sunday 09 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW