Saturday, June 29, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.16 AM

മഹാപ്രളയം ബാക്കിവയ്‌ക്കുന്ന ചോദ്യങ്ങള്‍

uploads/news/2018/09/247159/bft3.jpg

പ്രളയമൊഴിഞ്ഞു. ഇനി അതിജീവനത്തിനായുള്ള അത്യധ്വാനം. ആയുസില്‍ സ്വരുക്കൂട്ടിയതെല്ലാം ഞൊടിയിടകൊണ്ടു നഷ്‌ടപ്പെട്ടിടത്തുനിന്ന്‌ ഇനി ഒന്ന്‌ എന്നു തുടങ്ങണം. ദുരന്തം ഒഴിഞ്ഞെങ്കിലും ദുരിതം ഒഴിയാത്ത അവസ്‌ഥ. പ്രളയ ദുരന്തത്തിന്റെ നടക്കുന്ന ഓര്‍മകള്‍ പേക്കിനാവുപോലെ കടന്നുവരികയാണ്‌.
നിരാശയ്‌ക്കു സ്‌ഥാനമില്ല. നീളുന്ന കരുണാദ്രമായ കരങ്ങള്‍ അത്രകണ്ട്‌ ഉത്തേജകജനകമാണ്‌. മഹാപ്രളയകാലത്തെ രക്ഷാദൗത്യത്തില്‍ ഒറ്റക്കെട്ടായി അണിനിരന്ന ജനങ്ങള്‍, കേരളത്തിന്റെ സൈന്യമായി മുന്നില്‍നിന്ന മത്സ്യത്തൊഴിലാളികള്‍, സേവന സന്നദ്ധരായ സൈനികര്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍... പുതുതലമുറയുടെ തിളക്കം കണ്ട നാളുകള്‍, മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍, ചെറുതും വലുതുമായ സന്നദ്ധ സംഘടനകള്‍. കേരളം ഒന്നായിനിന്ന നാളുകള്‍. ഇനി നമുക്ക്‌ ധൈര്യമായിത്തന്നെ ചുവടുവയ്‌ക്കാം. കേരളത്തിന്റെ പുനര്‍നിര്‍മിതിക്കുവേണ്ടിത്തന്നെ.
അവിടെയാണു നമ്മുടെ ഉത്തരവാദിത്വവും ലക്ഷ്യബോധവും അതിലേക്കുള്ള മാര്‍ഗവും ഒക്കെ പ്രധാനമാവുന്നത്‌. സുതാര്യത സുപ്രധാനവും. വിദഗ്‌ധരുടെയും അനുഭവജ്‌ഞാനമുള്ളവരുടേയും ഉപദേശ നിര്‍ദേശങ്ങള്‍ക്കു ചെവികൊടുക്കണം.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്‌ഥാപനമായ കെ.പി.എം.ജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞു. പുനര്‍നിര്‍മാണം വികസിത രാജ്യങ്ങളുടെ നിലവാരത്തിലാക്കാന്‍ സാങ്കേതിക സഹായം നല്‍കുമെന്ന്‌ അവര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌്
മറ്റൊരു രാജ്യത്തു നടപ്പാക്കിയ വികസന പദ്ധതികളുടെ മാതൃക പകര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ.പി.എം.ജി. ഇന്ത്യാ ചെയര്‍മാനും സി.ഇ.ഒ. യുമായ അരുണ്‍ എം. കുമാര്‍ പറഞ്ഞു. പകരം, കേരളത്തിന്റെ ഭൂമിശാസ്‌ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ വിലയിരു ത്തിയാണു പുനര്‍നിര്‍മാണ രൂപരേഖ തയാറാക്കുക.
അവിടെയാണു പ്രളയ കാരണങ്ങള്‍ കൂടുതല്‍ പ്രസക്‌തമാവുന്നത്‌. വര്‍ഷകാലത്ത്‌ അണക്കെട്ടുകള്‍ നിറയുന്നതുവരെ കാത്തിരുന്നശേഷം ഒരുമിച്ചു തുറന്നുവിട്ടവര്‍ക്ക്‌ ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്വവുമില്ലേ? അണക്കെട്ട്‌ തുറക്കാന്‍ രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ എത്രമാത്രം പാലിച്ചിട്ടുണ്ട്‌ എന്നതിന്‌ ഒരു ജുഡീഷ്യല്‍ പരിശോധന അഭികാമ്യമല്ലേ?
ശാസ്‌ത്രീയ സംവിധാനങ്ങള്‍ എല്ലാം നിലവിലുള്ളപ്പോള്‍ വെള്ളപ്പൊക്കം മുന്‍കൂട്ടിക്കാണാന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്‌ പ്ര?സീജിയര്‍ ഫോര്‍ ഫ്‌ളഡ്‌ ഫോര്‍കാസ്‌റ്റിങ്‌(എസ്‌.ഒ.പി.) തയാറാക്കുന്നതിനു കേരളം കേന്ദ്ര ജല കമ്മിഷന്‌ അപേക്ഷ പോലും നല്‍കാതിരുന്നത്‌ വീഴ്‌ചയല്ലാതെ മറ്റെന്താണ്‌?
പ്രളയകാരണം ഡാം തുറന്നു വിട്ടതല്ലെന്നും പ്രളയം ഇനി വന്നാലും ജനം ദുരന്തത്തിലാവുമെന്നും ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍. ഉത്തരവാദിത്വനിര്‍വഹണത്തിലെ പരാജയം മറച്ചുപിടിക്കുന്ന ഡാം സുരക്ഷാ അതോറിറ്റി ഉടന്‍ പിരിച്ചുവിടണം.
82 അണക്കെട്ടുകളാണു കേരളത്തില്‍. പ്രളയ കാഠിന്യം കുറയ്‌ക്കുന്ന തരത്തില്‍ ശാസ്‌ത്രീയമായി അതു ഉപയോഗിക്കപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ ആ വീഴ്‌ച നമ്മുടേതാണ്‌; ഡാമുകളുടേതല്ല. ഡാമുകളത്രയും വൈദ്യുതി വകുപ്പിനും ജലസേചന വകുപ്പിനും കീഴിലാണ്‌. ഇതിന്റെ പ്രവര്‍ത്തനത്തിനുള്ള ഓപ്പറേഷന്‍ മാനുവലുകള്‍ക്ക്‌ പക്ഷേ, എന്തിനാണ്‌ ഈ രഹസ്യാത്മകത?
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ്‌ അണക്കെട്ടുകള്‍ തുറക്കുന്നതെന്നു ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ആവര്‍ത്തിക്കുന്നുണ്ട്‌. ചില ജില്ലാ കലക്‌ടര്‍മാരെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നതാണു വസ്‌തുത.
അതിതീവ്ര മഴയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാ വകുപ്പു മുന്നറിയിപ്പു നല്‍കാതിരുന്നതുകൊണ്ടാണു ഡാമുകള്‍ നേരത്തെ തുറക്കാതിരുന്നതെന്നാണു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്‌.
മുന്നറിയിപ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ തുറക്കേണ്ടതായിരുന്നുവെന്നു മറുപടിയില്‍ വ്യക്‌തം. എന്നാല്‍ മുന്നറിയിപ്പ്‌ യഥാസമയം നല്‍കിയിരുന്നുവെന്നു തീയതിയും സമയവും ചൂണ്ടിക്കാട്ടി കാലാവസ്‌ഥാവകുപ്പ്‌ ആവര്‍ത്തിക്കുന്നു. അപ്പോള്‍ എവിടെയാണു പിഴച്ചത്‌?
ദുരിതാശ്വാസനിധിയിലേക്കു സഹായ പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ തുക മറ്റൊന്നിനും ഉപയോഗിക്കാന്‍ ഇടയാവരുത്‌. ദുരിതാശ്വാസ നിധിക്കു പ്രത്യേക അക്കൗണ്ട്‌ വേണമെന്ന ആവശ്യത്തിന്‌ എന്തിനാണ്‌ പുറംതിരിഞ്ഞുനില്‍ക്കുന്നത്‌?
ദുരന്തത്തിന്റെ പേരിലുള്ള ഏത്‌ ആര്‍ഭാടവും അശ്ലീലമാണ്‌. മന്ത്രിമാര്‍ നടത്താന്‍പോകുന്ന വിദേശയാത്രകള്‍ ആര്‍ഭാടമല്ലേ? അതുകൊണ്ടുതന്നെ അശ്ലീലമല്ലേ?
പ്രളയക്കെടുതിയെയും പ്രളയാനന്തര പുനര്‍നിര്‍മാണത്തെയുംകുറിച്ചു ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ദുരന്തമുഖത്ത്‌ സജീവമായിരുന്ന എം.എല്‍.എമാരായ സജിചെറിയാനും രാജു ഏബ്രഹാമും പങ്കെടുക്കാതെ തോമസ്‌ ചാണ്ടിയും അന്‍വറും രാജേന്ദ്രനും പങ്കെടുത്തതും പുത്തന്‍ പരിസ്‌ഥിതി വിജ്‌ഞാനം പ്രദര്‍ശിപ്പിച്ചതും നല്‍കുന്ന സന്ദേശം ശുഭകരമല്ല. ദുരന്തങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ചുമതലകളും ഉത്തരവാദിത്വവും എന്താണ്‌? നവ കേരള നിര്‍മിതി എന്ന ബൃഹദ്‌ സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണു കടമ.

ജോസഫ്‌ എം. പുതുശേരി

Ads by Google
Sunday 09 Sep 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW