ന്യൂഡല്‍ഹി: രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വിപണി കുതിക്കുന്നു. ഓഗസ്റ്റില്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപം റെക്കോഡ് ഉയരം കീഴടക്കി 25 ലക്ഷം കോടി പിന്നിട്ടു. ജൂലൈയെ അപേക്ഷിച്ച് 8.41 ശതമാനം വളര്‍ച്ചയാണ് വിപണി കാഴ്ചവച്ചത്. റീട്ടെയില്‍ വിപണിയില്‍നിന്നുള്ള മികച്ച പ്രതികരണമാണ് വിപണിയുടെ കുതിപ്പിനു കാരണം.
മ്യൂച്വല്‍ഫണ്ട് വിപണിയിലെ 42 കമ്പനികളുംകൂടി ജൂലൈയില്‍ മൊത്തം കൈകാര്യം ചെയ്തത് 23.06 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മ്യൂച്വല്‍ഫണ്ട് വിപണിയുടെ മൊത്തം ആസ്തി 20.6 ലക്ഷം കോടിയായിരുന്നു.
വ്യാവസായി ബോഡിയുടെ കൃത്യമായ ഇടപെടലാണ് റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍(എസ്.ഐ.പി) ആണ് റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിച്ചത്. കൃത്യമായ ഇടവേളകളില്‍ ചെറിയ തുക അടച്ചാല്‍ മതിയെന്നതാണ് എസ്.ഐ.പിയുടെ പ്രത്യേകത.
ഫണ്ട് മാനേജരുടെ ഇടപെടല്‍ മൂലം നഷ്ടസാധ്യത കുറവാണെന്നതും ബാങ്ക് നിക്ഷേപത്തേകാള് ആദായം ഉറപ്പാണെന്നതും എസ്.ഐ.പിയുടെ മേന്മയാണ്. 2014 മേയിലാണ് മ്യൂച്വല്‍ഫണ്ട് വിപണി 10 ലക്ഷം കോടി ആസ്തിയെന്ന നാഴികക്കല്ല് പിന്നിട്ടത്. 2017 ഓഗസ്റ്റില്‍ 20 ലക്ഷം കോടി പിന്നിട്ട വിപണി ചുരുങ്ങിയ സമയം കൊണ്ടാണ് 25 ലക്ഷം കോടി പിന്നിട്ടത്.