Sunday, July 21, 2019 Last Updated 44 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.08 AM

സുഹൃത്തിനെകൊന്നു കുഴിച്ചുമൂടാന്‍ കാരണം ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന്റെ പക

uploads/news/2018/09/247151/c2.jpg

കൊല്ലം: സുഹൃത്തായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ഗുണ്ടയുടെ നേതൃത്വത്തില്‍ കൊന്നു കുഴിച്ചു മൂടിയത്‌ ഒന്‍പതു വര്‍ഷം മുമ്പു മനോജിന്റെ ഭാര്യയെ രക്ഷപ്പെടുത്തി ഒപ്പം താമസിപ്പിച്ചതിന്റെ പകമൂലം. മുഖ്യപ്രതിയായ ഭര്‍ത്താവിനൊപ്പമുള്ള ജീവിതത്തില്‍ സഹികെട്ട്‌ ആത്മഹത്യയെക്കുറിച്ചു വരെ യുവതി ആലോചിച്ചപ്പോഴായിരുന്നു സുഹൃത്തു രക്ഷപ്പെടുത്തിയത്‌.
കൊറ്റങ്കര പേരൂര്‍ തട്ടാര്‍കോണം അയ്യര്‍മുക്കില്‍ പ്രോമിസ്‌ഡ്‌ ലാന്‍ഡ രഞ്‌ജിത്ത്‌ ജോണ്‍സ(രഞ്‌ജു-40) ണെയാണു തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ കുഴിച്ചുമൂടിയത. ഗുണ്ടാസംഘത്തിലെ അംഗങ്ങളായ കൊല്ലം പരവൂര്‍ പൂതക്കുളം പാണാട്ടുചിറയില്‍ ഉണ്ണി (കൈതപ്പുഴ ഉണ്ണി- 39), വിനേഷ്‌ എന്നിവരെ കിളികൊല്ലൂര്‍ പോലീസ്‌ പിടികൂടിയതിനെത്തുടര്‍ന്നാണ്‌ സംഭവത്തിന്റെ ചുരുളഴിഞ്ഞത്‌.
മുഖ്യപ്രതി ഇരവിപുരം സ്വദേശി മനോജ്‌ (പാമ്പ്‌ മനോജ്‌- 40) ഉള്‍പ്പടെ നാലുപേര്‍ ഒളിവിലാണ്‌.
മനോജിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ്‌ മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച്‌ രഞ്‌ജിത്തിനൊപ്പം ഇറങ്ങിപ്പോയത്‌. ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളെയും ഭയന്നു ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്‌ജിത്ത്‌.
അതേസമയം, സുഹൃത്തിന്റെ ഭാര്യയുമായുള്ള മകന്റെ ബന്ധത്തിനു രഞ്‌ജിത്തിന്റെ മാതാപിതാക്കള്‍ക്കു നീരസമുണ്ടായിരുന്നു. ഇതുമൂലം ഇരുവരും കുടുംബവീട്ടില്‍ നിന്നു താമസം മാറി. കുറച്ചുനാള്‍ മുമ്പുവരെ വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്‌.
മുന്തിയ ഇനം പ്രാവുകളുടെയും മുയലുകളുടെയും ബിസിനസ്‌ നടത്തുന്ന രഞ്‌ജിത്‌, തനിക്കെതിരേ വധഭീഷണിയുണ്ടെന്നു മനസിലാക്കിയ വീടിനു പുറത്തിറങ്ങാറില്ലായിരുന്നു. എന്നാല്‍, സുഹൃത്തുക്കളുടെ സഹായത്തോടെ മനോജ്‌ ഇയാളെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കഴിഞ്ഞമാസം 15 നു കൊലപ്പെടുത്തിയെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
പ്രാവിനെ വാങ്ങാനെന്ന വ്യാജേനയാണ്‌ സുഹൃത്തുക്കള്‍ വീട്ടിലെത്തിയത്‌. പിന്നീട്‌ മനോജ്‌ തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തിയെന്നാണു കസ്‌റ്റഡിയിലുള്ള ഉണ്ണിയുടെ മൊഴി. ഇയാളുടെ ആദ്യ മൊഴികള്‍ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്‌ജിത്തിനെ കാറില്‍ നിന്ന്‌ ഇത്തിക്കര ആറ്റില്‍ തള്ളിയെന്നായിരുന്നു ആദ്യം പറഞ്ഞത്‌. തുടര്‍ന്നു വിശദമായ ചോദ്യം ചെയ്യലിലാണു ചാത്തന്നൂര്‍ പോളച്ചിറ ഏലയിലാണ്‌ കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്‌.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി, തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്ക്‌ പോയി. കൊലനടത്തിയതിന്‌ പിറ്റേദിവസം തിരുനെല്‍വേലിക്ക്‌ 15 കിലോമീറ്റര്‍ ദൂരെ സമുന്ദാപുരം പൊന്നക്കുടിയില്‍ കുഴിയില്‍ മൃതദേഹം തള്ളിയശേഷം മണ്ണിട്ടു മൂടി. രാത്രി തന്നെ സംഘം നാട്ടില്‍ തിരിച്ചെത്തി. ഓഗസ്‌റ്റ്‌ 20ന്‌ മകനെ കാണാനില്ലെന്നു കാട്ടി അമ്മ ട്രീസ ജോണ്‍സണ്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തെ തുടര്‍ന്ന്‌ കസ്‌റ്റഡിയിലെടുത്ത ഉണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ രഞ്‌ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പോലീസ്‌ സംഘം സമുന്ദാപുരത്തേക്ക്‌ പോയി. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്‌ടങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം കഴിഞ്ഞദിവസം രാത്രിയോടെ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കൈയിലെ പച്ചകുത്തിയ അടയാളമാണ്‌ ആളെ തിരിച്ചറിയാന്‍ സഹായിച്ചത്‌.
കുപ്രസിദ്ധ ഗുണ്ടയായ മനോജ്‌ പോലീസ്‌, എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച കേസുകളില്‍ പ്രതിയാണ്‌. ഇയാളും സംഘവും ജില്ലയിലെ പ്രധാന കഞ്ചാവു വില്‍പ്പനക്കാരാണെന്നു പോലീസ്‌ പറഞ്ഞു. മനോജിനെതിരേ ഇരവിപുരം, കൊട്ടിയം പരവൂര്‍ സ്‌റ്റേഷനുകളില്‍ അടിപിടിക്കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Ads by Google
Sunday 09 Sep 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW