Sunday, September 09, 2018 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.08 AM

ട്രെയിനില്‍നിന്ന്‌ കാണാതായ സൈനികന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

uploads/news/2018/09/247148/c5.jpg

അടൂര്‍: അവധിക്കു നാട്ടിലേക്കു വരുന്ന വഴി ട്രെയിനില്‍ കാണാതായ സൈനികന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു. മണ്ണടി ആര്‍ദ്ര ഭവനില്‍ വി. അനീഷ്‌ കുമാര്‍ (37) ആണ്‌ മരിച്ചത്‌. മധ്യപ്രദേശിലെ ആംല പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ റെയില്‍വേ ട്രാക്കിനു സമീപം നിന്നുമാണ്‌ മൃതദേഹം കണ്ടെത്തിയതെന്ന്‌ ഏനാത്ത്‌ പോലീസ്‌ പറഞ്ഞു.
കാശ്‌മീരില്‍ മദ്രാസ്‌ റെജിമെന്റില്‍ നായിക്‌ ആയ അനീഷ്‌കുമാറിന്‌ കഴിഞ്ഞ മൂന്നിനാണ്‌ നാട്ടിലേക്കു വരാന്‍ അവധി ലഭിച്ചത്‌. നാലിന്‌ രാവിലെ 11 ന്‌ ഡല്‍ഹിയില്‍ നിന്നും കെ.കെ. എക്‌സ്‌പ്രസിന്റെ എ.സി. കമ്പാര്‍ട്ട്‌മെന്റിലാണ്‌ അനീഷ്‌ പുറപ്പെട്ടത്‌.
ചെങ്ങന്നൂരിലേക്കായിരുന്നു ടിക്കറ്റ്‌. അന്ന്‌ രാത്രി 7.45ന്‌ ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിറ്റേന്ന്‌ രാവിലെ ഇതേ കമ്പാര്‍ട്ടുമെന്റില്‍ തന്നെയുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശിയായ സഹപ്രവര്‍ത്തകന്‍ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ സീറ്റില്‍ അനീഷിനെ കണ്ടില്ല. വൈകിട്ടു വരെയും കാണാതായതോടെ അനീഷിന്റെ ബാഗ്‌ തുറന്ന്‌ വീട്ടിലെ ഫോണ്‍ നമ്പര്‍ എടുത്ത്‌ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മലയാളിയെ കൊണ്ട്‌ വീട്ടിലേക്കു വിളിച്ച്‌ അദ്ദേഹത്തെ കാണാനില്ലെന്ന്‌ വിവരം അറിയിക്കുകയായിരുന്നു.
ചെങ്ങന്നൂരില്‍ എത്തുകയാണെങ്കില്‍ അനീഷിന്റെ ബാഗും മറ്റു സാധനങ്ങളും കൊണ്ടുപോകാമെന്ന്‌ ഇയാള്‍ അറിയിച്ചു. വീട്ടുകാര്‍ വ്യാഴാഴ്‌ച ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി. ഭാര്യ ഗീതുവിന്റെ പരാതി പ്രകാരം പോലീസ്‌ അന്വേഷണം നടന്നു വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏനാത്ത്‌ എസ്‌.ഐ. ജി. ഗോപകുമാര്‍ നടത്തിയ അന്വേഷണമാണ്‌ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്‌. ഏറ്റവും ഒടുവിലായി ടവര്‍ ലൊക്കേഷന്‍ കാണിച്ചത്‌ ആംലാ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌. ലൊക്കേഷന്‍ മാപ്പ്‌ അടക്കമുള്ള വിവരങ്ങള്‍ ആര്‍.പി.എഫിനും അനീഷ്‌കുമാറിന്റെ സഹപ്രവര്‍ത്തകര്‍ക്കും പോലീസ്‌ നല്‍കി. എഫ്‌.ഐ.ആറിന്റെ കോപ്പിയും ചിത്രങ്ങളും ഭോപ്പാല്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റു വഴി ആംല പോലീസിനു കൈമാറുകയും ചെയ്‌തു. ആംല പോലീസിന്റെ അന്വേഷണത്തില്‍ റെയില്‍വേ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തി. മരണ കാരണം അന്വേഷിക്കുമെന്ന്‌ അടൂര്‍ ഡിവൈ.എസ്‌.പി ആര്‍. ജോസ്‌ പാഞ്ഞു. അനീഷിന്റെ മക്കള്‍: ആര്‍ദ്ര, ആരാധ്യ (10 മാസം).

Ads by Google
Sunday 09 Sep 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW