മലപ്പുറം: പാണമ്പ്ര ദേശീയപാതയോരത്തെ പെണ്‍വാണിഭ-കഞ്ചാവ് വില്പന കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ്. പരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. തേഞ്ഞിപ്പലം ദേശീയപാതയോരത്തെ വാടക കെട്ടിടം പെണ്‍വാണിഭ-കഞ്ചാവ് മാഫിയകള്‍ താവളമാക്കിയ വിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കാടുമൂടിയ പാണമ്പ്ര ദേശീയപാതയോരത്തെ വാടകകെട്ടിടങ്ങളില്‍ പെണ്‍വാണിഭ- കഞ്ചാവ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി എകസൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എം.ഒ വിനോദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഘത്തിലെ പ്രധാനിയെയും സഹായിയെയുമാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പ്പനക്ക് നേതൃത്വം നല്കുന്ന വയനാട് മേപ്പാടി സ്വദേശി തച്ചക്കോടന്‍ മുസ്തഫ, തമിഴ്നാട് പെന്നക്കോണം സ്വദേശി രാജ എന്നിവരാണ് അറസ്റ്റിലായത്. കെട്ടിടങ്ങളിലും പരിസത്തും നടത്തിയ പരിശോധയില്‍ മൂന്ന് കിലോ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെടുത്തു. കെട്ടിടത്തിന് ചേര്‍ന്നുള്ള കാടുമൂടിയ സ്ഥലത്ത് നിന്ന് പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്ഥലത്ത് പെണ്‍വാണിഭം നടക്കുന്നതായ തെളിവും എകസൈസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ലഹരി കടത്ത് കേസിലെ പ്രതിയാണ് പിടിയിലായ മുസ്തഫയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് മൊത്തമായി കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി. അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെയും പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിതിന് ശേഷം വടകര എന്‍ഡിപിഎസ് കോടതി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബിജു,പ്രജോഷ്കുമാര്‍,അഭിലാഷ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍,ശിഹാബുദ്ദീന്,മായാദേവി,ലിഷ എന്നിവരുടെ പങ്കാളിത്തത്തിലായിരുന്നു റെയ്ഡ്.