Monday, January 21, 2019 Last Updated 25 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

മണ്ണിരയുടെ നാശം : മണ്ണ്‌ അമര്‍ന്നു ജീവവായു കിട്ടാതെ

uploads/news/2018/09/247135/k5.jpg

തൃശൂര്‍: പ്രളയത്തെത്തുടര്‍ന്നു മണ്ണ്‌ അമര്‍ന്നു പോയതോടെ മണ്ണിരയ്‌ക്ക്‌ ആവശ്യമായ ജീവവായു ലഭിക്കാത്ത സ്‌ഥിതി. അതിനാല്‍ ഇവയും ഇരുതലമൂരികളും ആവാസസ്‌ഥലം വിട്ട്‌ പുറത്തുവരുന്നായി വിദഗ്‌ധര്‍. പുറത്തെ ചൂടില്‍ മണ്ണിരയുടെ തൊലി ഉണങ്ങുകയും തീരെ ശ്വസിക്കാന്‍ പറ്റാതാതെ ചത്തു പോവുകയും ചെയ്യുന്നു. മണ്ണിലെ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണിയാണിത്‌. തൊലിയിലൂടെയാണ്‌ അവ ഓക്‌സിജന്‍ ശ്വസിക്കുന്നത്‌.
കഠിനമായ മഴയ്‌ക്കും വെള്ളക്കെട്ടിനും ശേഷം മണ്ണമര്‍ന്നു തറഞ്ഞു വായു സഞ്ചാരമില്ലാതെ കടുപ്പമുള്ളതാകുന്നു. ഉള്‍ക്കൊള്ളാവുന്നതിലധികം വെള്ളം നിറയുമ്പോള്‍ മണ്ണിലെ അറകളില്‍ കുടുങ്ങിക്കിടന്ന വായു പുറത്തുപോകും. ഒരു ബക്കറ്റ്‌ മണ്ണിലേക്ക്‌ വെള്ളം നിറയ്‌ക്കുകയാണെങ്കില്‍ കുമിളകളായി വായു പുറത്തുപോകുന്നത്‌ കാണാം. പ്രളയം വഴിമാറിയ ഭൂമിക്ക്‌ ചൂടിന്റെ കാഠിന്യം കൂടുതല്‍ അനുഭവപ്പെടും. വായു ലഭിക്കാതെ, കഠിനമായ ചൂട്‌ താങ്ങാന്‍ കഴിയാതെയാണ്‌ അവ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്ന്‌ കൃഷി വിദഗ്‌ധയായ രമ കെ. നായര്‍ പറഞ്ഞു.
എന്നാല്‍, വയനാട്ടിലും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിരകളും ഇരുതലമൂരിയടക്കമുള്ള മറ്റു ജീവജാലങ്ങളും ചത്തൊടുങ്ങുന്നതു വരാന്‍പോകുന്ന വറുതിയുടെ നാളുകളുടെ സൂചനയാണെന്നുമുള്ള പ്രചാരണം ശാസ്‌ത്രീയമായി ശരിയല്ലെന്ന്‌ കാര്‍ഷിക വിദഗ്‌ധര്‍ പറഞ്ഞു. കേരളം പ്രകൃതിയുടെ കുരുക്കിലാണെന്നും സംസ്‌ഥാനത്ത്‌ കൊടുംവരള്‍ച്ചയുടെ നാളുകളാണ്‌ വരാന്‍ പോകുന്നതെന്നുമുള്ള പ്രചാരണത്തില്‍ വലിയ കഴമ്പില്ലെന്ന്‌ ഭൗമശാസ്‌ത്രജ്‌ഞരും വ്യക്‌തമാക്കി.
എങ്കിലും, കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ കേരളത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഭൗമ ശാസ്‌ത്രജ്‌ഞരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. വെള്ളം ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വരള്‍ച്ചയുടെ ലക്ഷണമാണന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തില്‍ പേടിക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു. കവിഞ്ഞൊഴുകിയ പുഴകളിലെ ജലനിരപ്പ്‌ ദിവസങ്ങള്‍ക്കുള്ളില്‍ കുത്തനെ താഴ്‌ന്നതും കിണറുകളിലെ വെള്ളത്തില്‍ കാര്യമായ കുറവുണ്ടാകുന്നതിനും പലകാരണങ്ങളുണ്ട്‌. അതുമാത്രം പരിഗണിച്ച്‌ വറുതിയുടെ ലക്ഷണമായി പേടിക്കേണ്ടതില്ല. അതിതീവ്രമഴയില്‍ കല്ലും മണലും ഉള്‍പ്പെട്ട വെള്ളമാണ്‌ പുഴയിലൂടെ കുത്തിയൊഴുകിയത്‌. അങ്ങനെ ചില പുഴകളിലെങ്കിലും അടിത്തട്ടില്‍ കാര്യമായ മണ്ണൊലിപ്പ്‌ ഉണ്ടാകുകയും അവയുടെ ആഴം കൂടുകയും ചെയ്‌തു.
ഒറ്റയടിക്ക്‌ നോക്കുമ്പോള്‍ പുഴ പെട്ടെന്ന്‌ വറ്റിയതായി തോന്നും. പുഴയിലെ ജലനിരപ്പിലെ വ്യത്യാസമാണ്‌ കിണറുകളിലെ ജലം താഴാന്‍ കാരണമായത്‌. സംസ്‌ഥാനത്ത്‌ നിരവധി കിണറുകളിലെ വെള്ളമാണ്‌ ഇങ്ങനെ താഴ്‌ന്നുപോയത്‌. അതിനാല്‍ വരള്‍ച്ച സംഭവിച്ചില്ലെങ്കിലും അടുത്ത വേനലില്‍ കുടിവെള്ളക്ഷാമത്തിനു സാധ്യത കൂടുമെന്നും അവര്‍ പറയുന്നു.
പ്രളയത്തിന്‌ ശേഷം ലോകത്തിന്റെ പലഭാഗത്തും വറുതി പ്രത്യക്ഷപ്പെട്ടത്‌ കേരളത്തെ ഭയപ്പെടുത്തുന്നതാണ്‌. എന്നാല്‍, ന്യൂനമര്‍ദമോ മറ്റു പ്രതിഭാസങ്ങളോ മൂലം കാലാവസ്‌ഥാ പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി സംസ്‌ഥാനത്തു മഴ ലഭിച്ച വര്‍ഷമുണ്ടായിട്ടുണ്ട്‌.
അതേസമയം സംസ്‌ഥാനത്തിന്റെ പലഭാഗത്തും മണ്ണിലുണ്ടായ വിള്ളലുകളും ഭൂമി താഴ്‌ന്നുപോകുന്നതും ഭീതി ഉയര്‍ത്തുന്നതാണ്‌. സോയില്‍ പൈപ്പിങ്‌, എര്‍ത്ത്‌ ഫ്‌ളോ തുടങ്ങിയ പ്രതിഭാസങ്ങള്‍ വ്യാപകമായി സംഭവിച്ചതിനാല്‍ ഇനി കനത്ത മഴ ഉണ്ടായാല്‍ അത്‌ സംസ്‌ഥാനത്തിന്‌ താങ്ങാന്‍ കഴിയാത്ത മറ്റൊരു ദുരന്തത്തിനു കാരണമാകുമെന്നും വിദഗ്‌ധര്‍ പറയുന്നു.

ജോയ്‌ എം. മണ്ണൂര്‍

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW