Thursday, July 18, 2019 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

ബിഷപ്‌ ഫ്രാങ്കോയ്‌ക്കെതിരായ പീഡന പരാതി , നീതിക്കായി തെരുവില്‍ കന്യാസ്‌ത്രീമാരുടെ പ്രതിഷേധം

uploads/news/2018/09/247132/k2.jpg

കൊച്ചി: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കര്‍ത്താവിന്റെ മണവാട്ടിമാരായ കന്യാസ്‌ത്രീകളുടെ സഹനസമരം. പീഡനത്തിനെതിരായ പരാതിയില്‍ 74 ദിവസം കഴിഞ്ഞിട്ടും പോലീസ്‌ അന്വേഷണം എങ്ങുമെത്താത്തതില്‍ മനംനൊന്താണു കുറവിലങ്ങാട്‌ മഠത്തിലെ അഞ്ചു കന്യാസ്‌ത്രീകള്‍ ഒടുവില്‍ തെരുവിലിറങ്ങിയത്‌.
ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്‌ഷനില്‍ സംഘടിപ്പിച്ച ഉപവാസ സത്യഗ്രഹത്തില്‍ അവര്‍ക്കൊപ്പം ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീകളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അണിചേര്‍ന്നു. ഇന്നലെ രാവിലെ ഒന്‍പതിന്‌ ആരംഭിച്ച സത്യഗ്രഹം ഇന്നു വൈകിട്ട്‌ സമാപിക്കും.
കത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമാണു ദാരിദ്ര്യവ്രതവും ഉപവിയും ഉയര്‍ത്തിപ്പിടിക്കുന്ന സമര്‍പ്പിതര്‍ രൂപതാധ്യക്ഷനെതിരേ പരസ്യമായിപ്രതിഷേധിക്കുന്നത്‌. ബിഷപ്പിനെതിരായ പ്ലക്കാര്‍ഡുകളുമേന്തിയാണു സമരപ്പന്തലില്‍ അവരെത്തിയത്‌. പരാതിയില്‍ തെളിവെടുപ്പും ചോദ്യം ചെയ്ലയും മൊഴിയെടുക്കലും പൂര്‍ത്തിയാക്കിയിട്ടും ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത സാഹചര്യത്തിലാണു സഭാ നേതൃത്വത്തെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി പോര്‍മുഖം തുറന്നത്‌.
"സര്‍ക്കാരും സഭയും ഇരയെ കൈവിട്ടു. ഞങ്ങളുടെ സഹോദരിക്കു വേണ്ടിയാണു സമരം. സര്‍ക്കാരും പോലീസും ഞങ്ങളുടെ കൂടെ നിന്നില്ല. ഇനി കോടതിയാണ്‌ ആശ്രയം. നീതി നിഷേധിക്കപ്പെട്ടു. ഈ കേസ്‌ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. അതിനാല്‍ സമരമല്ലാതെ മറ്റ്‌ മാര്‍ഗമില്ല"- സത്യഗ്രഹത്തില്‍ പങ്കെടുത്ത കന്യാസ്‌ത്രീകള്‍ വ്യക്‌തമാക്കി. ഇരയായ കന്യാസ്‌ത്രീക്കൊപ്പം പരാതി ഉയര്‍ന്നതു മുതല്‍ ഉറച്ചുനിന്നവരാണ്‌ അധികാരകേന്ദ്രങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ സമരത്തിനെത്തിയത്‌. ഇരയും ഈ കന്യാസ്‌ത്രീകളും ഉള്‍പ്പെടെ ഒന്‍പതു പേരാണു കുറവിലങ്ങാട്‌ മഠത്തില്‍ താമസിച്ചിരുന്നത്‌. ഇവരില്‍ ഒരാള്‍ സഭാവസ്‌ത്രം ഉപേക്ഷിക്കുകയും മറ്റു രണ്ടുപേര്‍ ബിഷപ്പിന്‌ അനുകൂലമായി നിലപാടെടുക്കുകയും ചെയ്‌തിരുന്നു.
ബിഷപ്പിന്റെ അറസ്‌റ്റ്‌ ആവശ്യപ്പെട്ട്‌ ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ ഭാരവാഹി അഡ്വ. ജോസ്‌ ജോസഫാണ്‌ നിരാഹാരം അനുഷ്‌ഠിക്കുന്നത്‌. ഫെലിക്‌സ്‌ ജെ. പുല്ലൂടന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ റിജൂ കാഞ്ഞുക്കാരന്‍, പരാതിക്കാരിയുടെ സഹോദരന്‍, സിസ്‌റ്റര്‍ അനുപമ, സിസ്‌റ്റര്‍ ടീനാജോസ്‌, സിസ്‌റ്റര്‍ ആനിഗ്രയിസ്‌, അഡ്വ. ഇന്ദുലേഖ, സി.പി. സുബ്രഹ്‌മണ്യം, എം.എന്‍. ഗിരി, ഷൈജു ആന്റണി, അഡ്വ. ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഖ്യാധാരാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പോഷക സംഘനകളുടെയും പിന്തുണയില്ലെങ്കിലും ഒട്ടേറെ ഇതരസംഘടകളും വ്യക്‌തികളും പിന്തുണയുമായി ഇന്നലെ സമരപ്പന്തലിലെത്തി. കന്യാസ്‌ത്രീകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കുടുതല്‍ സംഘടനകള്‍ ബിഷപ്പിനെതിരേ തിരിഞ്ഞു.
സഭാ നവീകരണ പ്രസ്‌ഥാനമായ ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ തുടക്കം മുതല്‍ ബിഷപ്പിനെതിരായ നിലപാടാണു സ്വീകരിച്ചുവരുന്നത്‌. ബിഷപ്പിനെതിരേ നടപടി വേണമെന്ന്‌ കേരള കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ (കെ.സി.വൈ.എം) ആവശ്യമുന്നയിച്ചു. അന്വേഷണം അനിശ്‌ചിതമായി നീട്ടാനും അട്ടിമറിക്കാനും നീക്കം ശക്‌തമായ സാഹചര്യത്തിലാണു സമരത്തിന്‌ കന്യാസ്‌ത്രീകള്‍ നിര്‍ബന്ധിതരായത്‌.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW