Sunday, September 09, 2018 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

അതിജീവന പാതയില്‍ ശബ്‌ദവും വെളിച്ചവും മേലാപ്പില്ലാതെ പന്തലുകാരും

uploads/news/2018/09/247126/k9.jpg

കോതമംഗലം : മാറ്റിവയ്‌ക്കപ്പെടുന്ന ആഘോഷങ്ങളില്‍ അതിജീവന പാത തേടുകയാണു ശബ്‌ദവും വെളിച്ചവും എന്ന ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ടുകാര്‍. കടന്നുപോയ ഒരു മാസവും വരാനിരിക്കുന്ന കാലവും തെല്ലൊന്നുമല്ല ഇവരുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നത്‌.
കലോത്സവങ്ങള്‍ വേണ്ടെന്ന ആലോചന കൂടിയായതോടെ വ്യാപാരനഷ്‌ടവും തൊഴിലില്ലായ്‌മയും രൂക്ഷമാക്കുംവിധം ഈ രംഗം പരിതാപകരമായ അവസ്‌ഥയിലാണ്‌. ഓണവും പെരുന്നാളും ഉള്‍പ്പടെയുള്ള സാമാന്യം മെച്ചപ്പെട്ട സീസണാണു കഴിഞ്ഞുപോയത്‌. സ്‌കൂള്‍, കോളജുകള്‍, ക്ലബുകള്‍, സാംസ്‌കാരിക സംഘടനകള്‍, പാര്‍ട്ടികള്‍ തുടങ്ങിയവരെല്ലാം സംഘടിപ്പിക്കുന്ന ഓണാഘോഷം ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ചെറിയ മൈക്ക്‌ സെറ്റ്‌ മുതല്‍ 5000 വാട്ട്‌സിന്റെ സെറ്റുകള്‍വരെ ഈ സമയത്ത്‌ ആവശ്യമായി വരാറുണ്ട്‌. വിവാഹങ്ങളോടനുബന്ധിച്ചുള്ള ആര്‍ഭാടങ്ങള്‍ ഒഴിവാക്കപ്പെട്ടതോടെ ഗാനമേളകളും വേണ്ടെന്നുവച്ചു.
രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പരിപാടികളും നടക്കുന്നില്ല. ആധുനികവല്‍ക്കരണം ഏറെ ബാധിക്കുന്നവരാണു സൗണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌ ഉടമകള്‍. പുതുതായി രംഗത്തുവരുന്ന ഏതൊരു ഉപകരണവും വാങ്ങിയാല്‍ മാത്രമാണ്‌ പിടിച്ചുനില്‍ക്കാനാവു. ബാങ്കുകളില്‍നിന്നു ലോണെടുത്താണു പലരും ഇതെല്ലാം വാങ്ങുന്നതും രംഗത്തു പിടിച്ചുനില്‍ക്കുന്നതും. സ്‌ഥാപനങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഉപകരങ്ങള്‍ നഷ്‌ടപ്പെട്ടു ലക്ഷങ്ങളുടെ നഷ്‌ടങ്ങളുമുണ്ടായവര്‍ വേറെ. പറവൂര്‍ മേഖലയില്‍ തൊണ്ണൂറു ശതമാനം പേരുടെയും ചാലക്കുടി, ആലുവ പ്രദേശങ്ങളില്‍ എണ്‍പത്‌ ശതമാനം പേരുടെയും കോടികളുടെ ഉപകരണങ്ങള്‍ നശിച്ചു. മുക്കാല്‍ ലക്ഷത്തോളം പേരാണു ശബ്‌ദ, വെളിച്ച, പന്തല്‍ മേഖലയില്‍ മുതല്‍ മുടക്കിയിരിക്കുന്നത്‌. ഇവരെ ആശ്രയിച്ച്‌ നാലു ലക്ഷത്തോളം പേരും ജീവിക്കുന്നു. ഇവരെല്ലാം ഇന്ന്‌ പ്രതിസന്ധിയിലാണ്‌.
മേളകള്‍ മാറ്റിവയ്‌ക്കുന്നത്‌ ഇവരെക്കൂടി ഇല്ലാതാക്കലാണെന്നു ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ്‌ കേരള സംസ്‌ഥാന പ്രസിഡന്റ്‌ തമ്പി നാഷണല്‍ പറഞ്ഞു. പന്തലുകാരുടെയും അവസ്‌ഥ ഇതുതന്നെയാണ്‌. ഇപ്പോള്‍ ഇരുമ്പ്‌ തൂണുകളും ഷീറ്റുകളുമൊക്കെ പന്തലിനു ഉപയോഗിക്കുന്നതിനാല്‍ നഷ്‌ടക്കണക്കില്ല. എന്നാല്‍ ജോലി ഇല്ലാത്തതിന്റെ പ്രശ്‌നം ഇവര്‍ക്കുമുണ്ട്‌. പ്രളയ സമയത്ത്‌ ക്യാമ്പുകളിലും മറ്റു ആവശ്യങ്ങള്‍ക്കുമെല്ലാം ജനറേറ്ററുകളും വെളിച്ച സംവിധാനവും സര്‍ക്കാര്‍ നിര്‍ദേശപ്രകാരവും അല്ലാതെയും അതിവേഗത്തില്‍ പ്രതിഫലേഛ കൂടാതെ ഒരുക്കി കൊടുത്തവരെന്ന പരിഗണന പോലും പലരെയും ആദരിച്ചപ്പോള്‍ ഇവര്‍ക്ക്‌ ലഭിച്ചതുമില്ല.

സോണി നെല്ലിയാനി

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW