Monday, November 19, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

പ്രളയം മനുഷ്യനിര്‍മിതമല്ലെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്നു പി.ടി. തോമസ്‌

തൊടുപുഴ: മഴകനത്തപ്പോള്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടതുവഴി സംസ്‌ഥാനത്ത്‌ പലയിടത്തുമുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്നും സര്‍ക്കാരിന്‌ വീഴ്‌ച സംഭവിച്ചെന്നും മുന്‍ എം.പിയും തൃക്കാക്കര എം.എല്‍.എയുമായ പി.ടി. തോമസ്‌. യാതൊരു മുന്‍കരുതലുമില്ലാതെയാണ്‌ സംസ്‌ഥാനത്തെ 42 അണക്കെട്ടുകള്‍ തുറന്നുവിട്ടത്‌.
ഓഗസ്‌റ്റ്‌ ഒന്‍പതിന്‌ തുറന്ന ഇടുക്കി അണക്കെട്ട്‌ കഴിഞ്ഞ വെള്ളിയാഴ്‌ചയോടെയാണ്‌ പൂര്‍ണമായും അടച്ചത്‌. കഴിഞ്ഞമാസം 20 കഴിഞ്ഞപ്പോള്‍ പ്രളയത്തിന്റെ കാഠിന്യം അവസാനിച്ചിരുന്നു. ശേഷം വെള്ളിയാഴ്‌ചവരെ ഇടുക്കി അണക്കെട്ട്‌ തുറന്നു വെള്ളം പുറത്തേക്കൊഴുക്കിയത്‌ എന്തിനാണെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കണം. പ്രളയാനന്തരം തുറന്നുവിട്ട വെള്ളം പ്രളയത്തിനു മുമ്പ്‌ തുറന്നുവിട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു.
കാലവര്‍ഷ സമയത്ത്‌ ഇടുക്കി അണക്കെട്ട്‌ നിറയ്‌ക്കാനുള്ള തീരുമാനമാണ്‌ ദുരന്തത്തിലേക്ക്‌ നയിച്ചത്‌. ഇടുക്കി കലക്‌ടര്‍ മാത്രമാണു മുന്നറിയിപ്പ്‌ നല്‍കിയത്‌. മുന്നറിയിപ്പുകള്‍ക്കു മുമ്പും ശേഷവും ചെയ്യേണ്ട നടപടി ക്രമങ്ങള്‍ സംസ്‌ഥാനത്തെങ്ങും പാലിക്കപ്പെട്ടില്ല. ഇടുക്കി നേരത്തേ തുറന്നിരുന്നെങ്കില്‍ മുല്ലപ്പെരിയാറില്‍നിന്നും ഒഴുകിയെത്തിയ ജലം നിയന്ത്രണ വിധേയാക്കി കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇടുക്കി അണക്കെട്ട്‌ തുറക്കുമ്പോള്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളേണ്ട സിവില്‍ ഡയറക്‌ടറുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. വ്യക്‌തമായ ആസൂത്രണമില്ലാതെയാണു ഡാമുകളെല്ലാം തുറന്നുവിട്ടത്‌. പറമ്പിക്കുളം, മുല്ലപ്പെരിയാര്‍, പമ്പ എന്നിവിടങ്ങളില്‍ ഡാമുകള്‍ തുറക്കുന്നത്‌ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്‌ വീഴ്‌ച സംഭവിച്ചു. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിന്‌ ഇത്‌ കാരണമായി. 2005 ല്‍ രൂപീകരിച്ച ഡിസാസ്‌റ്റര്‍ മാനേജേമെന്റ്‌ ആക്‌ട്‌ പ്രകാരം ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ പ്ലാന്‍ തയാറാക്കേണ്ടതാണ്‌. ഇതനുസരിച്ച്‌ മോക്ക്‌ ഡ്രില്‍ പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ല. ഇക്കാരണം കൊണ്ടുതന്നെ സംസ്‌ഥാനത്തുണ്ടായ ദുരന്തം മനുഷ്യനിര്‍മ്മിതമാണെന്നത്‌ വ്യക്‌തമാണ്‌.
എല്ലാവര്‍ഷവും ജൂണ്‍ ഒന്നാം തീയതി ഡാമുകളുടെ പ്രവര്‍ത്തം പരിശേധിച്ച്‌ തയാറെടുപ്പുകള്‍ നടത്തേണ്ടതായിരുന്നു. ഇതു നടത്തിയിട്ടില്ല. കാലവര്‍ഷത്തില്‍ ഡാം നിറയുന്നതിലെ അപകടം മനസിലാക്കാന്‍ വൈദ്യുതിമന്ത്രിക്ക്‌ സാധിക്കാതിരുന്നത്‌ അദ്ദേഹത്തിന്റെ അജ്‌ഞതയാണെന്നും പി.ടി തോമസ്‌ കുറ്റപ്പെടുത്തി.
വിദേശത്ത്‌ ചികിത്സക്ക്‌ പോയ മുഖ്യമന്ത്രി, സംസ്‌ഥാനത്തെ ദുരിതാശ്വാസ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമലത മറ്റ്‌ മന്ത്രിമാരെ ഏല്‍പ്പിക്കാതിരുന്നത്‌ മന്ത്രിമാരുടെ കഴിവുകേടിനെ പരോക്ഷമായി വെളിപ്പെടുത്തുകയാണ്‌. ഈ നടപടി മുഖ്യമന്ത്രിയുടെ തന്‍പ്രമാണിത്തത്തിന്‌ തെളിവാണ്‌. ടെന്‍ഡറില്ലാതെ 20,000കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുമതി നല്‍കുമെന്ന ധനമന്ത്രിയുടെ പ്രസ്‌താവന നിയമങ്ങള്‍ പാലിക്കാതെയുള്ളതാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പി.ടി. തോമസ്‌ പത്രമ്മേളനത്തില്‍ ആരോപിച്ചു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW