Saturday, November 17, 2018 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

സി.പി.എം. ഏരിയാക്കമ്മിറ്റി യോഗം മാറ്റിവച്ചു; കുറ്റക്കാരനെങ്കില്‍ നടപടിയെന്നു മന്ത്രി ബാലന്‍

പാലക്കാട്‌: പി.കെ. ശശി എം.എല്‍.എക്കെതിരേ പരാതി നല്‍കിയ ഡി.വൈ.എഫ്‌.ഐ. വനിതാ നേതാവിന്‌ പാര്‍ട്ടിയിലുള്ള വിശ്വാസം കാക്കുമെന്ന്‌ അന്വേഷണ കമ്മിഷന്‍ അംഗം മന്ത്രി എ.കെ. ബാലന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ശശിക്കെതിരേ മുഖംനോക്കാതെ സി.പി.എം. നടപടിയെടുക്കും. പരാതിക്കാരിയുടെ മാനസികാവസ്‌ഥ കണക്കിലെടുത്തായിരിക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
പരാതിക്കാരി എന്തു നടപടി സ്വീകരിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും അവര്‍ക്കൊപ്പമുണ്ടാവും. പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. നടപടിയില്‍ അതൃപ്‌തിയുണ്ടെങ്കില്‍ പരാതിക്കാരിക്ക്‌ മറ്റു നടപടികള്‍ സ്വീകരിക്കാം. ഏത്‌ അന്വേഷണത്തിനും കൂടെ നില്‍ക്കുമെന്നും അടുത്ത ദിവസം തന്നെ ശശിയെ നേരിട്ട്‌ കാണുമെന്നും അദ്ദേഹം പറഞ്ഞു. നിയമമന്ത്രിയായ താന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗമാകുന്നതില്‍ ഔചിത്യക്കുറവുമില്ല. പരാതി ലഭിച്ചപ്പോള്‍ പാര്‍ട്ടിതലത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ്‌ കമ്മിഷനെ നിയമിച്ചത്‌. ഇത്തരം പരാതികളില്‍ ആരെയും സംരക്ഷിച്ച ചരിത്രം പാര്‍ട്ടിക്കില്ല. സംസ്‌ഥാനത്തുണ്ടായ പ്രളയത്തില്‍ പാര്‍ട്ടിയും നേതാക്കളും മുഴുകിയത്‌ മൂലമാണ്‌ നടപടി വൈകാന്‍ കാരണമായതെന്നും മന്ത്രി വിശദീകരിച്ചു.
ഇതിനിടെ, പരസ്യപ്രതികരണങ്ങളില്‍നിന്ന്‌ വിട്ടുനില്‍ക്കണമെന്ന്‌ ശശിയോടു സി.പി.എം. നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രതിഷേധങ്ങളും വിവാദങ്ങളും കണക്കിലെടുത്ത്‌ പൊതുപരിപാടിയില്‍നിന്ന്‌ മാറിനില്‍ക്കാനും നിര്‍ദേശം നല്‍കിയെന്നാണ്‌ സൂചന. ഇന്നലെ ചേരാനിരുന്ന ചെര്‍പ്പുളശേരി ഏരിയാക്കമ്മിറ്റി യോഗം മാറ്റിവച്ചു. എം.എല്‍.എ. പങ്കെടുക്കുന്നതിനാല്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW