Friday, November 16, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.50 AM

ദേശീയ നിര്‍വാഹക സമിതി യോഗം , കച്ചമുറുക്കി ബി.ജെ.പി.

uploads/news/2018/09/247090/d2.jpg

ന്യൂഡല്‍ഹി : പൊതുതെരഞ്ഞെടുപ്പിന്‌ ഒരുങ്ങാന്‍ ആഹ്വാനം ചെയ്‌ത്‌ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിന്‌ തുടക്കം. അലസത വെടിഞ്ഞ്‌ ഊര്‍ജസ്വലതയോടെ രംഗത്തിറങ്ങാന്‍ യോഗം ഉദ്‌ഘാടനം ചെയ്‌ത ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ നിര്‍ദേശിച്ചു. പ്രതിപക്ഷ ഐക്യനിരയെ പ്രതിരോധിക്കാന്‍ പ്രദേശികസഖ്യങ്ങളിലൂടെ എന്‍.ഡി.എ. വിപുലീകരിക്കാനാണു പാര്‍ട്ടിയുടെ നീക്കം. വര്‍ഷാവസാനം നടക്കേണ്ട സംഘടനാ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ നിര്‍വാഹക സമിതി തീരുമാനിച്ചതോടെ മോഡി- ഷാ കൂട്ടുകെട്ട്‌ തന്നെയാകും പൊതുതെരഞ്ഞെടുപ്പിലും ബി.ജെ.പിയെ നയിക്കുക. എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ നേരത്തേ തീരുമാനിച്ചിരുന്നു.
നോട്ടുനിരോധനം, ജി.എസ്‌.ടി, പെട്രോളിയം വില വര്‍ധന, റാഫേല്‍ യുദ്ധവിമാന ഇടപാട്‌ എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷം നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തെ ചെറുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരം യോഗം സംഘടിപ്പിക്കും. എല്ലാ സംസ്‌ഥാനങ്ങളിലും റാലികളില്‍ നരേന്ദ്രമോഡി പങ്കെടുക്കും. പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കുന്നതിനൊപ്പം ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കുകയെന്നതാണ്‌ റാലികളുടെ ലക്ഷ്യം. ഒപ്പം കര്‍ഷക ദളിത്‌ വിഭാഗങ്ങളെ പാര്‍ട്ടിയോട്‌ ചേര്‍ത്ത്‌ നിര്‍ത്തുന്നതിനുള്ള തന്ത്രത്തിനും രൂപം നല്‍കും. കര്‍ഷക വിഷയങ്ങള്‍ പ്രതിപാദിച്ച്‌ ഇരുനൂറ്‌ റാലികളില്‍ മോഡി തന്നെ നേരിട്ട്‌ പങ്കെടുക്കും. ഉത്തര്‍ പ്രദേശിലും കര്‍ണാടകയിലുമടക്കം ഇത്തരം വലിയ റാലികളാണ്‌ സംഘടിപ്പിക്കുക. മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരം അടക്കമുള്ളവരെ സംവാദത്തിന്‌ ക്ഷണിക്കാനും അമിത്‌ ഷാ നിര്‍ദേശിച്ചു.
മധ്യവര്‍ഗ വോട്ടുകളാണ്‌ കഴിഞ്ഞ തവണ അധികാരത്തിലെത്താന്‍ നിര്‍ണായകമായതെന്നതിനാല്‍ ഈ വോട്ട്‌ ബാങ്ക്‌ നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ക്കും നിര്‍വാഹക സമിതി രൂപം നല്‍കും. മധ്യവര്‍ഗ വോട്ട്‌ ബാങ്ക്‌ ലക്ഷ്യമാക്കി പ്രകടനപത്രിക തയാറാക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ച സാഹചര്യത്തില്‍ ബി.ജെ.പി. ഏറെ ജാഗ്രതയിലുമാണ്‌.
പ്രതിപക്ഷ ഐക്യനിര ഇത്തവണ വെല്ലുവിളിയാകുമെന്ന്‌ വിലയിരുത്തിയ നിര്‍വാഹക സമിതി, ഇതിനെ മറികടക്കാന്‍ എന്‍.ഡി.എ വിപുലീകരണമാണ്‌ ലക്ഷ്യമിടുന്നത്‌. കോണ്‍ഗ്രസ്‌ ദേശീയ തലത്തില്‍ വലിയ പാര്‍ട്ടികളുടെ സഹകരണം ലക്ഷ്യമിടുമ്പോള്‍ പ്രദേശിക തലത്തിലെ നീക്കം പോക്കിലൂടെ എന്‍.ഡി.എ വികസനമാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാറിന്റെ സ്വാധിനം പ്രയോജനപ്പെടുത്തി പ്രാദേശികതലങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികളെയും സംഘടനകളേയും ഒപ്പം നിര്‍ത്തി പ്രതിപക്ഷ ഐക്യനിരയെ പരാജയപ്പെടുത്താനാണ്‌ ബി.ജെ.പി തന്ത്രമൊരുക്കുന്നത്‌.
ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന നാല്‌ സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും വിലയിരുത്തി. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്‌, രാജസ്‌ഥാന്‍, ഛത്തിസ്‌ഗഡ്‌ എന്നീ സംസ്‌ഥാനങ്ങള്‍ക്കൊപ്പം നിയമസഭ പിരിച്ചുവിട്ട തെലുങ്കാനയിലും ഈ വര്‍ഷാവസാനത്തോടെ തെരഞ്ഞെടുപ്പ്‌ നടക്കും. സംസ്‌ഥാനങ്ങളിലെ ഭരണം നിലനിര്‍ത്തുകയെന്നത്‌ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമാണ്‌. ത്രിപുര അടക്കമുള്ള സംസ്‌ഥാനങ്ങളില്‍ ഭരണത്തിലേറുകയും കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്‌ത സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെയാണ്‌ ഒരു വര്‍ഷത്തോളം വൈകി ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നത്‌. പാര്‍ട്ടി ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ അടക്കം 92 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനമടക്കം 17 ക്ഷണിക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു സംസാരിക്കും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Sunday 09 Sep 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW