Thursday, July 18, 2019 Last Updated 41 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.39 AM

ഒരു പ്രളയകാലത്തിന്റെ ഓര്‍മ്മയ്‌ക്ക്...

uploads/news/2018/09/247070/sun1.jpg

1008 യുഗങ്ങള്‍ ചേര്‍ന്ന കാലയളവിനെ ഒരു കല്‍പ്പാന്തമായി കണക്കാക്കുമ്പോള്‍ ഇനിയും അതിനായി ആയിരക്കണക്കിന്‌ തലമുറകള്‍ കാത്തിരിക്കണമെന്ന തിരിച്ചറിവ്‌ മനസില്‍ നിന്നും മാഞ്ഞുപോയ അവസ്‌ഥ. പ്രളയം നാസികാഗ്രത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുന്നു. മൂക്കുമുങ്ങിയാല്‍ പിന്നെ മൂന്നാളെന്നൊ നാലാളെന്നൊ വ്യത്യാസമില്ലെന്ന്‌ ഒരു ചൊല്ലുണ്ട്‌. അക്ഷരാര്‍ഥത്തില്‍ ബന്ധങ്ങളുടെയും ഒറ്റപ്പെടലിന്റെയും സ്‌നേഹത്തിന്റെയും തീവ്രത ഒന്നിച്ച്‌ അനുഭവിച്ച നാളുകള്‍.
തലയ്‌ക്കുമീതെ കരിമേഘങ്ങളുടെ കുത്തൊഴുക്ക്‌. കാല്‍മുട്ടും അരക്കെട്ടും കഴുത്തും പിന്നിട്ട്‌ ഉയര്‍ന്നുകയറുന്ന പ്രളയജലത്തിന്റെ ഭീകരത കണ്‍മുമ്പില്‍. പെറ്റമ്മയെയും പോറ്റമ്മയേയും ഇരുകൈകളിലാക്കി രക്ഷതേടി സ്‌റ്റെയര്‍കേസ്‌ കയറുമ്പോള്‍ മനസിലോടിയെത്തിയത്‌ നിറകണ്ണുകളോടെ എന്നെ കാത്തിരിക്കുന്ന ഭാര്യയുടെയും മകളുടെയും മുഖഭാവങ്ങള്‍. പ്രളയ രാവുകളില്‍ ഒറ്റപ്പെട്ടുപോയ ജീവിതങ്ങളുടെ ഒരു പ്രതിനിധി മാത്രമാണ്‌ ഞാന്‍. സമാനതയില്ലാത്ത ദുരിത നാളുകളുടെ ഓര്‍മ്മയിലേക്ക്‌.....

ഓഗസ്‌റ്റ് 14 ചൊവ്വാഴ്‌ച്ച രാത്രി 9

മംഗളം പത്തനംതിട്ട ബ്യൂറോയില്‍ നിന്നും ഇറങ്ങിയപ്പോള്‍ രാത്രി എട്ടുകഴിഞ്ഞു. അപ്പോഴും മഴ ചാറിക്കൊണ്ടേയിരുന്നു. കോഴഞ്ചേരി പാലം മുറിച്ചുകടക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന പമ്പാനദിയില്‍ നഗരത്തിലെ ദീപങ്ങള്‍ ഇളകിയാടുന്നത്‌ കണ്ടു. മഴ കനത്താല്‍ വീണ്ടും വെള്ളം ഉയരും. ഏറിയാല്‍ കരകവിയും അത്രതന്നെയെന്ന്‌ മനസില്‍ നിനച്ചു. വീട്‌ ശാന്തമായിരുന്നു. അകത്തുനിന്നും അമ്മയുടെ നാമജപം കേള്‍ക്കാം. ചെന്നപാടെ വാര്‍ത്തകാണാനായി ടി.വി ഓണ്‍ ചെയ്‌തു. പെരിയാര്‍ കരകവിയുന്ന വാര്‍ത്തകേട്ടപ്പോള്‍ പമ്പയുടെ അവസ്‌ഥ മനസില്‍ ഓടിയെത്തി. എങ്കിലും മനസ്‌ പിടഞ്ഞില്ല. കാരണം പമ്പ ചതിക്കില്ലെന്ന തോന്നല്‍. ആ ബലത്തിലായിരുന്നു രാത്രിയില്‍ തന്നെ പതിനൊന്ന്‌ കിലോമീറ്റര്‍ അകലെയുള്ള ഭാര്യവീടായ ചെങ്ങന്നൂര്‍ ആലായിലേക്ക്‌ യാത്ര തുടര്‍ന്നത്‌. ഭക്ഷണവും കഴിഞ്ഞ്‌ ടി.വിയില്‍ 11 മണിയുടെ വാര്‍ത്തയും കണ്ടതോടെ മനസ്‌ കൂടുതല്‍ ശാന്തമായി. കാരണം പമ്പയെപ്പറ്റി ഒരക്ഷരം ടി.വിയില്‍ കണ്ടില്ല. നിറഞ്ഞ മനസോടെ കിടക്കയിലേക്ക്‌ വീണപ്പോള്‍ രാത്രി 11.30.

ഓഗസ്‌റ്റ് 15 പുലര്‍ച്ചെ 2.30

നിര്‍ത്താതെയുള്ള മൊബൈല്‍ഫോണ്‍ റിംങ്‌ടോണ്‍ കേട്ടാണ്‌ ഞെട്ടി ഉണര്‍ന്നത്‌. റാന്നി ലേഖകന്‍ സുരേഷിന്റെ ഫോണ്‍. 'ചേട്ടാ പെരുവെള്ളം പാഞ്ഞടുക്കുന്നു. റാന്നി വൈകാതെ മുങ്ങും. വേഗം വീട്ടിലേക്ക്‌ പൊയ്‌ക്കൊ. ഇതുപോലൊരു പ്രളയം ജീവിതത്തില്‍ കണ്ടിട്ടില്ല'.സുരേഷിന്റെ ശബ്‌ദം വിറങ്ങലിച്ചിരുന്നു. സംഭവത്തിന്റെ രൂക്ഷത വ്യക്‌തമായതോടെ ഞാന്‍ പൂവത്തൂരിലുള്ള എന്റെ വീട്ടിലേക്ക്‌ പോകാനായി തയ്യാറെടുത്തു. ചെങ്ങന്നൂര്‍ നഗരത്തില്‍ ബൈക്ക്‌ എത്തിയപ്പോള്‍ അസാധാരണമായി ഒന്നും സംഭവിച്ചതായി തോന്നിയില്ല. ഇടയ്‌ക്കിടയ്‌ക്ക് ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നു. നഗരത്തില്‍ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന യാത്രക്കാരെയും കണ്ടു. ചെങ്ങന്നൂര്‍-കോഴഞ്ചേരി പാതയിലൂടെ മൂന്നു കി.മീറ്റര്‍ പിന്നിട്ടപ്പോള്‍ പുത്തന്‍കാവ്‌ ഐക്കാട്ട്‌ പാലത്തിന്‌ സമീപം റോഡില്‍ അമ്പത്‌ മീറ്റര്‍ സ്‌ഥലത്ത്‌ വെള്ളം കയറിയിരിക്കുന്നത്‌ കണ്ടു. ആറാട്ടുപുഴയും കോയിപ്രവും നെല്ലിക്കലും പിന്നിട്ട്‌ പൂവത്തൂരിലെത്തിയപ്പോള്‍ പുലരിയുടെ ശാന്തതയെ ഭഞ്‌ജിച്ചുകൊണ്ട്‌ പ്രളയ ജലം തോട്ടിലൂടെ ഒഴുകിയെത്തുന്നത്‌ കാണായി. വൈകാതെ പമ്പ, കക്കി അണക്കെട്ടുകള്‍ തുറന്നുവിട്ടുവെന്നും പമ്പയുടെ തീരവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുനല്‍കികൊണ്ട്‌ അനൗണ്‍സ്‌മെന്റ്‌ വാഹനവും കടന്നുവന്നു.

നാട്‌ മുങ്ങിത്താഴുന്നു

നേരം പുലര്‍ന്നതോടെ വെള്ളം കൊല്ലംപടി-ചെട്ടിമുക്ക്‌ പാതയും കടന്ന്‌ വടക്കുള്ള ചെമ്പില്‍ കണ്ടത്തിലേക്ക്‌ ഒഴുകാന്‍ തുടങ്ങി. പിന്നീട്‌ എല്ലാം പെട്ടെന്നായിരുന്നു. റോഡില്‍ നിന്നും ഉദ്ദേശം ഏഴടി ഉയരത്തിലുള്ള വീട്ടിലേക്ക്‌ അത്രപെട്ടെന്ന്‌ വെള്ളം കയറില്ലെന്ന വിശ്വാസമായിരുന്നു എനിക്ക്‌. ഇതിനിടെ ജലനിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരുന്നു. ഒമ്പതുമണിയായപ്പോഴേക്കും പ്രധാന റോഡിലൂടെ വെളളം പടിഞ്ഞാറ്‌ കവലയില്‍ ഭഗവതി ക്ഷേത്രപരിസരത്തേക്കും കിഴക്ക്‌ പന്നിപ്രയാര്‍ ക്ഷേത്ര പരിസരത്തേക്കും ഒഴുകാന്‍ തുടങ്ങി. 17 വര്‍ഷത്തിനുശേഷം എത്തിയ വെള്ളപ്പൊക്കത്തെ രാജോചിതമായി സ്വീകരിക്കാനുള്ള തത്രപ്പാടിലായിരുന്നു നാട്ടുകാര്‍. ചിലര്‍ രാവിലെ തന്നെ വീര്യം ഉള്‍ക്കൊണ്ട്‌ വഞ്ചിപ്പാട്ടുപാടി വെള്ളത്തിലിറങ്ങി. വാഴപിണ്ടികൊണ്ട്‌ ചിലര്‍ ചങ്ങാടം ഉണ്ടാക്കി കളിതുടങ്ങി. ഓണനാളിലെ വെള്ളപ്പൊക്കവും ഉത്സവമാക്കിമാറ്റാനുള്ള തിരക്കിലായിരുന്നു അവര്‍. പത്തുമണിയോടെ ജലനിരപ്പുയര്‍ന്നതിനാല്‍ തോട്‌ കവിഞ്ഞ്‌ വെള്ളം പറമ്പുകളിലേക്ക്‌ പരന്നു. തോടും പറമ്പും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്‌ഥ. അപ്പോഴും ആഹ്‌ളാദാരവങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. പന്ത്രണ്ടുമണിയോടെ വാഹനം ഓടുന്ന റോഡില്‍ അരയറ്റം വെള്ളം ഉയര്‍ന്നു. അടുത്തവീടുകളിലേക്ക്‌ പ്രളയജലം ഇരച്ചുകയറി. 2001-ലെ വെള്ളപ്പൊക്കത്തിന്റെ അത്രപോരാ എന്ന്‌ ചിലര്‍ തട്ടിവിട്ടു. ഒന്നരകഴിഞ്ഞതോടെ എന്റെ തറവാടായ വയക്കര വീടിന്റെ മുറ്റത്തേക്ക്‌ വെള്ളം കയറാന്‍ തുടങ്ങി. ഒപ്പം എന്റെ നെഞ്ചിടിപ്പും ഏറി.
ഇതിനിടെ എന്റെ ഭാര്യ രണ്ടുതവണ വിളിച്ചു. സാരമില്ല. വെള്ളം ഉയരുന്നുണ്ടെങ്കിലും പേടിക്കാനില്ലെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ചു. ഇടയ്‌ക്ക് എപ്പോഴൊ വൈദ്യുതി നിലച്ചു. ഉച്ചകഴിഞ്ഞ്‌ മൂന്നുമണിയോടെ വെള്ളത്തിന്റെ വരവ്‌ കുറഞ്ഞു. ജലനിരപ്പ്‌ ഉയരുന്നുണ്ടെങ്കിലും തീവ്രത കുറഞ്ഞത്‌ തെല്ലൊരാശ്വാസത്തിന്‌ ഇടയാക്കി. ഇതിനിടെ എന്റെ ബന്ധുക്കളെത്തി വീട്ടിലെ അത്യാവശ്യ സാധനങ്ങള്‍ ഷെയ്‌ഡിനുമുകളില്‍ കയറ്റിവച്ചു. മുറ്റത്ത്‌ അടുക്കിവച്ചിരിക്കുന്ന ഉരുപ്പടികള്‍ വീടിനുള്ളിലാക്കി. വൈകിട്ട്‌ എത്താം എന്നുപറഞ്ഞ്‌ അവര്‍ മടങ്ങി. 83 വയസുള്ള അമ്മയെയും 78 വയസുള്ള കുഞ്ഞമ്മയേയും വീട്ടില്‍ നിന്നും മാറ്റേണ്ട അവസ്‌ഥ ഉണ്ടാവില്ലെന്ന്‌ നാട്ടിലെ ആസ്‌ഥാന കാലാവസ്‌ഥാ നിരീക്ഷകര്‍ പ്രസ്‌താവിച്ചതോടെ മനസ്‌ ശാന്തമായി.

മഹാ പ്രളയത്തിലേക്ക്‌

സമയം വൈകിട്ട്‌ അഞ്ചു കഴിഞ്ഞു. പെട്ടെന്ന്‌ പ്രകൃതിയുടെ ഭാവം മാറി. ഒപ്പം മുറ്റത്തെ ജലനിരപ്പും കൂടി തുടങ്ങി. കണ്ണടച്ചു തുറക്കും മുമ്പ്‌ വീടിന്റെ പടികള്‍ മുങ്ങുന്നു. സഹായത്തിനായി ഞാന്‍ സഹോദരിയുടെ മകനെ വിളിച്ചു. ആരും അടുത്തെങ്ങുമില്ല. വെള്ളം ഉമ്മറപ്പടിയിലെത്തി. അമ്മയും കുഞ്ഞമ്മയും എന്റെ കണ്ണുകളിലേക്ക്‌ നോക്കി. പെറ്റമ്മയെ പ്രളയത്തിന്‌ വിട്ടുകൊടുത്ത മകന്റെ നിസഹായത ഞാന്‍ ചിന്തിച്ചുനോക്കി. നെഞ്ചില്‍ കൈവച്ചുകൊണ്ട്‌ ഭഗവാന്മാരുടെ ചിത്രത്തിലേക്ക്‌ നോക്കി. പുറത്ത്‌ വെള്ളത്തിലൂടെ ആരോ നീന്തി എത്തുന്ന ശബ്‌ദം. സഹോദരിയുടെ മകന്‍ രാജേഷും ബന്ധുവായ പ്രശാന്തുമാണ്‌. അവര്‍ എത്തിയപ്പോഴേക്കും വീടിനുള്ളില്‍ പൊത്ത മുങ്ങാന്‍ പാകത്തിന്‌ വെള്ളം കയറി കഴിഞ്ഞിരുന്നു. വേഗം താഴെയുള്ള രണ്ടു സെറ്റികള്‍ സ്‌റ്റെയര്‍ കേസിന്റെ മധ്യഭാഗത്തേക്ക്‌ ഉയര്‍ത്തിവച്ചു. അമ്മയേയും കുഞ്ഞമ്മയേയും അതിലിരുത്തി. ഇതിനകം ജലനിരപ്പ്‌ വീടിനുള്ളില്‍ മുട്ടറ്റം എത്തികഴിഞ്ഞിരുന്നു. നോക്കി ഇരിക്കെ പുറത്ത്‌ ഇരുള്‍ പരന്നു. എങ്ങും അന്ധകാരം. ആളും ആരവവും ഒഴിഞ്ഞ നാട്‌. പക്ഷികളുടെ കരച്ചില്‍ നിലച്ചു. പ്രധാന റോഡ്‌ ഭേദിച്ച്‌ വയല്‍ ലക്ഷ്യമാക്കി ഒഴുകുന്ന വെള്ളത്തിന്റെ ശബ്‌ദം മാത്രം ഉയര്‍ന്നുകേള്‍ക്കാം. മണ്ണെണ്ണവിളക്കും നിലവിളക്കും സ്‌റ്റെയര്‍കേസിലേക്ക്‌ മാറ്റി. വിളക്ക്‌ തെളിഞ്ഞതോടെ അരണ്ടവെളിച്ചം മുറിയില്‍ നിറഞ്ഞു.
ഈ സമയം വീടിനുമുന്നിലെ റോഡില്‍ ആളൊപ്പം വെള്ളം. അപ്പുറത്തുനിന്നും സഹോദരിയുടെ മൂത്തമകന്‍ രാജഗോപാല്‍ വിളിച്ചു പറഞ്ഞു.
'സൂക്ഷിക്കുക...ഞാന്‍ ഇടയ്‌ക്ക് വരാന്‍ നോക്കാം.'
റോഡിലെ ശക്‌തമായ നീരൊഴുക്ക്‌ അയാളുടെ യാത്രയെ തടസപ്പെടുത്തിയതിനാല്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു. അരയറ്റം വെള്ളം മുറിക്കുള്ളിലായപ്പോള്‍ ഞങ്ങളും സ്‌റ്റെയര്‍കേസില്‍ അഭയം തേടി. ഇതിനിടെ എന്റെ ജേഷ്‌ഠന്റെ വിളിവന്നു. അകലെ ഒരിടത്ത്‌ വിവാഹത്തിന്‌ കുടുംബസമേതം പോയതായിരുന്നു അദ്ദേഹം. വീടിന്റെ അവസ്‌ഥ അറിഞ്ഞ്‌ വെപ്രാളപ്പെട്ടുള്ള വിളിയാണ്‌. കുഴപ്പമില്ലെന്ന്‌ പറഞ്ഞ്‌ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. വൈകാതെ എന്റെ ഭാര്യ ശ്രീലതയുടെ ഫോണ്‍വിളിയും എത്തി. വാക്കുകളില്‍ തങ്ങിനിന്ന ആശങ്ക അകറ്റാന്‍ ഞാന്‍ ശ്രമിച്ചുനോക്കിയെങ്കിലും ഫലിച്ചില്ല. ഇതിനിടെ എന്റെ മൊബൈല്‍ ഫോണിന്റെ ചാര്‍ജ്‌ കുറഞ്ഞുകൊണ്ടിരുന്നു. ഒപ്പം മൊബൈല്‍ ടവറിന്റെ റേഞ്ചും പതിയെ ഇല്ലാതാകുന്നത്‌ ഞാന്‍ തിരിച്ചറിഞ്ഞു. വൈദ്യുതി ഇല്ലാത്തതിനാല്‍ പല മൊബൈല്‍ ടവറുകളും ഓഫായി. പ്രളയംമൂലം ഇന്ധനം ഉപയോഗിച്ച്‌ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയാത്ത അവസ്‌ഥ.

പ്രളയരാവ്‌

ഭൂമി കരിമ്പടം ചൂടിനിന്ന രാവ്‌. വീടിന്റെ മുകളില്‍ നിന്നും ഞാന്‍ ആകാശത്തേക്ക്‌ നോക്കി. ഭീകര രൂപം പൂണ്ട കരിമേഘങ്ങള്‍ കിഴക്കോട്ടുപായുന്നു. പ്രകൃതിക്ക്‌ പൈശാചിക ഭാവം. താഴേക്ക്‌ ഞാന്‍ ഭീതിയോടെ നോക്കി. പ്രളയജലം പടിക്കലുള്ള ഗേറ്റിനെ പൂര്‍ണമായും വിഴുങ്ങിക്കഴിഞ്ഞു. അടുത്തുള്ള കുടകശേരി തോമസിന്റെ കട രണ്ടടികൂടി ജലമുയര്‍ന്നാല്‍ മുങ്ങിപോകുമെന്ന അവസ്‌ഥ. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ മിഴിച്ചുനിന്നു. തലേ രാത്രിയുടെ ശാന്തത ഞാന്‍ തിരിച്ചറിഞ്ഞു. ഭാര്യ ശ്രീലതയും മകള്‍ ഗംഗയും ഒരുമിച്ച്‌ കഥപറഞ്ഞ്‌ ടി.വി കണ്ടതും ഭക്ഷണം കഴിച്ചതും മനസില്‍ തെളിഞ്ഞുവന്നു. ഇനിയും ആ സുന്ദര രാവുകള്‍ മടങ്ങിയെത്തുമോ എന്ന തോന്നല്‍. പിന്നിട്ട ദിനങ്ങളുടെ ശാന്തത എന്നന്നേക്കുമായി കൈവിട്ടുപോയോ.....?.
ഇതിനിടെ എന്റെ ജേ്യഷ്‌ഠന്റെ ബന്ധുവായ പ്ര?ഫ. സോമനാഥപിള്ളയും പത്തനംതിട്ടയില്‍ നിന്നും സഹോദര തുല്യനായ പ്രിയ സുഹൃത്ത്‌ സുബക്‌ സുന്ദറും പലകുറി വിളിച്ചു. റസ്‌ക്യൂ ടീമിനെ ഇവര്‍ ഇതിനോടകം തന്നെ എന്റെ അവസ്‌ഥ അറിയിച്ചുകഴിഞ്ഞിരുന്നു. തിരുവനന്തപുരത്തുനിന്നും മംഗളം ലേഖകന്‍ ജയചന്ദ്രന്‍ വിളിച്ചു. തുടര്‍ന്ന്‌ അദ്ദേഹം എന്റെ രക്ഷയ്‌ക്കായി ഏറെ ശ്രമിച്ചു. എന്റെ ഭാര്യ ഒരു പോള കണ്ണടയ്‌ക്കാതെ ഞാനുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
പെട്ടെന്ന്‌ കാറ്റ്‌ ആഞ്ഞുവീശി. വീണ്ടും മഴയ്‌ക്കുള്ള പുറപ്പാടാണ്‌. പടിഞ്ഞാറുനിന്നും മഴയിരമ്പം കേട്ടുതുടങ്ങി. വൈകിയില്ല...തുള്ളിക്കൊരുകുടം കണക്കെ വീണ്ടും പെരുമഴ. ചുറ്റും കൂരിരുട്ട്‌ വലയം ചെയ്‌തിരിക്കുന്നു. നേരം പാതിരാവോളം പിന്നിട്ടുകാണും. സ്‌റ്റെയര്‍കേസില്‍ എന്റെ അമ്മയും കുഞ്ഞമ്മയും ഇരിക്കുന്ന പടിയും മുങ്ങാന്‍ പോകുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഇനിയുള്ള സ്‌ഥലം സ്‌റ്റെയര്‍കേസിന്റെ ഏറ്റവും മുകള്‍ ഭാഗം മാത്രമാണ്‌. അവിടെ തടി ഉരുപ്പടികള്‍ അടുക്കിവച്ചിരിക്കുകയാണ്‌. സഹോദരിയുടെ മകന്‍ രാജേഷും ബന്ധുവായ പ്രശാന്തും ചേര്‍ന്ന്‌ ഉരുപ്പടികള്‍ സ്‌റ്റെയര്‍കേസിന്‌ വെളിയിലേക്കിട്ടു. തുടര്‍ന്ന്‌ സെറ്റിയോടൊപ്പം അമ്മയേയും കുഞ്ഞമ്മയേയും മുകളിലെത്തിച്ചു. അപ്പോഴും പുറത്ത്‌ മഴ പെയ്‌തുകൊണ്ടിരുന്നു.
പുറത്തുനിന്നും ആഞ്ഞടിച്ച കാറ്റിന്‌ ദേഹം തുളയ്‌ക്കുന്ന തണുപ്പായിരുന്നു. നേരത്തെ വലിച്ചെറിഞ്ഞ തടി ഉരുപ്പടികളില്‍ ചിലതെടുത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കാഞ്ഞു. നേരം പുലരാന്‍ ഇനിയും യാമങ്ങളുടെ കാത്തിരിപ്പുവേണം. കണ്ണിന്‌ കനം ഏറിവന്നെങ്കിലും ഉറങ്ങാന്‍ തോന്നിയില്ല. പ്രായാധിക്യംമൂലം ഏറെ ക്ഷീണിതയാണ്‌ അമ്മ. പക്ഷേ ഉറക്കം രണ്ട്‌ അമ്മമാരില്‍ നിന്നും വിട്ടകന്നു കഴിഞ്ഞിരുന്നു. ഇടയ്‌ക്ക് പുറത്തിറങ്ങിനോക്കും. പ്രളയത്തിന്റെ ആധിക്യം കണ്ട്‌ മനസുമടുത്ത്‌ മടങ്ങും. ഇരിക്കാനും കിടക്കാനും തോന്നാത്ത അവസ്‌ഥ. ഇതിനിടെ വീണ്ടും രണ്ടു സ്‌റ്റെപ്പുകൂടി മുങ്ങിമറയുന്നത്‌ ഞാന്‍ നോക്കി നിന്നു. സമയം എത്രയായെന്നറിയില്ല. അടൂരില്‍ നിന്നും മംഗളത്തിന്റെ ജില്ലാ സര്‍ക്കുലേഷന്‍ മാനേജര്‍ തോമസ്‌ വര്‍ഗീസിന്റെ വിളിവന്നപ്പോഴാണ്‌ നേരം പുലരാറായ വിവരം അറിഞ്ഞത്‌. വെള്ളപ്പൊക്കം മൂലം പത്രം വന്നിട്ടില്ലെന്നായിരുന്നു തോമസിന്റെ പരാതി. പ്രളയത്തില്‍ അകപ്പെട്ട എന്റെ അവസ്‌ഥ അറിഞ്ഞ്‌ തോമസ്‌ വിതുമ്പി.
സമയം നാലര കഴിഞ്ഞിരിക്കുന്നു. അപ്പോഴും വെള്ളം വരവിന്‌ തെല്ലും കുറവില്ല. ശേഷിക്കുന്നത്‌ നാലുപടികള്‍ കൂടി മാത്രമാണ്‌. അവിടം വരെ ജലനിരപ്പുയര്‍ന്നാല്‍ ഞാന്‍ എന്തുചെയ്യും?. അമ്മയുടെയും കുഞ്ഞമ്മയേയും എങ്ങനെ രക്ഷിക്കും?. എന്റെ മനസ്‌ പതറി തുടങ്ങി.

പകലിന്‌ രൗദ്രഭാവം

നേരം പുലരും മുമ്പ്‌ വീണ്ടും ഭാര്യയുടെ വിളിയെത്തി. പമ്പാതീരത്തുനിന്നും അഞ്ചു കി.മീറ്റര്‍ അകലെയുള്ള ആലായും വള്ളം പൊങ്ങി തുടങ്ങി എന്നറിഞ്ഞതോടെ എന്റെ മനോനില കൂടുതല്‍ വഷളായി. കിഴക്ക്‌ വെള്ള വീശിയെങ്കിലും പുലരിയുടെ സൗന്ദര്യത്തില്‍ രൗദ്രഭാവം നിഴലിച്ചുനിന്നു. നേരം പുലര്‍ന്നതോടെ ചുറ്റുമുള്ള വീടുകളുടെ അവസ്‌ഥയും സമാനമാണെന്ന്‌ വ്യക്‌തമായി. എന്റെ വീടിന്‌ സമീപമുള്ള മറുകര എന്ന വീട്ടില്‍ നിന്നും കൂ വിളി ഉയര്‍ന്നു. വീടിന്റെ രണ്ടാം നിലയില്‍ മൂന്നു കുടുംബങ്ങള്‍ അഭയം തേടിയിരിക്കുന്നു. അവര്‍ക്ക്‌ കുടിക്കാന്‍ തുള്ളിവെള്ളം പോലും ഇല്ലെന്നറിഞ്ഞു. എെന്റ വീടിലെ വാട്ടര്‍ ടാങ്കില്‍ വെള്ളമുണ്ട്‌. പക്ഷേ എങ്ങനെ നല്‍കും. നീന്തിയെത്തിയാല്‍ കൊടുക്കാമെന്ന്‌ പറഞ്ഞു. പക്ഷേ പ്രളയത്തിന്റെ കുത്തൊഴുക്കില്‍ ആര്‌ നീന്തിയെത്തും. രാവിലെ അല്‍പ്പം വെള്ളം കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. ടാങ്കില്‍ നിന്നും പച്ചവെള്ളം എടുത്ത്‌ കുടിച്ചു. അമ്മയ്‌ക്കും കുഞ്ഞമ്മയ്‌ക്കും തിളപ്പിച്ച വെള്ളം വേണം. അടുക്കളയില്‍ സ്‌റ്റൗവും ഗ്യാസും ഉണ്ടെങ്കിലും അവയെല്ലാം വെള്ളത്തിനടിയിലാണ്‌.
'ചിറ്റപ്പന്‌ നീളമുണ്ടല്ലൊ താഴെ നിലയുണ്ടാകുമോ ?' അടുക്കളയില്‍ നിന്നും സ്‌റ്റൗവും ഗ്യാസും എത്തിച്ചാല്‍ ചൂടുവെള്ളം ഉണ്ടാക്കാമെന്ന്‌ രാജേഷ്‌ പറഞ്ഞപ്പോള്‍ ഒന്ന്‌ പരീക്ഷിച്ചുനോക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ ദേഹം തുളയ്‌ക്കുന്ന തണുപ്പാണ്‌ വെള്ളത്തിന്‌. രണ്ടും കല്‍പ്പിച്ച്‌ സ്‌റ്റെയര്‍കേസ്‌ പടികള്‍ ഇറങ്ങി. ദേഹം കഴുത്തോളം മുങ്ങി താണു. പിന്നെ നോക്കി നിന്നില്ല നീന്താന്‍ തന്നെ തീരുമാനിച്ചു. മുറിക്കുള്ളില്‍ ഫര്‍ണ്ണിച്ചറുകള്‍ ഒഴുകി നടക്കുന്നു. അവയില്‍ പിടിച്ചുകൊണ്ട്‌ ഹാളും പിന്നിട്ട്‌ അടുക്കളയിലെത്തി. സ്‌റ്റൗ ഇരിക്കുന്നിടം അറിയാമായിരുന്നതിനാല്‍ ആദ്യം അത്‌ കയ്യിലെടുത്തു. നീന്തി സ്‌റ്റെയര്‍കേസിന്‌ സമീപമെത്തി രാജേഷിന്റെ കയ്യില്‍ കൊടുത്തു. ഭാഗ്യത്തിന്‌ സ്‌റ്റൗവിന്റെ മുകളില്‍ ഒരു ദോശക്കല്ലും ഉണ്ടായിരുന്നു. പിന്നീട്‌ വീണ്ടും അടുക്കളയിലെത്തി. ഗ്യാസ്‌ കണ്ടെത്താന്‍ അധികം അധ്വാനിക്കേണ്ടി വന്നില്ല. അതും മുകളിലാക്കി. അടുത്തത്‌ കാപ്പിപ്പൊടിയും പഞ്ചസാരയ്‌ക്കും വേണ്ടിയുള്ള നീന്തല്‍. ഭാഗ്യത്തിന്‌ ഷെല്‍ഫിന്റെ ഏറ്റവും മുകളിലത്തെ തട്ടില്‍ നിന്നും അവ കണ്ടെത്താന്‍ കഴിഞ്ഞു. സമീപം ഒരു ചെറിയ പ്ലാസ്‌റ്റിക്‌ കൂടില്‍ ഗോതമ്പ്‌ പൊടിയും സഞ്ചിയില്‍ അരിയും കാണായി. അവയും സ്‌റ്റെയര്‍ കേസിനു മുകളില്‍ എത്തിയതോടെ ചൂട്‌ കടുംകാപ്പി റെഡി. രാജേഷ്‌ ദോശക്കല്ല്‌ ചൂടാക്കി ഗോതമ്പ്‌ കുഴച്ച്‌ അടപോലെ എന്തോ ഒരു ഭക്ഷണം ഉണ്ടാക്കി അമ്മയ്‌ക്കും കുഞ്ഞമ്മയ്‌ക്കും നല്‍കി. ഒപ്പം കടുംകാപ്പിയുടെ സാന്ത്വനവും.
ഇടയ്‌ക്ക് വെള്ളം വരവ്‌ ഞങ്ങള്‍ പരിശോധിച്ചു. ഭാഗ്യം വരവ്‌ നിലച്ചിരിക്കുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക്‌ ശേഷം ഒരു തുള്ളി വെള്ളം ഉയര്‍ന്നിട്ടില്ല. പുറത്ത്‌ മഴയുടെ കനം കുറഞ്ഞതുപോലെ. സൂര്യകിരണം കണ്ടുതുടങ്ങിയതോടെ മനസൊന്ന്‌ തണുത്തു.

ഒഴുകിയെത്തിയ സാന്ത്വനം

വെള്ളം വരവ്‌ നിലച്ചെന്ന്‌ തോന്നിയെങ്കിലും പ്രകൃതിക്ക്‌ വലിയ മാറ്റം വന്നിട്ടില്ല. ഇടയ്‌ക്ക് മഴ പെയ്യുന്നുണ്ട്‌. ആകാശത്തില്‍ കരിമേഘങ്ങളുടെ ഘോഷയാത്ര തുടര്‍ന്നുകൊണ്ടിരുന്നു. രാവിലെ പത്തുമണി കഴിഞ്ഞിരിക്കുന്നു. പ്രാഥമിക കൃത്യ നിര്‍വഹണത്തിനുപോലും മറ്റ്‌ വഴിയില്ല. നിനച്ചിരിക്കാതെ പുറത്ത്‌ ഒരാരവം. യമഹാ എന്‍ജിന്‍ ഘടിപ്പിച്ച റസ്‌ക്യൂ ബോട്ടില്‍ രണ്ടുപേര്‍ വരുന്നു. ഒരാള്‍ ബി.ജെ.പി പ്രവര്‍ത്തകനായ അജയന്‍, മറ്റെയാള്‍ സി.പി.എം പ്രവര്‍ത്തകനും സുഹൃത്തുമായ വിജയകുമാര്‍. എന്തൊരു മാറ്റം. പ്രളയത്തില്‍ ഒലിച്ചുപോയ രാഷ്‌ട്രീയ വൈര്യം കണ്ടതോടെ മനസ്‌ അല്‍പ്പം കൂടി ശാന്തമായി. 'സജിചേട്ടാ ...എന്തെങ്കിലും വേണോ?ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്‌. എന്താവശ്യം ഉണ്ടെങ്കിലൂം വിളിച്ചാല്‍ മതി' വിജയകുമാര്‍ പറഞ്ഞു. ഒപ്പം രണ്ട്‌ പായ്‌ക്കറ്റ്‌ ബിസ്‌ക്കറ്റ്‌ അവര്‍ എറിഞ്ഞുതന്നു. വെള്ളം വേണോ എന്ന്‌ ചോദിച്ചപ്പോള്‍ ഉണ്ടെന്ന്‌ മറുപടി നല്‍കി. മറുകരയില്‍ വെള്ളമില്ലാത്ത അവസ്‌ഥയും അവരെ അറിയിച്ചു. അവര്‍ മടങ്ങിയതോടെ എന്റെ സുഹൃത്തുക്കളായ പുല്ലേലത്ത്‌ പ്രസാദും ആറ്റുവേലകടവില്‍ സന്തോഷും ബോട്ടിലെത്തി. ഒരുചാക്ക്‌ അരിയുമായാണ്‌ വരവ്‌. അരി സ്‌റ്റോക്ക്‌ ഉണ്ടെന്നറിഞ്ഞതോടെ രണ്ടുകുപ്പി വെള്ളം തന്നശേഷം അവര്‍ മടങ്ങി.
ഇടയ്‌ക്ക് മംഗളം പത്തനംതിട്ട ലേഖകന്‍ വിശാഖനും ഫോട്ടോഗ്രാഫര്‍ സാജ്‌ പനംപറ്റയും വിളിച്ചു കാര്യങ്ങള്‍ തിരക്കി. രാത്രി എന്റെ അവസ്‌ഥ ഓര്‍ത്ത്‌ വിശാഖനും ഭാര്യയും ഉറങ്ങിയിരുന്നില്ല. എനിക്ക്‌ സാന്ത്വനവുമായി കൂട്ടുകാര്‍ ചുറ്റുമുണ്ടെന്ന തോന്നല്‍ എന്നെ ഉന്മേഷവാനാക്കി. പക്ഷേ വൈകാതെ ചില കിംവദന്തികളും നാട്ടില്‍ പരന്നു. പ്രളയത്തില്‍ കുറഞ്ഞത്‌ അയ്യായിരം പേരെങ്കിലും ഒഴുകി പോയിട്ടുണ്ടത്രെ.... അടുത്തുള്ള തോട്ടപ്പുഴശേരിയില്‍ നിന്നും അമ്പത്‌ പേര്‍ ഒഴുകി പോയെന്നും ചിലര്‍ പ്രചരിപ്പിച്ചു. അതോടെ മനസ്‌ വീണ്ടും കലുഷിതമായി.
തലയ്‌ക്കുമുകളിലൂടെ രക്ഷാദൗത്യവുമായി ഹെലികോപ്‌റ്ററുകള്‍ പാഞ്ഞുകൊണ്ടിരുന്നു. അതില്‍ ഒരു കോപ്‌റ്റര്‍ ഞങ്ങളുടെ വീടിനുമുകളിലെത്തി. പൈലറ്റ്‌ താഴേക്ക്‌ നോക്കി. ചുറ്റിലും ഒരേ അവസ്‌ഥയായതുകൊണ്ടാവാം കോപ്‌റ്റര്‍ വടക്കുഭാഗം ലക്ഷ്യമാക്കി പാഞ്ഞു. സുബക്‌ സുന്ദര്‍ നടത്തിയ ഇടപെടല്‍ ഫലം കണ്ടതിന്റെ ലക്ഷണമാണത്‌. വൈകാതെ അദ്ദേഹം വിളിച്ചു. 'അവര്‍ സജിത്തിനെ കണ്ടുകഴിഞ്ഞു. പക്ഷേ സേഫ്‌ ആയതിനാല്‍ പോയതാണ്‌' സുബക്‌ സുന്ദര്‍ എന്ന ഷാജിചേട്ടനും ബന്ധുവായ പ്ര?ഫ.സോമനാഥപിള്ളയ്‌ക്കും ജയചന്ദ്രനും മനസില്‍ നന്ദി പറഞ്ഞു.
വെള്ളം വരവ്‌ നിലച്ചുകഴിഞ്ഞു. ഉയര്‍ച്ചയില്ലെങ്കിലും അത്രപെട്ടന്ന്‌ താഴാനുള്ള ഭാവമില്ല. ഉച്ചയോടെ എന്റെ മകള്‍ വിളിച്ചു. വിറയാര്‍ന്ന സ്വരത്തോടെ അവള്‍ പറഞ്ഞു. 'അച്‌ഛാ ഇവിടെയും വെളളം പൊങ്ങുന്നു ഞങ്ങള്‍ മറ്റൊരിടത്തേക്ക്‌ മാറുകയാണ്‌'. മനസില്‍ ഒരു കുട്ട തീയിട്ട പ്രതീതി. എന്തുചെയ്യാന്‍ കഴിയും. ഒരിടത്ത്‌ അമ്മയും കുഞ്ഞമ്മയും. മറ്റൊരിടത്ത്‌ ഭാര്യയും മകളും. നിസഹായവസ്‌ഥ തിരിച്ചറിഞ്ഞ നിമിഷം. മനസിന്റെ വേദന ആരെയും അറിയിച്ചില്ല. ഇടയ്‌ക്ക് ആകാശം വീണ്ടും ഇരുണ്ടുമൂടി. മഴ ആര്‍ത്തിരമ്പിയെത്തി. വൈകാതെ ഒരു മോട്ടോര്‍ ബോട്ട്‌ പാഞ്ഞടുക്കുന്ന ശബ്‌ദം. ഞങ്ങള്‍ വീടിന്‌ മുകളില്‍ നിന്നുനോക്കുമ്പോള്‍ കടലില്‍ മീന്‍പിടുത്തക്കാര്‍ ഉപയോഗിക്കുന്ന വലിയ ബോട്ട്‌ അടുത്തുവരുന്നത്‌ കാണായി. ഏഴുപേരോളം ബോട്ടിലുണ്ട്‌. കാര്യം തിരക്കിയപ്പോള്‍ വയലിനു നടുവില്‍ വീടുവച്ച്‌ താമസിക്കുന്ന വൃദ്ധ ദമ്പതികളെ രക്ഷിക്കാന്‍ വന്നതാണെന്ന്‌ മറുപടി പറഞ്ഞു. ചാക്കോള മണ്ണില്‍ എന്ന വീടാണ്‌ തിരക്കുന്നത്‌. നേരെപോയാല്‍ അവിടെ എത്തില്ല. വളഞ്ഞ വഴി പറഞ്ഞുകൊടുത്തു. ബോട്ട്‌ ഇരുകരകളിലും ഓളം സൃഷ്‌ടിച്ചുകൊണ്ട്‌ അകന്നുപോയി. അമേരിക്കയിലുള്ള മക്കളാണ്‌ മാതാപിതാക്കളെ രക്ഷിക്കാന്‍ തിരുവനന്തപുരത്തുള്ള മുക്കുവന്മാരെ ഏര്‍പ്പെടുത്തിയത്‌. തിരുവനന്തപുരത്തുനിന്നും ഉദ്ദേശം 130 കി.മീറ്റര്‍ താണ്ടി എത്തിയവരാണ്‌. അവര്‍ എങ്ങനെ വീട്‌ കണ്ടെത്തുമെന്ന ചിന്തയും ഞങ്ങള്‍ക്കുണ്ടായി. പക്ഷേ ദൈവം തുണച്ചതിനാല്‍ ഒന്നര മണിക്കുറിന്‌ ശേഷം ദമ്പതികളുമായി രക്ഷാ ബോട്ട്‌ മടങ്ങിപ്പോകുന്നതും കാണാന്‍ കഴിഞ്ഞു.

പ്രകൃതി ശാന്തമാകുന്നു

രാവ്‌ വീണ്ടും അണഞ്ഞു. എങ്ങും അന്ധകാരം മാത്രം. ഒരു മനുഷ്യജീവിയുടെ ശബ്‌ദംപോലും കേള്‍ക്കാനില്ല. വെള്ളം ഇറങ്ങി തുടങ്ങിയിരിക്കുന്നു. ഈ സമയം എന്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളോടൊപ്പം ചെറിയനാട്ടിലുള്ള ഒരു അധ്യാപികയുടെ വീട്ടില്‍ അഭയം തേടിയെന്ന വാര്‍ത്തയും എത്തി. അതോടെ എന്റെ മൊബൈല്‍ ഫോണിന്റെ ചാര്‍ജും തീര്‍ന്നു. രാത്രി തീകാഞ്ഞും കടുംചായ കുടിച്ചും നേരം വെളുപ്പിച്ചു. അപ്പോഴേക്കും വെളളം മൂന്ന്‌ സ്‌റ്റെപ്പ്‌ ഇറങ്ങി കഴിഞ്ഞിരുന്നു. അടുത്ത വീടായ മറുകരയില്‍ നിന്നും പുട്ടും കാപ്പിപ്പൊടിയും പഞ്ചസാരയുമായി ശ്യാമളച്ചേച്ചിയുടെ മകനെത്തി. ഇഷ്‌ടന്‍ സാധനങ്ങള്‍ വലിയ പാത്രത്തില്‍ വച്ച്‌ നീന്തി എത്തുകയായിരുന്നു. മൂന്നുകുപ്പി കുടിവെള്ളം അവര്‍ക്കുനല്‍കി പറഞ്ഞയച്ചു. നേരം പത്തുമണിയായപ്പോള്‍ റോഡിനും അപ്പുറത്തുനിന്നും ഒരു കൂകല്‍ ഉയര്‍ന്നു. മറുകൂവലാല്‍ അഭിവാദ്യം ചെയ്‌തതോടെ ചോദ്യം എത്തി ' ചേട്ടാ എന്തെങ്കിലൂം വിശേഷമുണ്ടോ?'. എന്റെ സുഹൃത്ത്‌ കിഴക്കേടത്തുവടക്കേതില്‍ ആനന്ദാണ്‌. ദൈവം തുണച്ചെന്ന്‌ മറുപടി നല്‍കിയതോടെ ആനന്ദ്‌ കൈവീശി കാട്ടിയശേഷം മടങ്ങി. വൈകാതെ സഹോദരിയുടെ ഭര്‍ത്താവ്‌ രാമചന്ദ്രന്‍ നായര്‍ വീണ്‌ കൈയ്യൊടിഞ്ഞതായി വാര്‍ത്തയെത്തി. എന്നെ തിരക്കി വന്നതാണ്‌ അദ്ദേഹം. നൂറുമീറ്റര്‍ മാറിയുള്ള മറ്റൊരു വീടിന്റെ മുകളില്‍ എന്റ ബന്ധു അരുണും അജീഷും ഉണ്ട്‌. അവര്‍ എവിടെയെന്നറിയാന്‍ വിളിച്ചുനോക്കി. അരുണിന്റെ കഷണ്ടിതല മഴയുടെ മറവിലും തെളിഞ്ഞുവന്നതോടെ ആശ്വാസമായി. വൈകുന്നേരത്തോടെ ജലനിരപ്പ്‌ വീണ്ടും കുറഞ്ഞു.
ഇതിനിടെ ആറന്മുള പള്ളിയോടങ്ങളില്‍ ഒന്ന്‌ ഒഴുക്കില്‍പ്പെട്ടതായുള്ള വാര്‍ത്ത പരന്നു. പ്രളയക്കെടുതിയില്‍ അയ്യായിരം പേര്‍ ഒലിച്ചുപോയെന്ന വാര്‍ത്ത അസത്യമാണെന്നും മനസിലായി. എല്ലാം ഒരു പേക്കിനാവുപോലെ അവസാനിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോയ നിമിഷം.
അടുത്ത പകല്‍ ഇരുണ്ടുവെളുത്തതോടെ സഹോദരിയുടെ മകന്‍ രാജേഷും ബന്ധുവായ പ്രശാന്തും പറുത്തിറങ്ങി. മുറ്റത്ത്‌ അരയറ്റം വെള്ളം അപ്പോഴും ഉണ്ടായിരുന്നു. അവര്‍ പോയി ഒരു വള്ളവുമായാണ്‌ മടങ്ങിയെത്തിയത്‌. സമീപമുള്ള ചാത്തന്‍പാറയില്‍ ഉണ്ണിയും കണ്ണനും ഒപ്പമുണ്ട്‌. അമ്മയേയും കുഞ്ഞമ്മയേയും അവര്‍ വള്ളത്തിലേക്ക്‌ മാറ്റി. ഒപ്പം ഞാനും കയറി. വള്ളം ഇരുനൂറുമീറ്റര്‍ അകലേക്ക്‌ റോഡിലൂടെ തുഴഞ്ഞുനീങ്ങി. ദൂരെ പ്രളയത്തില്‍ മുങ്ങിയ എന്റെ വീടിനെ ഞാന്‍ നിറകണ്ണുകളോടെ നോക്കി നിന്നു. വൈകാതെ ഓട്ടോറിക്ഷയില്‍ സഹോദരിയുടെ വീട്ടിലെത്തി.
പ്രളയം സമ്മാനിച്ച ദുരിതംതാണ്ടി ഞങ്ങള്‍ നാലുനാള്‍ സഹോദരിയുടെ വീട്ടില്‍ പാര്‍ത്തു. അവിടെ അയല്‍വാസികളായ ഏഴുവീട്ടുകാര്‍ കൂടി അഭയം തേടിയിരുന്നു. വെള്ളം ഇറങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലെത്തി. പ്രളയം ചവിട്ടിക്കുഴച്ച വീട്ടിനുള്ളില്‍ നിറയെ എക്കല്‍ അടിഞ്ഞിരിക്കുന്നു. മുറ്റത്ത്‌ കാല്‍മുട്ടുവരെ ചേറു നിറഞ്ഞ അവസ്‌ഥ. എങ്കിലും മനസ്‌ ശാന്തമായിരുന്നു. കാരണം എന്റെ ഭാര്യയും മകളും സസുഖം വീട്ടില്‍ തിരിച്ചെത്തിയതായി അറിഞ്ഞു. പ്രകൃതിക്കൊപ്പം മനസും ശാന്തമായി. ഇനി ജീവിതത്തിലേക്കുള്ള മടക്കയാത്രയാണ്‌. വീട്‌ വാസയോഗ്യമാക്കാന്‍ ഇനിയും ആഴ്‌ചകള്‍ കാത്തിരിക്കണം.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Sunday 09 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW