Tuesday, June 11, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.39 AM

പൂര്‍ണയ്‌ക്കും ഷംനയ്‌ക്കും ഒരേ റേറ്റിംഗ്‌

uploads/news/2018/09/247069/sun5.jpg

മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്ന്‌ കാമ്പുള്ള കഥാപാത്രങ്ങള്‍ തേടിവരുമ്പോഴും ഷംന കാസിമിന്റെ ഉള്ളില്‍ മാതൃഭാഷ തന്നിലെ അഭിനേത്രിയെ വേണ്ടവിധം ഉപയോഗിക്കാത്തതിന്റെ ദുഃഖം ഉണ്ടായിരുന്നു. തെലുങ്കിലും തമിഴിലും സജീവമായി നില്‍ക്കുമ്പോള്‍ മലയാളത്തില്‍ ബ്രേക്ക്‌ എടുത്തതുപോലും നല്ലൊരു കഥാപാത്രത്തിനായി കാത്തിരുന്നതുകൊണ്ടാണ്‌. കുട്ടനാടന്‍ ബ്ലോഗ്‌ എന്ന മമ്മൂട്ടി ചിത്രത്തിലെ 'നീന' എന്ന പോലീസ്‌ വേഷത്തിലൂടെ മോളിവുഡിലും സ്‌ഥാനം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ താരം.

കേരളക്കര കടന്നാല്‍ പൂര്‍ണ എന്ന പേരിലാണല്ലോ ഷംന അറിയപ്പെടുന്നത്‌. കൂടുതല്‍ ഭാഗ്യം കൊണ്ടുവന്നത്‌ ആ പേരിലെ രാശിയാണെന്ന്‌ കരുതുന്നുണ്ടോ?

പൂര്‍ണ എന്ന്‌ പേരുമാറ്റിയത്‌ സംഖ്യാശാസ്‌ത്രമോ രാശിയോ ഒന്നും നോക്കിയല്ല. ഷംന എന്നുച്ചരിക്കാന്‍ മറ്റുഭാഷക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടെന്ന്‌ കണ്ടാണ്‌ അങ്ങനൊരു തീരുമാനമെടുത്തത്‌. വീട്ടിലും കൂട്ടുകാര്‍ക്കിടയിലും മലയാളി പ്രേക്ഷകര്‍ക്കും ഞാനിപ്പോഴും ഷംന തന്നെയാണ്‌. നര്‍ത്തകി എന്ന നിലയില്‍ പല അംഗീകാരങ്ങളും ആ പേരില്‍ എന്നെ തേടി എത്തിയിട്ടുണ്ട്‌. രണ്ടും എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. പൂര്‍ണയ്‌ക്കും ഷംനയ്‌ക്കും സെയിം റേറ്റിംഗ്‌ നല്‍കാനേ കഴിയൂ.

തെന്നിന്ത്യന്‍ താരസുന്ദരികള്‍ ആരും ഇതുവരെ കാണിക്കാത്ത ധൈര്യമാണ്‌ കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി തലമൊട്ട അടിക്കുന്നത്‌?
അതിനെ ധൈര്യം എന്നുവിളിച്ചുകൂടാ. 'കൊടിവീരന്‍' എന്ന തമിഴ്‌ ചിത്രത്തിനുവേണ്ടി സംവിധായകന്‍ ശശികുമാര്‍ സാര്‍ സമീപിക്കുമ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നാ ല്‍, മുടി മൊട്ട അടിക്കുന്ന കാര്യംകേട്ട്‌ ഞാന്‍ അപ്‌സെറ്റ്‌ ആയി. മുടി കൊഴിയുമ്പോള്‍ ഡിപ്രെഷന്‍ അടിച്ച്‌, ട്രീറ്റ്‌മെന്റ്‌ നടത്തുന്ന ആളാണ്‌ ഞാന്‍. ചിന്തിച്ചിട്ടൊരു എത്തും പിടിയും കിട്ടിയില്ല. ഇങ്ങനൊരു ഓഫര്‍ ഇനി കിട്ടിയെന്നു വരില്ല. അതുകൊണ്ട്‌ തീരുമാനം എടുക്കാന്‍ കഴിയാതെ കുഴഞ്ഞു. ശരീരത്തിനാവശ്യമുള്ള പോഷകങ്ങളേക്കാള്‍ മുടിയുടെ ആരോഗ്യത്തിന്‌ ആവശ്യമുള്ള ഭക്ഷണമാണ്‌ മമ്മി തന്നിരുന്നത്‌. എന്റെ മുടിയുടെ കാര്യത്തില്‍ അങ്ങനൊരു കെയര്‍ ആണ്‌. ബോയ്‌ കട്ട്‌ അടിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. സ്‌ക്രിപ്‌റ്റ് വായിച്ചതോടെ, ഞാന്‍ കണ്‍വിന്‍സ്‌ഡ് ആയി. മുടിയല്ലേ, ഇനിയും വളരുമല്ലോ എന്ന്‌ മമ്മിയെ പറഞ്ഞ്‌ മനസ്സിലാക്കി.

സൗരക്കത്തിയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടല്ലോ?
നല്ലൊരു മാസ്‌റ്ററെ കിട്ടിയാല്‍, വിദ്യാര്‍ത്ഥി നന്നാകുമെന്ന്‌ പറയുംപോലെയാണ്‌ മിഷ്‌കിന്‍ എന്ന സംവിധായകന്‍ എന്നെക്കൊണ്ട്‌ ആ ചിത്രത്തില്‍ പെര്‍ഫോം ചെയ്യിച്ചത്‌. കുഗ്രാമത്തിലെ പഠിപ്പൊന്നുമില്ലാത്ത, ചെറിയപ്രായത്തില്‍ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയും പൂര്‍ണ ഗര്‍ഭിണിയും കേള്‍വിക്കുറവുമുള്ള സുഭദ്ര ആകാന്‍ അനായാസം സാധിച്ചു. ഷൂട്ടിങ്ങിനുമുമ്പ്‌ ഒരാഴ്‌ചത്തെ വര്‍ക്‌ഷോപ്പ്‌ ഉണ്ടായിരുന്നു. ആദ്യമായി ഡബ്‌ ചെയ്‌തതും സൗരക്കത്തിക്കു വേണ്ടിയാണ്‌.

തെലുങ്കില്‍ ഗോസ്‌റ്റ് ക്വീന്‍ എന്നാണല്ലോ അറിയപ്പെടുന്നത്‌?
'അവുനൂ' എന്ന തെലുങ്ക്‌ ചിത്രത്തിലെ മോഹിനി എനിക്കവിടൊരു ബ്രേക്ക്‌ തന്ന വേഷമാണ്‌. അവിടെ സൂപ്പര്‍ഹിറ്റ്‌ ആകുന്ന ആദ്യ ഹൊറര്‍ ചിത്രം ആയതുകൊണ്ട്‌ അതിന്റെ രണ്ടാം ഭാഗവും ഇറങ്ങി. തുടര്‍ന്നും പ്രേതകഥാപാത്രങ്ങള്‍ തേടി വന്നു. എല്ലാം വ്യത്യസ്‌തമാണ്‌, ഓടുകയും ചെയ്‌തു. അങ്ങനെ ഗോസ്‌റ്റ് ക്വീന്‍ എന്നൊരു പേര്‌ വീണു. സത്യത്തില്‍ നായ്‌ക്കളെപ്പോലും പേടിയുള്ള ആളാണ്‌ ഞാന്‍. ഹൈദരാബാദിലുള്ള എന്റെ ഫ്രണ്ടിനൊരു പപ്പി ഉണ്ട്‌. വീറ്റോ എന്നാണു പേര്‌. എന്നെക്കണ്ടാല്‍ പിന്നാലെകൂടും, വേറാരെയും പിന്നെ വേണ്ട. അവനെ മാത്രം എനിക്ക്‌ പേടിയില്ല. ഇന്‍സ്‌റ്റാഗ്രാമില്‍ എനിക്കൊപ്പം മിക്ക ഫോട്ടോസിലും അവനുണ്ട്‌.

കുട്ടനാടന്‍ ബ്ലോഗിലൂടെ വീണ്ടും മലയാളത്തില്‍ എത്തുമ്പോള്‍?
തിരിച്ചുവരവില്‍ നല്ലൊരു ബാനര്‍, സംവിധായകന്‍, മെഗാസ്‌റ്റാര്‍ അങ്ങനെ അനുകൂല ഘടകങ്ങള്‍ ഒരുപാടുണ്ട്‌. ലാലേട്ടനൊപ്പം അലിഭായ്‌ ചെയ്യുന്നത്‌ 2007 ലാണ്‌. അന്ന്‌ ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്‌. സിനിമ എന്തെന്നുപോലും അറിയില്ല. ആ സമയത്ത്‌ ലാലേട്ടന്‍ നന്നായി സപ്പോര്‍ട്ട്‌ ചെയ്‌തു. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം,മമ്മൂക്കയുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നത്‌ സിനിമയോടുള്ള എല്ലാ പാഷനോടെയുമാണ്‌. കുട്ടനാടന്‍ ബ്ലോഗിലെ 'നീന' എന്ന കഥാപാത്രം ഞാന്‍ ചെയ്‌താല്‍ നന്നാകുമെന്ന്‌ സജെസ്‌റ്റ് ചെയ്‌തത്‌ മമ്മൂക്കയാണെന്ന്‌ പറഞ്ഞപ്പോള്‍ അതെനിക്കൊരു വലിയ അംഗീകാരമായാണ്‌ തോന്നിയത്‌. ലൈവ്‌ വോയിസ്‌ ആയിരുന്നു. കണ്ണൂര്‍ സ്ലാങ്‌ കയറിവരുമോ എന്നുള്ള എന്റെ ആശങ്കയെല്ലാം കൂള്‍ ആക്കിയത്‌ മമ്മൂക്കയാണ്‌.

അനുസിതാരയും റായ്‌ ലക്ഷ്‌മിയും കൂടിയുണ്ടല്ലോ നായികമാരായി?
കോമ്പിനേഷന്‍ രംഗങ്ങള്‍ അധികമില്ലെങ്കിലും ഒരേ ഹോട്ടലിലാണ്‌, ഞാനും അനുവും താമസിച്ചിരുന്നത്‌. അതുകൊണ്ട്‌ തന്നെ നല്ല കൂട്ടായി. റായ്‌ ലക്ഷ്‌മിക്കൊപ്പം സ്‌റ്റേജ്‌ പ്രോഗ്രാമുകള്‍ ചെയ്‌തിട്ടുള്ളതുകൊണ്ട്‌ മുന്‍പേ നല്ല പരിചയമാണ്‌.

2018 ലെ ഏറ്റവും വലിയ സന്തോഷങ്ങളും സങ്കടങ്ങളും?
2018 ലെ എന്നല്ല ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച ഒരവസരമാണ്‌ കേരളം ഇപ്പോള്‍ നേരിട്ട പ്രളയക്കെടുതി. കണ്ണുകിട്ടിയതുപോലെയാണ്‌ എനിക്ക്‌ തോന്നുന്നത്‌. മലയാളിയാണെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ കേരളത്തിന്റെ കാലാവസ്‌ഥയെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമാണ്‌ എല്ലാവരും പറഞ്ഞിരുന്നത്‌. ഈ പ്രതിസന്ധിയെ നേരിടാന്‍ നമ്മള്‍ കാണിച്ച എനര്‍ജി ആണ്‌ ഏറ്റവും വലിയ സന്തോഷം. മലയാളി എന്നുള്ളത്‌ നമ്മുടെ ഉള്ളിലുള്ളൊരു വികാരമാണെന്ന തിരിച്ചറിവുണ്ടായി. മറ്റുഭാഷകളിലെ ഷൂട്ടിങ്‌ ലൊക്കേഷനില്‍ വച്ചാണെങ്കിലും മലയാളികള്‍ തമ്മില്‍ കണ്ടാല്‍ മറ്റെല്ലാം വിട്ട്‌ ഒരുമിച്ചുകൂടുന്ന പതിവുണ്ട്‌. നമ്മളെ തമ്മില്‍ കോര്‍ക്കുന്ന അദൃശ്യമായൊരു ചരടുള്ളതുകൊണ്ടാണ്‌, നാടിന്റെ നൊമ്പരം സ്വന്തം കുടുംബത്തിന്റേതുപോലെ ഓരോ വ്യക്‌തിയെയും ഉലച്ചത്‌.എം.പി.എം സ്‌കൂളിന്റെ ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ ഞാനും ദുരിതബാധിതര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. അഭിനേതാക്കളെക്കുറിച്ച്‌ പല തെറ്റായ ധാരണകളും അവിടെ വച്ച്‌ മാറി. കയ്യില്‍ ചെളി പുരളുമെന്ന്‌ കരുതി ഞങ്ങള്‍ മാറി ഇരിക്കുമെന്നാണ്‌ അവര്‍ കരുതിയത്‌. ചാനലില്‍ കാണുമ്പോള്‍ അഹങ്കാരിയാണെന്ന്‌ തോന്നിയിരുന്നതായും ചേച്ചി ഇത്ര പാവമായിരുന്നോ എന്നുമൊക്കെ ചില കുട്ടികള്‍ ചോദിച്ചു. നമ്മുടെ യഥാര്‍ത്ഥ മുഖം മനസിലാക്കാന്‍ ആ അവസരം പ്രയോജനപ്പെട്ടതായി തോന്നി.
ഒരുപാട്‌ വേദനിച്ച മറ്റൊരു സംഭവം ലേഡി സൂപ്പര്‍ സ്‌റ്റാര്‍ ശ്രീദേവി മാമിന്റെ മരണമാണ്‌. ആരാധനയ്‌ക്കും അപ്പുറമായിരുന്നു ആ വികാരം. എന്റെ യൂട്യൂബ്‌ വീഡിയോ ഹിസ്‌റ്ററി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ തവണ ഞാന്‍ കണ്ടിരിക്കുന്നത്‌ അവരുടെ നൃത്തമാണെന്ന്‌ മനസ്സിലാകും.
ഏഷ്യാവിഷന്‍ അവാര്‍ഡ്‌ നൈറ്റിന്‌ അവര്‍ക്ക്‌ ട്രിബ്യൂട്ട്‌ കൊടുക്കാന്‍ കഴിഞ്ഞതും ജീവിതത്തിലെ വലിയൊരു നേട്ടമാണ്‌. അമേരിക്കയിലെ ഷോ കഴിഞ്ഞ്‌ നാട്ടിലേക്ക്‌ മടങ്ങുംമ്പോഴാണ്‌ അതിനുള്ള ഓഫര്‍ കിട്ടുന്നത്‌. ക്ഷീണമൊന്നും വകവയ്‌ക്കാതെ കണക്ഷന്‍ ഫ്‌ളൈറ്റില്‍ ഞാന്‍ പറന്നത്‌ ശ്രീദേവി എന്ന പ്രതിഭാസത്തെ നേരില്‍ കാണാനുള്ള ആഗ്രഹംകൊണ്ടുമാത്രമാണ്‌. ആ അവസരം വേണ്ടെന്ന്‌ വയ്‌ക്കാനോ മറ്റൊരാള്‍ക്ക്‌ കൊടുക്കാനോ ഞാന്‍ ഒരുക്കമായിരുന്നില്ല. അന്ന്‌, അവര്‍ക്കൊപ്പം നിന്നെടുത്ത ചിത്രം നിധിപോലെ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. ചെറുതായൊന്ന്‌ മനസ്സ്‌ ഡൗണ്‍ ആയാല്‍, അതില്‍ നോക്കും. അപ്പോള്‍ ഞാന്‍ ചാര്‍ജ്‌ഡ് ആകും.

Ads by Google
Sunday 09 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW