Saturday, November 17, 2018 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.39 AM

രാധാമാധവം

uploads/news/2018/09/247068/sun4.jpg

രാധേ, പാടുക നീ കുടിച്ചുവറ്റിച്ച
പ്രണയക്കടലിന്റെ ഉന്മാദരാഗങ്ങള്‍.
കാളിന്ദീതീരത്തൊറ്റയ്‌ക്കിരുന്നു നീ
നെയ്‌തെടുത്ത മാധവലോകങ്ങള്‍.
കടമ്പുമരത്തിലെ കള്ളക്കണ്ണന്‍
നിന്റെ ചേലയഴിച്ച ശൃംഗാരനിമിഷങ്ങള്‍
ജാതകരേഖ തിരുത്തുവാനാവാതെ
അക്രൂരനോടൊപ്പമവന്‍ യാത്രയായപ്പോള്‍
വാര്‍മുടിക്കെട്ടിലെ കുരുക്കുത്തിമുല്ലകള്‍
വാരിയെറിഞ്ഞു നീ പൂഴിയില്‍
വീണുതേങ്ങിയ വിരഹാര്‍ദ്ര നേരങ്ങള്‍.

ആഹരിരാഗത്തില്‍ പാടുക രാധേ
നീലലോചനേ പ്രണയാധിദേവതേ...

കണ്ണനുമൊത്ത്‌ നീ കേളിയാടിയ
വൃന്ദാവനം മൂകം നിന്നെ ക്ഷണിക്കുന്നു
ദൂരെയെന്നാകിലും അരികിലുണ്ടെന്നവന്‍
വിശ്വസിച്ചു നീ ആശ്വസിക്കുക
നഗരം ചുറ്റിയലഞ്ഞെത്തും കാറ്റില്‍
അവന്റെ നെടുവീര്‍പ്പിന്റെ ഉഷ്‌ണമറിയുക
ഹേമന്തചന്ദ്രന്റെ നറുനിലാവായവന്‍
നിന്നെ തഴുകിപ്പുണരുമെന്നറിയുക.

കുരുക്ഷേത്രങ്ങളൊരുക്കാനാണവന്റെ
നിയോഗമെങ്കിലും, ഒരു വേടന്റെ
കണയേറ്റൊടുങ്ങുവാനാണ്‌
വിധിഹിതമെങ്കിലും രാധേ,
മറക്കില്ലവന്‍ നിന്നെ, യവന്റെ
യുള്ളില്‍ ഉയിരുള്ള നാള്‍ വരെ.

രാധേ, പാടുക നീ കുടിച്ചുവറ്റിച്ച
പ്രണയക്കടലിന്റെ ഉന്മാദരാഗങ്ങള്‍
പാടുക പാടുക കണ്ണന്റെയോര്‍മ്മകള്‍
കണ്ണന്റെ ലീലകള്‍ കണ്‍കെട്ടുവിദ്യകള്‍.

കെ. എന്‍. ഷാജികുമാര്‍

Ads by Google
Sunday 09 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW