Monday, November 12, 2018 Last Updated 41 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 06.15 PM

ജലന്ധര്‍ ബിഷപ്പിനെതിരെ പ്രതിഷേധം കനക്കുന്നു: കത്തോലിക്കാ വിശ്വാസികള്‍ക്ക് നാളെ 'കണ്ണീരിന്റെ ഞായര്‍'

Protest,  Jelandhar Bishop, Catholic sabha

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെയും സഹപ്രവര്‍ത്തകരുടെയും നീതിക്കുവേണ്ടിയുള്ള പോരാട്ടം തെരുവിലെ സത്യാഗ്രഹം വരെ എത്തി നില്‍ക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേരളത്തിലെ കത്തോലിക്കാ സഭാ വിശ്വാസികള്‍ നാളെ കണ്ണീരിന്റെ ഞായര്‍ ആചരിക്കും. വിശ്വാസികള്‍ നേരിട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ആചരണം ഏകോപിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി കന്യാസ്ത്രീക്ക് നീതി കിട്ടുന്നതിനും കുറ്റാരോപിതനായ മെത്രാനോട് അനുഭാവം വച്ചുപുലര്‍ത്തുന്ന സഭാമേധാവികള്‍ക്ക് കുറ്റബോധമുണ്ടാകുന്നതിനും വേണ്ടി നാളെ വിശുദ്ധ കുര്‍ബാന മധ്യേ വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും.

കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് വിശ്വാസികള്‍ നേരിട്ട് വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് പ്രത്യേക ദിനാചരണം നടത്തുന്നത്. സമീപകാലത്ത് കേരള സഭയെ മാനക്കേടിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ട സംഭവങ്ങളിലൊന്നും കുറ്റക്കാര്‍ നമ്മള്‍ അല്‍മായരല്ല. സഭ നമുക്കു വേണ്ടിയുള്ളതാണ്
അതു കൊണ്ടു തന്നെ ഈ സഭയെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുത്തേ മതിയാകൂ എന്ന് ദിനാചരണം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന സന്ദേശത്തില്‍ പറയുന്നു.

നീതി തേടിയിറങ്ങിയ കന്യാസ്ത്രീയുടെ ഗതികേടിനു മുന്നില്‍ മൗനം പാലിക്കുമ്പോള്‍, അവര്‍ക്കു നേരെ ചൂണ്ടുന്ന വിരലുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മളും ദൈവതിരുമുമ്പില്‍ കുറ്റക്കാരാവുകയാണെന്ന് വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.

കന്യാസ്ത്രീയുടെ കണ്ണീരും വേദനയും മനുഷ്യത്വം കൈവിട്ടിട്ടില്ലാത്ത ഓരോ വിശ്വാസിയുടെയും ഉറക്കംകെടുത്തുകയാണ്. നീതി തേടി സഭയില്‍ അവര്‍ മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടു. ദൈവകല്‍പ്പനകള്‍ പാലിച്ചു ജീവിക്കണമെന്ന് സദാ നമ്മോടു പറയുന്ന പിതാക്കന്‍മാരും വൈദികരും അതിപ്രധാനമായൊരു കല്‍പ്പന ലംഘിച്ച മെത്രാന്റെ കൊടുംക്രൂരതയോട് കുറ്റകരമായ മൗനം പാലിക്കുന്നു. ധ്യാനഗുരുക്കന്മാരും അല്‍മായ പ്രമുഖരും പീഡകന്റെ പക്ഷം പിടിക്കുന്നു. അരമനകളുടെ അടിമകളായ ഒരു പറ്റം വിശ്വാസികള്‍ ഇരയെ നിരന്തരം അവഹേളിക്കുന്നു.

കുരിശിന്റെ വഴിയില്‍ നാം കണ്ടു മുട്ടുന്ന ഈശോയെപ്പോലെ അവര്‍ നമുക്കു മുന്നില്‍ വിലപിക്കുന്നു ''ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വച്ചു. ഞാന്‍ വലത്തേക്കു തിരിഞ്ഞു നോക്കി, എന്നെ അറിയുന്നവര്‍ ആരുമില്ല, ഓടി ഒളിക്കുവാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല'' ഫേസ്ബുക്കിലും വാട്‌സപ്പിലും വൈറലായ കണ്ണീരിന്റെ ഞായര്‍ ആചരണത്തിനുള്ള സന്ദേശം ഇങ്ങനെ പോകുന്നു.

ഇത്രയും കാലം പരാതി നല്‍കാതിരുന്നതെന്തേ എന്ന ചോദ്യങ്ങളോട്, അതിന്റെ അനുബന്ധ കഥകളോട്, സമരസപ്പെടുംമുമ്പ് ഇനിയൊരു സ്ത്രീക്കും തന്റെ ഗതി ഉണ്ടാവാതിരിക്കാന്‍ വേണ്ടി അവര്‍ അലഞ്ഞ വഴികളെക്കുറിച്ച് അന്വേഷിക്കമെന്ന് ദിനാചരണത്തിന്റെ ഏകോപനം നിര്‍വഹിക്കുന്ന വിശ്വാസികള്‍ നിര്‍ദേശിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW