Wednesday, July 17, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 02.32 PM

മാര്‍വലസ് മാര്‍വല്‍

''പ്രകൃതിസ്‌നേഹം വാക്കുകളില്‍ ഒതുക്കുന്നവര്‍ക്ക് ഷാജുവിന്റെ മാര്‍വല്‍ എന്ന വീട്ടിലേക്ക് സ്വാഗതം. അപൂര്‍വ്വ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും കൊണ്ട് വീടിന്റെ മട്ടുപ്പാവില്‍ അദ്ദേഹം തീര്‍ത്ത കൗതുക കാഴ്ചകളുടെ കുഞ്ഞുകാനനം കണ്ട് ഉറക്കെ പറയാം, മാര്‍വലസ്...!''
uploads/news/2018/09/246932/shajufrmr080918a.jpg

മണ്ണില്ലാതെ ചെടിയുണ്ടാകുമോ? ഉത്തരം സിമ്പിളാണ്, ഇല്ല...! എന്നാല്‍ ഐ എസ്.ആര്‍.ഒ.യിലെ എന്‍ജിനീയറായ ഷാജുവിന്റെ ഉത്തരം മറിച്ചാണ്. മണ്ണില്ലെങ്കിലും ചെടി വളരും. സംശയമുള്ളവര്‍ക്ക് ഷാജുവിന്റെ വീട്ടിലേക്ക് സ്വാഗതം. തന്റെ മട്ടുപ്പാവില്‍ വളരുന്ന ഔഷധക്കാടിന്റെയുള്ളിലെ ഒരു ചെറുചെടിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറയും ഇതാണ് സീതമുടി. വായുവില്‍ നിന്ന് ആവശ്യമുള്ളതെല്ലാം സ്വാംശീകരിച്ച് മണ്ണില്‍ തൊടാതെ വളരുന്ന അത്യപൂര്‍വ്വ സസ്യം.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കാന്‍ മാത്രം സമയം കണ്ടെത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തതും അഥവാ സ്ഥലമുണ്ടെങ്കില്‍ തന്നെ സമയമില്ലാത്തതുമൊക്കെയാണ് കാരണങ്ങള്‍. എന്നാല്‍ സ്വന്തമായി കൃഷിത്തോട്ടമല്ല മറിച്ച് ഒരു കാട് തന്നെ നിര്‍മിച്ച ഒരാള്‍ തലസ്ഥാനത്തുണ്ട്. അതും സ്വന്തം വീടിന്റെ മട്ടുപ്പാവില്‍. മരുതൂര്‍ക്കടവ് മയൂര ലെയ്നില്‍ മാര്‍വല്‍ വീട്ടില്‍ ഷാജുവാണ് തന്റെ ഇരുനില വീടിന്റെ മട്ടുപ്പാവില്‍ ഒന്നാന്തരമൊരു കാനനം തന്നെ നിര്‍മിച്ചിരിക്കുന്നത്.

സ്ഥലവും സമയവുമൊന്നും ഇദ്ദേഹത്തിന് പ്രശനമേയല്ല. 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ സ്ഥലത്ത് ഇല്ലാത്തതായൊന്നുമില്ലെന്ന് ചുരുക്കത്തില്‍ പറയാം. നഗരത്തില്‍ നാലു സെന്റ് സ്ഥലത്തെ താമസക്കാരനാണ് എന്നൊന്നും ഷാജുവിന്റെ വീടിന്റെ മട്ടുപ്പാവില്‍ കയറിയാല്‍ പറയില്ല.

അഞ്ഞൂറിലധികം ഔഷധ സസ്യങ്ങളും അപൂര്‍വ്വ മരങ്ങളുമായി ഒന്നാന്തരമൊരു കാട്ടില്‍ കയറിയ അനുഭൂതി. മാര്‍വല്‍ എന്ന കാട്ടില്‍... അല്ല, വീട്ടില്‍ കയറിയവര്‍ അറിയാതെ പറയും.. മാര്‍വലസ്...!

കാനന കാഴ്ചകളിലൂടെ...


ഇരുപത്തിനാലിനം തുളസിയുടെ ഗന്ധം ശ്വസിച്ച് കാനന വിശേഷങ്ങളറിയാന്‍ മട്ടുപ്പാവിലേക്ക് കയറാം. മാവുകള്‍, പ്ലാവുകള്‍, മരോട്ടി, കരിമരം, ബോധിവൃക്ഷം, രാമച്ചം, വേങ്ങ, നീലക്കൊടു വേലി, കമണ്ഡലു വൃക്ഷം, മഹാകൂവളം, വള്ളിത്തിപ്പലി, മരവുരി, കച്ചോലം, പഴുതാരവല്ലി, എലിച്ചുഴി, നീലക്കടമ്പ്, ബബിള്‍ഗം മരം, പ്ലാശ്, വേങ്ങ, കായാമ്പൂ, കര്‍പ്പൂരം, കരിഞ്ചീരകം, തീവിഴുങ്ങി, താഴമ്പൂ, കേശപുഷ്ടി, പനച്ചി, സോമലത, വെള്ളാല്‍, കൃഷ്ണ ലീഫ് ട്രീ, നീര്‍മാതളം, മനോരങ്ങാനം, തവിട്ട, ഉത്കണ്ടകം, കൊതുകു വിരട്ടി, ദേവദാരു, ഗുല്‍മോഹര്‍ തുടങ്ങി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ ഔഷധചെടികളിലേക്കാകും ആദ്യം ശ്രദ്ധ പോവുക.
uploads/news/2018/09/246932/shajufrmr080918a1.jpg

ആലും മാവും ചേര്‍ന്ന് വളരുന്ന ആത്മാവ് ഷാജുവിന്റെ കൃഷിത്തോട്ടത്തിലെ മറ്റൊരാകര്‍ഷണമാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരമായ കമണ്ഡലു ഊദ്, കുരുവില്ലാത്ത പുളി, എല്ല് പൊട്ടുമ്പോള്‍ ഔഷധമായി ഉപയോഗിക്കുന്ന എല്ലൂറ്റി, പേപ്പട്ടി കടിച്ചവര്‍ക്ക് നല്‍കേണ്ട തവിട്ട, ഡയബറ്റിക് രോഗികള്‍ക്ക് കഴിക്കാവുന്ന ഫലം നല്‍കുന്ന ഇന്ത്യോനേഷ്യന്‍ മരമായ മകോട്ട ദേവ (ദൈവത്തിന്റെ പഴമെന്നര്‍ത്ഥം), റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ച ഇന്ത്യന്‍ റബ്ബര്‍ ട്രീ, ചിത്രശലഭങ്ങളെ പോലെ കാറ്റില്‍ ഇളകിയാടുന്ന ഇലകളുമായി ബട്ടര്‍ഫ്‌ളൈ പ്ലാന്റ്, അപൂര്‍വ്വമായ പച്ച റോസ, ലക്ഷങ്ങള്‍ വിലയുള്ള ചുവന്ന കറ്റാര്‍വാഴ, കാലഘട്ടത്തിനൊപ്പം നിറം മാറ്റുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ റെയിന്‍ബോ ട്രീ, കുഴിനഖരോഗത്തിന്റെ ഒറ്റമൂലി കുഴിനഖ പച്ച, ശിവപുരാണങ്ങളില്‍ മാത്രം കേട്ട് പരിചയിച്ച മഹാ കൂവളം, പാന്‍പരാഗ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചെടി, പഞ്ചസാരയെക്കാള്‍ മുപ്പത് ഇരട്ടി മധുരമുള ഇലകളുള്ള സ്റ്റിവിയ (ഡയബറ്റിക് രോഗികള്‍ക്കുള്ള മധുര പലഹാരങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്).

പുരാണത്തില്‍ ശ്രീകൃഷ്ണന്‍ വെണ്ണ കട്ട് തിന്നാന്‍ ഉപയോഗിച്ചെന്ന് പറയപ്പെടുന്ന കോട്ടിയ ഇലകളുള്ള ആല്‍മരം തുടങ്ങി കൗതുക കാഴ്ചകളുടെ കുഞ്ഞുകാനനം കാഴ്ചക്കാര്‍ക്ക് മുന്നില്‍ അത്ഭുതമാകുന്നു.

ഇതിനൊപ്പം അത്യപൂര്‍വ്വങ്ങളായ വിവിധ വൃക്ഷങ്ങളും കൊണ്ട് സംപുഷ്ടമാണ് ഷാജുവിന്റെ മാര്‍വല്‍ വീടിന്റെ മട്ടുപ്പാവ്. പ്രകൃതിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മരങ്ങള്‍ മുതല്‍ അപൂര്‍വ്വ ഔഷധ ഗുണങ്ങളുള്ള വൃക്ഷങ്ങളും ചെടികളും ഇക്കൂട്ടത്തിലുണ്ട്.

പപ്പുവ ന്യൂഗിനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം വളരുന്നവ, ഹിമാലയം പോലെയുള്ള പര്‍വ്വതങ്ങളില്‍ മാത്രം വളരുന്ന ചെടികള്‍, ആയൂര്‍വേദ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നവ, പുരാണ കഥകളിലൂടെ കേട്ടുകേള്‍വി മാത്രമുള്ള മരങ്ങളും ചെടികളും...
അങ്ങനെയങ്ങനെ മട്ടുപ്പാവിലെ കാനന കാഴ്ചകള്‍ക്ക് അവസാനമില്ല.

കൃഷിയിലെ കരവിരുത്


ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളിലാണ് കായ്ക്കാറായ തെങ്ങുള്‍പ്പടെയുള്ള മരങ്ങളും ചെടികളും വളരുന്നത് എന്നത് മറ്റൊരു കൗതുകം. ചെലവുകുറഞ്ഞ രീതിയില്‍ ചട്ടികളുണ്ടാക്കുക എന്നതാണ് ഈ കൃഷി രീതിയുടെ രഹസ്യം.

എന്‍ജിനീയറിംഗിലുള്ള വൈദഗ്ധ്യവും ഷാജുവിനെ കൃഷിയില്‍ സഹായിക്കുന്നുണ്ട് എന്നതിന്റെ തെളിവുകളിലൊന്നാണ് പഴയ സ്യൂട്ട്കേസുകള്‍ രണ്ടായി പകുത്ത് ചെടിച്ചട്ടിയുണ്ടാക്കിയിരിക്കുന്നത്. നമ്മള്‍ ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങള്‍ക്കുള്ളില്‍ മരങ്ങള്‍ വളരുമെന്നാണ് എന്റെ അനുഭവം. അവയ്ക്ക് തങ്ങളുടെ പരിമിതികളെ പറ്റി നല്ല ബോധ്യമുണ്ട്. അതറിഞ്ഞ് അവ സ്വയം വളരും. ഷാജു പറയുന്നു.

ദിവസവും നാല് മണിക്കൂറെങ്കിലും ഷാജു ചെടികള്‍ക്കൊപ്പം ചിലവഴിക്കും. 25 വര്‍ഷം കൊണ്ടാണ് ചെടികള്‍ നട്ടുവളര്‍ത്തി ഇന്നത്തെ നിലയിലെത്തിച്ചതെന്ന് ഷാജു പറയുന്നു. അന്തരിച്ച കല്ലേന്‍ പൊക്കുടന്‍ സമ്മാനിച്ച കണ്ടല്‍ ചെടികളും ഷാജുവിന്റെ ചെടികളുടെ കൂട്ടത്തിലുണ്ട്. കണ്ടല്‍ ചെടികള്‍ക്ക് വളരാന്‍ അസോള നിറച്ച കുളവും ഒരുക്കിയിട്ടുണ്ട്.

uploads/news/2018/09/246932/shajufrmr080918a2.jpg

കൃഷി കച്ചവടമല്ല


അപൂര്‍വ്വ സസ്യങ്ങളുടെ ശേഖരണത്തിനും പരിചരണത്തിനുമായി ലക്ഷങ്ങള്‍ മുടക്കിയിട്ടുണ്ടെങ്കിലും ഷാജുവിന് തന്റെ കൃഷിയെ കച്ചവടമാക്കണമെന്ന ഒരാഗ്രഹവുമില്ല. ഈ അപൂര്‍വ്വ കാടിന്റെ വളര്‍ച്ചയിലേക്ക് വഴിതെളിച്ച സംഭവം ഷാജു ഓര്‍ത്തെടുക്കുന്നതിങ്ങനെ. മൂന്നാം വയസ്സില്‍ എന്റെ മകള്‍ക്ക് നെല്ല് കാണണമെന്ന് ഒരാഗ്രഹം.

കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന ഞങ്ങളുടെ മകള്‍ നെല്ല് കണ്ടിട്ടില്ലെന്നത് അത്ര നല്ല കാര്യമല്ലല്ലോ! അങ്ങനെ മകള്‍ക്ക് വേണ്ടി ചെറിയൊരു ചട്ടിയില്‍ നെല്ല് വളര്‍ത്തി തുടങ്ങിയതാണ്. അതിപ്പോള്‍ അപൂര്‍വ്വ ഇനം സസ്യങ്ങളുടെ ശേഖരമായതില്‍ ഒരുപാട് അഭിമാനവും സംതൃപ്തിയുമുണ്ട്.

കൃഷിയിലുള്ള കമ്പം മാത്രമല്ല, സസ്യങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ് ഷാജുവെന്ന കൃഷിക്കാരനെ വ്യത്യസ്തനാക്കുന്നത്. ഏതൊരു മ്യൂസിയത്തില്‍ ചെന്നാലും ലഭിക്കാത്തത്ര അറിവുകള്‍ നല്‍കി ഷാജുവും കാഴ്ചകളൊരുക്കി മട്ടുപ്പാപ്പും വ്യത്യസ്തമാകുന്നു. വീടിന്റെ മട്ടുപ്പാവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഷാജുവിന്റെ കാട് കാണാന്‍ കൃഷി വിദ്യാര്‍ഥികളും അധ്യാപകരുമടക്കം ധാരാളംപേര്‍ ദിവസവും എത്തുന്നുണ്ട്. ഷാജുവിന് വേണ്ട എല്ലാ പിന്തുണയും നല്‍കി ഭാര്യ ജലജയും ബി ടെക് വിദ്യാര്‍ഥിയായ മകള്‍ മമതയും അദ്ദേഹത്തിനൊപ്പമുണ്ട്.

വായനകളിലൂടെയാണ് സസ്യങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. യാത്രകള്‍ക്കിടയില്‍ അവയെ സ്വന്തമാക്കുകയും ചെയ്യും. അതിനെയാണ് ഞാന്‍ സംരക്ഷിക്കുന്നത്. കേരളത്തില്‍ വനവത്കരണം എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഓരോ വീടുകളിലും റെസിഡന്റ്്‌സ് അസോസിയേഷനിലുമൊക്കെ ഇത്തരത്തില്‍ രണ്ടോ മൂന്നോ സസ്യങ്ങളെ വളര്‍ത്തിയാല്‍ തന്നെ എത്ര വലിയ മാറ്റമാകും പ്രകൃതിയില്‍ ഉണ്ടാകുക.

അതിന്റെ ഗുണഭോക്താക്കള്‍ നമ്മള്‍ മനുഷ്യര്‍ തന്നെയാണ്. അപൂര്‍വ്വവും ഏറെ ശ്രമകരവുമായ തന്റെ നല്ല ചുവിടിന് സര്‍ക്കാരോ മറ്റ് വകുപ്പുകളോ യാതൊരു പിന്തുണയും നല്‍കാത്തതിന്റെ വിഷമവും ഷാജു മറച്ചു വയ്ക്കുന്നില്ല. അതോടൊപ്പം കാനനകാഴ്ചകളുടെ അദ്ഭുതലോകത്ത് അറിവി ന്റെ ജാലകം തുറന്ന് അദ്ദേഹം ഏവര്‍ക്കും സ്വാഗതമരുളുന്നു. തണല്‍മരങ്ങള്‍ മുറിച്ചുമാറ്റിയും വിഷവായു ശ്വസിച്ചും മരണം ക്ഷണിച്ചു വരുത്തുന്ന മനുഷ്യര്‍ക്ക് ഷാജുവിന്റെ തോട്ടത്തിലെ ഒരു കാഴ്ച കണ്ട് അല്പമൊന്ന് ആശ്വസിക്കാം.. സാക്ഷാല്‍ മൃതസഞ്ജീവനി...!

uploads/news/2018/09/246932/shajufrmr080918a3.jpg

ടെറസില്‍ കൃഷി ചെയ്യുമ്പോള്‍


സ്ഥല പരിമിതി മൂലം പലരും വീടിന്റെ ടെറസിലാണ് കൃഷി ചെയ്യാറ്. ടെറസില്‍ കൃഷി ചെയ്യും മുമ്പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്.
1. ആദ്യമായി ടെറസില്‍ കൃഷി ആരംഭിക്കുന്നവര്‍ വേഗത്തില്‍ വളരുന്ന പച്ചക്കറികള്‍ ആദ്യം തെരഞ്ഞെടുക്കുക. തക്കാളി, പച്ചമുളക്, ചീര എന്നിവയാണ് അനുയോജ്യം.
2. ടെറസില്‍ നടുന്ന ചെടികള്‍ സ്ഥിരമായി നനയ്ക്കണം. എന്നാല്‍ വെള്ളം അധികമാകരുത്. വെള്ളം കൂടിയാല്‍ വേരുചീയാനും മണ്ണിലെ പോഷകങ്ങള്‍ നശിക്കാനും ഇടയാകും.
3. മഴയ്ക്ക് ശേഷം മാത്രം വളം ചേര്‍ക്കാം. അല്ലെങ്കില്‍ ഒഴുകിപ്പോകുന്ന വെള്ളത്തോടൊപ്പം വളവും നഷ്ടമാകും.
4. പച്ചക്കറി നടുന്നതിന് മണ്ണ് നിറയ്ക്കുമ്പോള്‍ അടിയില്‍ കരിയിലയോ, പച്ചക്കറി അവശിഷ്ടങ്ങളോ ചേര്‍ക്കാം.
5. പറമ്പില്‍ നിന്നുമെടുക്കുന്ന മണ്ണിനൊപ്പം ആറ്റുമണല്‍, അറക്കപ്പൊടി, ചകിരിച്ചോറ്, ചാണകം ഉണക്കിപ്പൊടിച്ചത്, കമ്പോസ്റ്റ്, മീനിന്റെ അവശിഷ്ടങ്ങള്‍ എന്നിവ മിക്സ് ചെയ്ത് ചേര്‍ക്കുന്നത് നല്ലതാണ്.
6. രാസവളം കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം.

ദീപു ചന്ദ്രന്‍

Ads by Google
Saturday 08 Sep 2018 02.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW