Saturday, September 08, 2018 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 10.52 AM

പിതാവിന്റെ ഘാതകരുടെ മോചനത്തിന് എതിരുനിന്നില്ല; രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് നളിനി

Rajiv Gandhi

ചെന്നൈ: പിതാവിന്റെ കൊലയാളികള്‍ക്ക് മാപ്പു നല്‍കുകയും തന്റെ മോചനത്തെ എതിര്‍ക്കാതിരിക്കുകയും ചെയ്തതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധത്തില്‍ 25 വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍.

ഒരു ദേശീയ മാധ്യമത്തിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. താനും ഭര്‍ത്താവും ഉടന്‍ തന്നെ വീട്ടില്‍ തിരികെ എത്തുമെന്നും എല്ലാവരും സമാധാനത്തോടെ ജീവിക്കുമെന്നും അറിയിക്കണമെന്നും കത്തില്‍ നളിനി കുറിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ മഹാമനസ്‌കത കാണിക്കുമെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നത്. നിരവധി വേദനിക്കുന്ന സംഭവങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് അതെല്ലാം മറക്കണം. ബാക്കി കാലം മകള്‍ക്കൊപ്പം ജീവിക്കണമെന്നും നളിനി കത്തില്‍ പറയുന്നു.

വെല്ലൂരിലെ സ്ത്രീകള്‍ക്കുള്ള പ്രത്യേക ജയിലിലാണ് ഇവര്‍ ജീവപര്യന്തം തടവിന് കഴിയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അധികനാള്‍ ശിക്ഷയില്‍ ജയിലില്‍ കഴിഞ്ഞുവെന്ന പ്രത്യേകതയും നളിനിക്കുള്ളതാണ്.

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് നളിനിയുടെ പ്രതികരണം പുറത്തുവരുന്നത്. നളിനിക്കു പുറമെ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, രവിചന്ദ്രന്‍, റോബര്‍ട്ട്, പയസ്, ജയകുമാര്‍ എന്നിവരും ജീവപര്യന്തം ജയിലില്‍ കഴിയുകയാണ്. 2016ല്‍ ജയലളിത എല്ലാ പ്രതികളേയും വിട്ടയക്കുന്നതിന് തീരുമാനമെടുത്തിരുന്നു.

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം തമിഴ്‌നാടിന് തടവുകാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഏഴുപേരെയും തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടയക്കുമെന്നുള്ള സൂചനകള്‍ ലഭിച്ചിരുന്നു. പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി നേരത്തെ ജീവപര്യന്തമാക്കി കുറച്ചിരുന്നു.

പിതാവിന്റെ ഘാതകര്‍ കൊല്ലപ്പെട്ടപ്പോള്‍ താനോ പ്രിയങ്കയോ സന്തോഷിച്ചില്ലെന്ന് ജര്‍മ്മന്‍ യാത്രയില്‍ വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW