Sunday, November 18, 2018 Last Updated 19 Min 59 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Saturday 08 Sep 2018 07.24 AM

‘കര്‍ദ്ദിനാളിന് കൊടുത്ത കൊടുത്ത പരാതിയില്‍ 'റേപ്' എന്നൊരു വാക്ക് ഇല്ലല്ലോ..’ കന്യാസ്ത്രീയുടെ മൊഴിയിലെ 'പൊരുത്തക്കേടുകള്‍' ചികഞ്ഞുപിടിച്ച് അന്വേഷണ സംഘം; പോലീസിന്റെ സംശയങ്ങള്‍ കേട്ട് അന്തംവിട്ട് പരാതിക്കാരി

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് കൊടുത്ത പരാതിയില്‍ 'റേപ്' എന്നൊരു വാക്ക് ഇല്ലല്ലോ. പിന്നെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോയ്ക്ക് കൊടുത്ത പരാതിയില്‍ 'റേപ്' എന്ന് വ്യക്തമായി പറയുന്നു. അതിന്റെ കാരണം? 2014ല്‍ സഹോദരിയുടെ വീട്ടില്‍ പോയപ്പോള്‍ ആരൊക്കെയാണ് കൂടെവന്നത്? ഏതു വാഹനത്തിലാണ് പോയത്? ആരൊക്കെയാണ് മുന്നിലും പിന്നിലുമിരുന്നത്?
Bishop Franko abuse case

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ അന്വേഷണം രണ്ടര മാസം ആകുമ്പോള്‍ പോലീസിലെ കുഴയ്ക്കുന്ന പ്രശ്‌നം മൊഴികളിലെ 'പൊരുത്തക്കേടുകള്‍'. കഴിഞ്ഞയാഴ്ച വരെ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ഉണ്ടെന്ന് പറഞ്ഞ അന്വേഷണ സംഘം കൊച്ചിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് കന്യാസ്ത്രീയുടെ മൊഴിയിലെ 'പൊരുത്തക്കേട്' വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. 'പൊരുത്തക്കേട്' പരിഹരിക്കാന്‍ അന്വേഷണ സംഘത്തിന് ഐ.ജി വിജയ് സാക്കറെ ഒരാഴ്ച സമയവും അനുവദിച്ചിട്ടുണ്ട്. അടുത്തയാഴ്ച യോഗം ചേരുമ്പോള്‍ 'പൊരുത്തക്കേടുകള്‍' പരിഹരിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇതിനായി ഒട്ടുമിക്ക ദിവസങ്ങളിലും സംശയങ്ങള്‍ ദൂരീകരിക്കാന്‍ അന്വേഷണ സംഘം കുറവിലങ്ങാട് കന്യാസ്ത്രീ താമസിക്കുന്ന മഠത്തില്‍ എത്താറുണ്ട്. ഐ.ജിയുമായി കൂടിക്കാഴ്ചയില്‍ 2000 പേജുള്ള റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഉയര്‍ന്നുവന്ന സംശയങ്ങളാണ് പോലീസ് നീക്കിക്കൊണ്ടിരിക്കുന്നത്. മഠത്തിലെത്തി പോലീസ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുന്നത് ഇപ്പോള്‍ ശരിക്കും പരാതിക്കാരിയാണ്. ഇതിനകം ആറു തവണയാണ് പോലീസ് കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. പ്രതിസ്ഥാനത്തുള്ള ബിഷപ്പിന്റെതാകട്ടെ ഒരിക്കല്‍ മാത്രം. അതും പല നിബന്ധനകള്‍ മുന്നോട്ടുവച്ച് മുന്‍കൂട്ടി നല്‍കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍.

കന്യാസ്ത്രീയുടെ അടുക്കല്‍ പലപ്പോഴും ഉന്നയിക്കുന്ന ഒരേ ചോദ്യങ്ങള്‍ തന്നെയാണ്. മൊഴിയെടുപ്പിന്റെ പേരില്‍ പോലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ മനസ്സുമടുത്തതോടെയാണ് ഇവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് വരുത്തിതീര്‍ത്ത് കേസ് എഴുതിതള്ളാനുള്ള നീക്കമാണോ പോലീസ് തലപ്പത്തുനിന്നുള്ള സമ്മര്‍ദ്ദത്തില്‍ അന്വേഷണസംഘം നടത്തുന്നതെന്നും ഇവര്‍ സംശയിക്കുന്നു.

പോലീസ് കണ്ടെത്തിയ 'ഞെട്ടിക്കുന്ന പൊരുത്തക്കേടുകള്‍' ഇവയാണ്. അവ മാറ്റുന്നതിനായി പോലീസ് ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ ചിലത് പരാതിക്കാരി ഓര്‍ത്തെടുത്ത് 'മംഗളം ഓണ്‍ലൈനു'മായി പങ്കുവച്ചു. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതില്‍ ഈ പൊരുത്തക്കേടുകള്‍ എങ്ങനെയാണ് തടസ്സമാകുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അവര്‍ പറയുന്നു.

-കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് കൊടുത്ത പരാതിയില്‍ 'റേപ്' എന്നൊരു വാക്ക് ഇല്ലല്ലോ. പിന്നെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോയ്ക്ക് കൊടുത്ത പരാതിയില്‍ 'റേപ്' എന്ന് വ്യക്തമായി പറയുന്നു. അതിന്റെ കാരണം?

-എവിടെവച്ച്, ഏതു ബിഷപ്പ് വഴിയാണ് വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്‍കിയത്?

-പിതാവിനു പരാതികൊടുക്കാന്‍ പോയപ്പോള്‍ ആരൊക്കെ ഒപ്പമുണ്ടായിരുന്നു? പിതാവ് പരാതി തുറന്നുനോക്കിയോ?

-ജനുവരി രണ്ടിന് എന്തിനാണ് മദര്‍ ജനറാള്‍ ഇവിടെ വന്നത്?

-എവിടെയാണ് കുമ്പസാരിക്കാന്‍ പോകുന്നത്? ധ്യാനവും കൗണ്‍സിലും എവിടെയാണ്?

-എന്തിനാണ് പഞ്ചാബിലേക്ക് വിളിപ്പിച്ചത്? ആരാണ് കൂടെ പോന്നത്?

-പഞ്ചാബില്‍ നിന്ന് കമ്മീഷന്‍ എന്തിനാണ് വന്നത്? അവര്‍ ആരെയൊക്കെ കണ്ടു? എന്തൊക്കെ ചര്‍ച്ച ചെയ്തു? ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തു?

-2014ല്‍ സഹോദരിയുടെ വീട്ടില്‍ പോയപ്പോള്‍ ആരൊക്കെയാണ് കൂടെവന്നത്? ഏതു വാഹനത്തിലാണ് പോയത്? ആരൊക്കെയാണ് മുന്നിലും പിന്നിലുമിരുന്നത്?

-പരാതി കൊടുക്കാന്‍ വൈകിയത് എന്താണ്?

-എന്തിനാണ് നിങ്ങള്‍ ആറു പേര്‍ ഒരുമിച്ച് താമസിക്കുന്നത്? എന്തുകൊണ്ടാണ് നൂണ്‍ഷ്യോയ്ക്ക് പരാതി നല്‍കാന്‍ വൈകിയത്?

-പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യം എവിടെനിന്ന് കിട്ടി?

എന്നിങ്ങനെ പോകുന്നു പോലീസിന്റെ വിലപ്പെട്ട സംശയങ്ങള്‍. ഇവയ്ക്കുള്ള മറുപടിയെല്ലാം കോട്ടയം എസ്.പിക്ക് നല്‍കിയ മൂന്നു പേജുള്ള കത്തില്‍ ആദ്യമേ തന്നെ നല്‍കിയതാണല്ലോ എന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിന് തൃപ്തിവരാന്‍ തന്റെ മൊഴികള്‍ അവര്‍ ആവര്‍ത്തിക്കുകയാണ്. പോലീസിന്റെ ചോദ്യങ്ങളും സംശയങ്ങളും കേട്ടാല്‍ 'പ്രതി' താന്‍ ആകുമോ എന്ന ഭയമാണ് അവര്‍ക്കിപ്പോള്‍.

-ബീനാ സെബാസറ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Saturday 08 Sep 2018 07.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW