Saturday, September 08, 2018 Last Updated 45 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 01.06 AM

ജനദ്രോഹമാകുന്ന വിലക്കയറ്റം

uploads/news/2018/09/246866/editorial.jpg

ഒരേമനസോടെ പ്രളയത്തെ നേരിട്ടു കേരളം തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ പലതരം വെല്ലുവിളികളാണു നേരിടേണ്ടിവരുന്നത്‌. ഇതില്‍ ഏറ്റവും പ്രധാനം നിര്‍മാണസാമഗ്രികള്‍ക്ക്‌ ഉണ്ടായിട്ടുള്ള വിലവര്‍ധനയാണ്‌. കല്ലു മുതല്‍ കമ്പി വരെ എല്ലാ സാധനങ്ങള്‍ക്കും നോക്കിനില്‍ക്കെയാണ്‌ വില കയറുന്നത്‌. പ്രളയത്തിനുശേഷം നിര്‍മാണസാമഗ്രികള്‍ക്കു ക്ഷാമം നേരിടുന്നതിനൊപ്പമാണിത്‌.

വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വന്‍തോതിലാണ്‌ വില കൂട്ടിയിരിക്കുന്നത്‌. പ്രളയക്കെടുതി അതിജീവിക്കാന്‍ കേരളത്തില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുണ്ടാകും എന്ന കണക്കുകൂട്ടലില്‍ എല്ലാ സാമഗ്രികള്‍ക്കും വില കൂടുകയാണ്‌. കരിങ്കല്ലിനാണു വലിയ വില വര്‍ധന ഉണ്ടായിരിക്കുന്നത്‌. സിമെന്റ്‌ ക്ഷാമവുമുണ്ട്‌. ഇത്‌ വന്‍ സാധ്യത മുന്നില്‍ കണ്ടു കൃത്രിമമായി ഉണ്ടാക്കുന്നതാണെന്ന്‌ സംശയിക്കപ്പെടുന്നു. സിമെന്റ്‌ വില ശരാശരി 400 രൂപയില്‍ എത്തി. ഇനിയും വര്‍ധനയുണ്ടാകുമെന്നാണു സൂചന. ഇരുമ്പുകമ്പി കിലോയ്‌ക്ക്‌ രണ്ടു രൂപ മുതല്‍ നാലു രൂപ വരെ വില വര്‍ധിച്ചു കഴിഞ്ഞു. പാറപ്പൊടിക്ക്‌ വില ഉയര്‍ന്നു നില്‍ക്കുന്നു.

സാധാരണ നിര്‍മാണസാമഗ്രികളുടെ വില കുറയുന്ന സമയമാണിത്‌. മഴമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതാണ്‌ കാരണം. എന്നാല്‍, ഇത്തവണ മഴ കഴിഞ്ഞതോടെ വലിയതോതില്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നു. ഈ തക്കത്തിന്‌ വില വര്‍ധിപ്പിക്കുകയായിരുന്നു. ഇനി പ്രളയത്തിനു ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഈ സമയത്ത്‌ വലിയ വില വര്‍ധനയ്‌ക്കു സാധ്യതയുണ്ട്‌. കച്ചവടം തകര്‍ന്നും ജീവനോപാധികള്‍ ഇല്ലാതായും ജീവിതം വഴിമുട്ടി നില്‍ക്കുന്നവര്‍ക്ക്‌ താമസസ്‌ഥലങ്ങളും കച്ചവട സ്‌ഥലങ്ങളും ജോലിക്കുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിനായി നിര്‍മാണസാമഗ്രികള്‍ ഉപയോഗിക്കേണ്ടിവരും. ഈ സമയത്തുള്ള വിലവര്‍ധന ജനങ്ങള്‍ക്ക്‌ താങ്ങാവുന്നതല്ല.

ഇന്ധനവില ദിവസേന വര്‍ധിക്കുന്നത്‌ ജനജീവിതം ദുസഹമാക്കുകയാണ്‌. ഇതുമൂലം അവശ്യസാധനങ്ങളുടെയും വില വര്‍ധിക്കുന്നു. കടത്തുകൂലി വര്‍ധിക്കുന്നു എന്ന പേരിലാണ്‌ പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്‌തുക്കള്‍ക്കും മറ്റും വിലകൂട്ടുന്നത്‌. ഇതിനൊപ്പം നിര്‍മാണസാമഗ്രികളുടെ വിലവര്‍ധന കൂടിയാകുമ്പോള്‍ ജനങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്‌. 13 ജില്ലകളിലും പ്രളയം ബാധിച്ചത്‌ കേരളത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നമായി കാണേണ്ടിയിരിക്കുന്നു. നവകേരള സൃഷ്‌ടിക്കായി പരിശ്രമിക്കുന്ന സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്‌. ജനങ്ങള്‍ ദുരന്തത്തിന്‌ ഇരയാകുമ്പോള്‍ അവരോട്‌ സഹാനുഭൂതിയാണ്‌ കാണിക്കേണ്ടത്‌. അതിനുപകരം അവരെ ദ്രോഹിക്കുന്ന നിലപാട്‌ സ്വീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകണം.

Ads by Google
Saturday 08 Sep 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW