Wednesday, April 24, 2019 Last Updated 28 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 01.04 AM

അപ്പുണ്ണ്യേട്ടന്റെ സ്വാതന്ത്ര്യം!

കണ്ണാടിനോക്കുക, മുഖംമിനുക്കുക എന്നിത്യാദികള്‍ അപ്പുണ്ണ്യേട്ടന്റെ ശീലങ്ങളിലില്ല. മുടിവെട്ടുമ്പോള്‍, മുഖം വടിക്കുമ്പോള്‍ കണ്ണാടിയോട്‌ മുഖാമുഖം പതിവുണ്ട്‌. കല്യാണത്തിന്റന്നുപോലും നേരാവണ്ണം ഒരുങ്ങിയ ചരിത്രമില്ല. എന്നാല്‍ ഈയിടെയായി ഒരസ്വസ്‌ഥത ഉള്ളില്‍ നുരയുന്നു. വായനയും സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്‌ട്രീയവും ജീവകാരുണ്യവുമെല്ലാം അന്നപൂര്‍ണയിലെ ഉദയാസ്‌തമനപൂജയിലൊതുങ്ങും. നരസേവ, നാരായണസേവ. കലര്‍പ്പില്ലാത്ത രുചിയുള്ള ഭക്ഷണം കൊടുക്കുക. കൈപൊള്ളാത്ത കൂലി വാങ്ങുക. പത്രവും ടി.വിയും ആഹരിക്കുക. മാനസ സഞ്ചാരങ്ങളില്‍ മദിക്കുക.
പത്രത്തിലും ടി.വിയിലും 'മീശ' കത്തിക്കയറുന്നു. പുരകത്തുമ്പോള്‍ കഴുക്കോലൂരുന്നവരെയും വാഴവെട്ടുന്നവരെയും കണ്ടിട്ടുണ്ട്‌. പുരയ്‌ക്ക് തീകൊടുത്തിട്ട്‌ ആഹ്‌ളാദിക്കുന്നവരെ ആദ്യമായിക്കാണുന്നു. 'മീശ' വിവാദമായതോടെ അപ്പുണ്ണ്യേട്ടന്റെ ഉറക്കം കെട്ടു. ദേശത്തെ വിശ്വവിഖ്യാത മീശയാണ്‌ അപ്പുണ്ണ്യേട്ടന്റെ. നാളിതുവരെ ആ മീശയെ ഉല്ലംഘിച്ച്‌ മറ്റൊന്ന്‌ ഉദയംകൊണ്ടിട്ടുമില്ല. എന്നിട്ടും ഇതു തന്നെക്കുറിച്ചാണോ എന്നൊരു ശങ്ക. വായനയും സാഹിത്യവും പുരോഗമനവും ഉപജീവനമായി കൊണ്ടുപോകുന്നവരൊന്നും അന്നപൂര്‍ണയിലെ പതിവുകാരിലില്ല. ആരോടാണ്‌ സംശയം ചോദിക്കുക? അങ്ങിനെയാണ്‌ കണ്ണാടിയെ അഭയംതേടുന്നത്‌.
കണ്ണാടിയില്‍ തെളിഞ്ഞ തന്നെക്കണ്ട്‌ അപ്പുണ്ണ്യേട്ടന്‍ അന്തംവിട്ടു. ഇതായിരുന്നില്ലല്ലോ തന്റെ മീശ? മര്യാദയും തറവാടിത്തവുമുള്ള തന്റെ മീശക്ക്‌ ഇതെന്തുപറ്റി? രണ്ടറ്റവും മുകളിലേക്ക്‌ ആരോ പിരിച്ചുവച്ച്‌ കൊമ്പന്‍ മീശയാക്കിയിരിക്കുന്നു. മുഖത്തിന്‌ ഇരുണ്ട ഒരു ക്രൗര്യഭാവം. ആ പഴയ കണ്ണാടി ഒരു ഇരയ്‌ക്കു മുകളിലേക്കെന്ന്‌പോലെ ചാടിവീണു.
ഞങ്ങള്‍ കണ്ണാടികള്‍ ഒരു ജനാധിപത്യ റിപ്പബ്ലിക്കാണ്‌. ഞങ്ങള്‍ക്കും ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ട്‌. മുന്നില്‍ വരുന്ന രൂപങ്ങളെ ആവാഹിച്ചെടുത്ത്‌ ഞങ്ങള്‍ സര്‍ഗാത്മകമായി പുനഃസൃഷ്‌ടിക്കുന്നു. അപ്പോള്‍ സ്‌ത്രീവിരുദ്ധതയോ മനുഷ്യവിരുദ്ധതയോ കണ്ടെന്നുവരും. ചിലപ്പോള്‍ വിപ്ലവവും കണ്ണാടിയിലൂടെ സംഭവിക്കാം. ആത്മരതിയില്‍ മയങ്ങുന്നപോലെയല്ല ആത്മവൈകൃതങ്ങള്‍ കണ്ട്‌ ഞങ്ങള്‍ക്കെതിരെ തെറി വിളിക്കുകയും പ്രകടനം നയിക്കുകയും ചെയ്യുന്നത്‌. മുഖം നന്നല്ലാത്തതിന്‌ കണ്ണാടി തല്ലി ഉടയ്‌ക്കരുതെന്ന്‌ പറഞ്ഞുകേട്ടിട്ടില്ലേ? ഇത്രയുംകാലം ഞങ്ങള്‍ക്ക്‌ വര്‍ഗബോധം ഉണര്‍ന്നില്ല എന്നത്‌ സത്യമാണ്‌. കുടില്‍ തൊട്ടു കെട്ടാരംവരെ ഞങ്ങളെ വേണം. ഞങ്ങള്‍ കള്ളം പറയില്ലന്നൊരു പേരുദോഷവുമുണ്ട്‌. കണ്ണാടിയുണ്ടെങ്കില്‍ ചങ്ങാതി വേണ്ടന്ന കാലമൊ മാറി. സത്യംപറഞ്ഞാല്‍, ഉള്ളതു പറഞ്ഞ്‌ മടുത്തു. ഇനിയെങ്കിലും ഞങ്ങള്‍ക്ക്‌ ആവിഷ്‌കാരസ്വാതന്ത്ര്യം വേണം. തോന്നിയതുപോലെ ഞങ്ങള്‍ നിങ്ങളെ ആവിഷ്‌കരിക്കും. സൗകര്യമുണ്ടെങ്കില്‍ വന്നു നിന്നാല്‍ മതി. പ്രതിഷേധമുള്ളവര്‍ക്ക്‌ ചണകവെള്ളവും ജലശായവും ഉപയോഗപ്പെടുത്താം. കാറും ഫോണും ഫ്‌ളാറ്റും ഉള്ള കൂടിയ ഇനത്തിന്‌ ആറന്മുള കണ്ണാടിയുമുണ്ട്‌. കേവല സത്യം തേടുന്നവര്‍ക്ക്‌ എന്തെല്ലാം പോംവഴികള്‍?
നയപ്രഖ്യാപന പ്രസംഗം കഴിയാന്‍ കാത്തുനില്‍ക്കാതെ, അപ്പുണ്ണ്യേട്ടന്‍ അന്നപൂര്‍ണയുടെ അടുക്കളക്കോലായില്‍ നിന്നനില്‍പില്‍ കുഴഞ്ഞുവീണു!

പായിപ്ര രാധാകൃഷ്‌ണന്‍

Ads by Google
Saturday 08 Sep 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW