കോട്ടയം: വിമാനക്കമ്പനിയുടെ മാനേജര്‍ ചമഞ്ഞ് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ പേരില്‍ വരെ തട്ടിപ്പു നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കോട്ടയം ഇല്ലിക്കല്‍ തോപ്പില്‍ ടി.എസ്. വിനോദ് കുമാറാ(49) ണു പിടിയിലായത്.
ജെറ്റ് എയര്‍വെയ്സ് ലോജിസ്റ്റിക് ജനറല്‍ മാനേജര്‍ എന്ന ബോര്‍ഡ് വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗുജറാത്തിലുള്ള നിരവധി സന്നദ്ധ സംഘടനകളില്‍നിന്നു വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഇയാള്‍ സാധനങ്ങളെത്തിച്ചിരുന്നു. ഇതിനു കമ്മീഷന് ലഭിച്ചു. വിതരണം ചെയ്ത സാധനങ്ങളില്‍ ഇയാള്‍ ഉയര്‍ന്ന ബ്രാന്‍ഡുകളുടെ സ്റ്റിക്കര്‍ സ്വന്തമായി പ്രിന്റ് ചെയ്ത് ഒട്ടിച്ചിട്ടുണ്ട്. ഇയാള്‍ക്കു വിമാനക്കമ്പനിയുമായി യാതൊരു ബന്ധവുമിെല്ലന്നു പോലീസ് പറഞ്ഞു.
കമ്പനിയുമായി സഹകരിച്ചാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് പ്രതി നാട്ടില്‍ പറഞ്ഞിരുന്നത്. ജെറ്റ് എയര്‍വെയ്സിനെ കൊണ്ട് വള്ളംകളി 20 ലക്ഷം രൂപയ്ക്കു സ്പോണ്സര് ചെയ്യാമെന്ന് പറഞ്ഞു ബോട്ട് ക്ലബ്ബിനെ നേരത്തേ കബളിപ്പിച്ചിട്ടുണ്ട്. വ്യാജ രജിസ്ട്രേഷന് നമ്പരില്‍ ഇയാള്‍ ഉപയോഗിച്ചുവന്ന ഫുള്‍ ഓപ്ഷന് മഹീന്ദ്ര സൈലോ വാഹനം പോലീസ് കണ്ടെടുത്തു. കെ.എല്‍. 5 സെഡ് 4286 എന്ന വ്യാജ നമ്പരിലായിരുന്നു ഓട്ടം. വാഹനത്തില്‍നിന്ന് നിരവധി വ്യാജരേഖകള്‍ പിടിച്ചെടുത്തു. അസലിനെ വെല്ലുന്ന കളിത്തോക്ക് ്രൈഡവര്‍ സീറ്റിനടിയില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തുമായി വിദേശമലയാളിയില്‍ നിന്നു വരെ ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പു നടത്തിയിട്ടുണ്ട്. തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്യാനെന്ന പേരില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് ഒന്നര ലക്ഷം രുപ തട്ടിയെടുത്തിട്ടുള്ള ഇയാള്‍ ജി.എസ്.ടി. ഇല്ലാതെ പെട്ടെന്ന് ബുള്ളറ്റ് വാങ്ങി നല്‍കാമെന്നു വിശ്വസിപ്പിച്ച് മറ്റൊരാളില്‍ നിന്നു 27000 രൂപ വാങ്ങി കബളിപ്പിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.
ട്രാവല്‍ ഏജന്‍സിയുടെ ഫ്രാഞ്ചൈസി അനുവദിച്ചു നല്‍കാമെന്നു പറഞ്ഞു തൃശൂര്‍ സ്വദേശിയ വിദേശ മലയാളിയില്‍നിന്ന് ഒന്‍പതു ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിനു മാള സ്റ്റേഷനില്‍ കേസുണ്ട്. റെയില്‍വേയില്‍ ജോലി തരാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയതിന് കോട്ടയം ഈസ്റ്റ് പോലീസും കേസെടുത്തിരുന്നു. വ്യാജ ബുള്ളറ്റ് ക്ലബുണ്ടാക്കി ഇതിനുള്ള രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റട്ടുകള് സ്വന്തമായി പ്രിന്റ് ചെയ്ത് ഇയാള്‍ ഫെയ്സ് ബുക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കോട്ടയം ഡിവൈ.എസ്.പി: ആര്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ: .കെ.ആര്. പ്രസാദ്. ആര്, അജിത്, സിവില്‍ പോലീസ് ഓഫീസര്‍മരായ കെ.ആര്.അരുണ്‍ കുമാര്‍, പ്രദീപ് വര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കുമരകം സബ് ഇന്‍സ്പെക്ടര്‍ രജന്‍ കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.