Thursday, November 15, 2018 Last Updated 39 Min 42 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 08 Sep 2018 12.49 AM

അഭിമന്യു വധക്കേസ്‌: കത്തി എവിടെ , കുത്തിയതാര്‌ ? കൃത്യം നടന്ന്‌ രണ്ടുമാസം പിന്നിടുമ്പോഴും ഇരുട്ടില്‍ത്തപ്പി പോലീസ്‌, എട്ടു പ്രതികള്‍ ആരെന്ന്‌ ഇപ്പോഴും തിട്ടമില്ല

uploads/news/2018/09/246841/abhimanyu2.jpg

കൊച്ചി : മഹാരാജാസ്‌ കോളജിലെ എസ്‌.എഫ്‌.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കുത്തിയ പ്രതിയെയും കണ്ടെത്താനാകാതെ പോലീസ്‌ ഇരുട്ടില്‍ത്തപ്പുന്നു. കഴിഞ്ഞ ജൂലൈ രണ്ടിന്‌ പുലര്‍ച്ചെ 12.30 നായിരുന്നു ക്യാമ്പസിനു പുറത്തുള്ള റോഡില്‍ അഭിമന്യു കുത്തേറ്റു മരിച്ചത്‌.

കൃത്യം നടന്ന്‌ രണ്ടുമാസം പിന്നിടുമ്പോഴും പല ദുരൂഹതയും നീക്കാന്‍ പോലീസിനാകുന്നില്ല. അന്വേഷണത്തില്‍ വീഴ്‌ചകളുണ്ടായെന്നും സൂചനയുണ്ട്‌. കേസില്‍ 26 പ്രതികളുണ്ടെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഒന്നുമുതല്‍ ഏഴുവരെയും 16 മുതല്‍ 26 വരെയുള്ള പ്രതികളുടെ വിവരമാണുള്ളത്‌. എട്ടുമുതല്‍ 15 വരെയുള്ള എട്ടു പ്രതികള്‍ ആരെന്ന്‌ ഇപ്പോഴും തിട്ടമില്ല.

പ്രതികള്‍ക്കെതിരേ നിര്‍ണായക തെളിവാകുന്നതു സാക്ഷിമൊഴികളും കൃത്യത്തിനുപയോഗിച്ച ആയുധവുമാണ്‌. സ്‌ഥലെത്ത സി.സി.ടിവി ദൃശ്യങ്ങളില്‍ നീല ഷര്‍ട്ടിട്ട ഒരാളുണ്ട്‌. കുത്തിയത്‌ ഇയാളാണെന്നാണു പോലീസിന്റെ നിഗമനം. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികളിലൊരാള്‍ കുത്തിയെന്നാണു വിവരം. എന്നാല്‍, പിടിയിലായവരെ ചോദ്യംചെയ്‌തിട്ടും കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ, ഒന്‍പതു പ്രതികള്‍ക്കു ജാമ്യം ലഭിച്ചു. കേസ്‌ ദുര്‍ബലമാണെന്ന ആക്ഷേപം ഇതു ബലപ്പെടുത്തിയിട്ടുണ്ട്‌. ജാമ്യം നല്‍കുന്നതിനെതിരേ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ കോടതി തള്ളി.

കുത്തിയ ഒരാളുടെ പേരു പറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ചോദ്യം ചെയ്യുന്നതിനിടെ അനൂപ്‌ എന്ന പ്രതിയെ പോലീസ്‌ മര്‍ദിച്ചതു വിവാദമായി. പോലീസ്‌ ചൂണ്ടിക്കാട്ടിയ ആള്‍ക്കെതിരേ മൊഴി നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. ജാമ്യം ആവശ്യപ്പെട്ട്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്‌. തുടര്‍ന്ന്‌ അനൂപിന്‌ ജാമ്യം അനുവദിച്ചു.

അന്വേഷണത്തുടക്കത്തില്‍ തന്നെ പോലീസിനു പിഴച്ചെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. നഗരത്തില്‍ ഏകദേശം 150 നിരീക്ഷണ ക്യാമറകളുണ്ടായിട്ടും പ്രതികളെ നഗരപരിധി വിടുംമുമ്പ്‌ പിടികൂടാനായില്ല. ദിവസങ്ങള്‍ക്കുശേഷമാണ്‌ പ്രതികള്‍ സഞ്ചരിച്ച ഓട്ടോ കസ്‌റ്റഡിയിലെടുത്തത്‌. ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷമുണ്ടായി എന്നാണ്‌ യാത്രക്കാര്‍ പറഞ്ഞതെന്നു ഡ്രൈവര്‍ മൊഴി നല്‍കി.

സംഭവദിവസം രാത്രിയിലാണ്‌ വട്ടവടയില്‍നിന്ന്‌ അഭിമന്യു കോളജിലെത്തിയത്‌. വിദ്യാര്‍ഥിയെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍, ആരാണു വിളിച്ചതെന്നു കണ്ടെത്താനുമായിട്ടില്ല.

ഒരാള്‍ കൂടി അറസ്‌റ്റില്‍

കൊച്ചി: അഭിമന്യുവിനെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. നെട്ടൂര്‍ സ്വദേശി അബ്‌ദുള്‍ നാസറാണു പിടിയിലായത്‌. കൊലപ്പെടുത്താനെത്തിയ അഞ്ചംഗ നെട്ടൂര്‍സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു. കൃത്യത്തിനുശേഷം തമിഴ്‌നാട്ടിലെ യെര്‍വാഡിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു നസീര്‍. തമിഴ്‌നാട്‌ പോലീസിന്റെ സഹായത്തോടെ ഇയാളുടെ താമസസ്‌ഥലം കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇതിനിടെ പ്രതി ട്രെയിന്‍മാര്‍ഗം ആലുവയിലെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പിടിയിലായതെന്ന്‌ കേസ്‌ അന്വേഷിക്കുന്ന സെന്‍ട്രല്‍ പോലീസ്‌ പറഞ്ഞു. ഇതോടെ, അറസ്‌റ്റിലായവരുടെ എണ്ണം 19 ആയി. ആകെ 26 പ്രതികളാണുള്ളത്‌. 15 പേര്‍ക്കു നേരിട്ട്‌ കൊലപാതകവുമായി ബന്ധമുണ്ട്‌. ബാക്കിയുള്ളവര്‍ പ്രതികളെ സഹായിച്ചവരാണ്‌.

Ads by Google
Ads by Google
Loading...
TRENDING NOW