Saturday, September 08, 2018 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.46 AM

ഭൂമിയില്‍ വിള്ളല്‍, കിണര്‍ വറ്റുന്നു, മണ്ണിരകള്‍ നശിക്കുന്നു... , പ്രളയാനന്തരം കേരളം മാറുന്നു; ഉത്തരം തേടി ശാസ്‌ത്രലോകം

uploads/news/2018/09/246838/k4.jpg

കൊച്ചി : പ്രളയത്തെത്തുടര്‍ന്നു കേരളത്തില്‍ വലിയ മാറ്റങ്ങള്‍. പുഴ കരയാകുന്നു; കരയായിരുന്നിടം പുഴയാകുന്നു, അപ്രതീക്ഷിതമായ ഇടങ്ങളില്‍ ഉരുള്‍ പൊട്ടുന്നു, വലിയ വിള്ളലുകള്‍; ഭൂമി വിണ്ടുകീറുന്നു, ജീവികള്‍ ഇല്ലാതാകുന്നു, നദികളുടെ ആഴം കുറയുന്നു, ചൂട്‌ കനക്കുന്നു, കിണറുകള്‍ വറ്റുന്നു... കേരളത്തില്‍ സംഭവിക്കില്ലെന്നു കരുതിയിരുന്ന പലതുമാണു സംഭവിക്കുന്നത്‌. ഇവയ്‌ക്ക്‌ ഉത്തരം തേടുകയാണു ശാസ്‌ത്രലോകം.
ഇതെല്ലാം വരാനിരിക്കുന്ന വലിയ വിപത്തിന്റെ മുന്നോടിയെന്നു മുന്നറിയിപ്പുകളുണ്ടാകുന്നു. സര്‍വംസഹയായ ഭൂമിയെ അതിനുമപ്പുറം ചൂഷണം ചെയ്‌തതിന്റെ തിരിച്ചടിയെന്നും വാദം. വലിയ ഉടച്ചുവാര്‍ക്കലാണു പ്രളയം നടത്തിയത്‌. കേരളം പുതിയൊരു ഭിന്നകാലാവസ്‌ഥാ പ്രദേശമായി മാറുന്നു.
കണ്‍മുന്നിലെ സൂചനകള്‍ നല്‍കുന്ന പാഠം ഇതാണ്‌: മഴത്തുള്ളികളെ മണ്ണിലിറക്കിയും ജലസ്രോതസുകളെ സംരക്ഷിച്ചും നാടിന്റെ നനവും പച്ചപ്പും നിലനിര്‍ത്തുക.

ഭൂമിയില്‍ വിള്ളല്‍

സംസ്‌ഥാനത്ത്‌ വ്യാപകമായി ഭൂമിയില്‍ വിള്ളലുണ്ടാകുന്നതു ഭൗമശാസ്‌ത്രജ്‌ഞരെ ആശങ്കയിലാഴ്‌ത്തുന്നു. 150 മീറ്റര്‍ നീളത്തിലും ഒന്നര മീറ്റര്‍ വീതിയിലും വരെ മണ്ണ്‌ ഇരുന്നുപോയിട്ടുണ്ട്‌. സോയില്‍ പൈപ്പിങ്‌ എന്ന പ്രതിഭാസം. ഭൂമിക്കടിയിലെ കളിമണ്ണും ചെമ്മണ്ണും ഒഴുകിപ്പോയതിനെത്തുടര്‍ന്ന്‌ ഉപരിതലം ഇടിഞ്ഞുപോയതാണു കാരണം. അതിശക്‌തമായ മഴയില്‍ ഇങ്ങനെ ടണല്‍ ഇറോഷന്‍ സംഭവിക്കാറുണ്ട്‌. മണ്ണ്‌ വെള്ളംകൊണ്ടു കുതിര്‍ന്ന്‌ പരമാവധിയാകുമ്പോഴാണ്‌ ഇതു സംഭവിക്കുന്നത്‌. പരിശോധന പൂര്‍ത്തിയായതിനു ശേഷമേ ഇത്തരം പ്രദേശങ്ങളില്‍ താമസിക്കാവൂ എന്നു ഭൗമ ശാസ്‌ത്രജ്‌ഞര്‍ ഉപദേശിക്കുന്നു.

കിണറുകള്‍ വറ്റുന്നു

കവിഞ്ഞൊഴുകിയ കിണറുകളില്‍ മിക്കതും ദിവസങ്ങള്‍ക്കകം വറ്റിക്കഴിഞ്ഞു. പലരും വെള്ളത്തിനായി മറ്റു വഴികള്‍ തേടുകയാണ്‌. കിണറിലേക്കുള്ള ഉറവകള്‍ അടഞ്ഞിരിക്കുന്നു. ഉറവ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കിണര്‍ വരണ്ടുപോകും. മറ്റൊരു കിണര്‍ കുഴിക്കുകയേ വഴിയുണ്ടാകൂ. ഭൂമിക്കടിയില്‍ തണ്ണീര്‍ത്തട (വാട്ടര്‍ ഷെഡ്‌) ത്തില്‍ വന്ന ഈ മാറ്റം വലിയ പരിസ്‌ഥിതി പ്രശ്‌നമാകും ഭാവിയില്‍ സൃഷ്‌ടിക്കുക.

പുഴകളുടെ ആഴം കുറഞ്ഞു

പുഴയില്‍ ഏക്കലും മണലും അടിഞ്ഞുകൂടിയതുകാരണം നീരൊഴുക്കു കുറഞ്ഞു. ചെറിയ മഴ പെയ്‌താല്‍പോലും നദികള്‍ നിറഞ്ഞു സമീപപ്രദേശങ്ങളില്‍ വെള്ളം കയറും. ശക്‌തമായ മഴയില്‍ മറ്റൊരു ദുരന്തമായിരിക്കും ആവര്‍ത്തിക്കുക. പുഴയുടെ ആഴം കൂട്ടാതെ ജലം സുഗമമായി കടലിലേക്കൊഴുകില്ല. പുഴ ഗതിമാറി ഒഴുകുക വഴി പുഴയോരത്തെ ആവാസവ്യവസ്‌ഥയും താറുമാറായി.

മഴ മാറി, കൃഷിയും

മണ്‍സൂണിന്റെ കവാടം തിരുവനന്തപുരത്തുനിന്നു വടക്കോട്ടു നീങ്ങി കൊച്ചിയും കോഴിക്കോടും മംഗലാപുരവുമായി. ഓരോ വര്‍ഷവും മഴയുടെ തോതില്‍ ഏറ്റക്കുറച്ചില്‍. അന്തരീക്ഷത്തിലെ രാസമലിനീകരണം മൂലം മഴവെള്ളത്തിന്റെ പി.എച്ച്‌. മൂല്യം കുറയുന്നു. ഇതു കൃഷിക്കു ദോഷകരം.

മണ്ണിരകളുടെ നാശം

മണ്ണിരകളുടെ നാശം പ്രളയാനന്തരം കൂടിയിട്ടുണ്ട്‌. കാലാവസ്‌ഥ മാറുമ്പോള്‍ അതനുസരിച്ചു ജീവജാലങ്ങള്‍ക്കു നാശം സംഭവിക്കുകയാണ്‌. മണ്ണിലെ ക്രമാതീതമായ വിഷസാന്നിധ്യം, രാസവളങ്ങള്‍, ജൈവ വസ്‌തുക്കളുടെ അഭാവം തുടങ്ങിയവയാണ്‌ കാരണം. ജൈവാംശം കുറയുന്നതിനാല്‍ മണ്ണു കട്ടിയായി ജീവികള്‍ക്കു വാസയോഗ്യമല്ലാതായി.
ഇപ്പോഴത്തെ കാലാവസ്‌ഥയ്‌ക്ക്‌ അനുസൃതമായ ജീവികളുടെ പ്രജനനം ശക്‌തമാകുകയും ചെയ്‌തു. ആഫ്രിക്കന്‍ പായല്‍, വിവിധതരം ഒച്ചുകള്‍, പാര്‍ത്തിനിയം പോലുള്ള ചെടികള്‍ എന്നിവ വ്യാപകമാകുന്നു. സംസ്‌ഥാനത്തിനു പുറത്തുനിന്നെത്തുന്ന ഗോതമ്പ്‌ പോലുള്ള ഭക്ഷ്യവസ്‌തുക്കള്‍ക്കൊപ്പമെത്തുന്ന വിത്തുകളാണു വില്ലന്‍. വലിയ കണ്ടെയ്‌നറുകളില്‍ പറ്റിപ്പിടിച്ചുവരുന്ന ജീവികള്‍ ഇവിടെ അനുയോജ്യമായ കാലാവസ്‌ഥയില്‍ വന്‍ പ്രജനനം നേടുന്നു.
ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കാണപ്പെടുന്ന പല കൊതുക്‌ ഇനങ്ങളും ഇവിടേക്ക്‌ എത്തുന്നു. ചിക്കുന്‍ഗുനിയ, എച്ച്‌1എന്‍1, സിക്കാ വൈറസ്‌, ജപ്പാന്‍ ജ്വരം പരത്തുന്ന വൈറസ്‌ എന്നിവ കേരളത്തിലും സാന്നിധ്യമറിയിച്ചിരിക്കുന്നു.

ഇടിമിന്നല്‍, വന്‍ മഴത്തുള്ളി

തുള്ളിവലുപ്പം വര്‍ധിച്ച്‌ മഴയുടെ സംഹാരശേഷി കൂടി. ഇടിമിന്നലിന്റെ വര്‍ധന മറ്റൊരു പ്രധാന മാറ്റം. ചെറിയ മഴയിലും ജലത്തിന്റെ അളവ്‌ അപ്രതീക്ഷിതമായി കൂടുന്നു.

ക്രമംതെറ്റി കാര്‍ഷിക കലണ്ടര്‍

കേരളത്തിന്റെ പഴയ കാര്‍ഷിക കലണ്ടര്‍ അനുസരിച്ചു നെല്‍കൃഷി ചെയ്യാനാവാത്ത സ്‌ഥിതിയായെന്നു കാര്‍ഷിക വിദഗ്‌ധര്‍. ഡിസംബറില്‍ പൂവിടേണ്ട മാംഗോസ്‌റ്റിന്‍, ജാതി എന്നിവ ഈ വര്‍ഷം പൂവിട്ടതു ഫെബ്രുവരിയില്‍. തേനീച്ചകള്‍ക്കു ചൂടു്‌ മൂലം രോഗം, തേനുല്‍പാദനം കുറയുന്നു.

Ads by Google
Saturday 08 Sep 2018 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW