Saturday, April 20, 2019 Last Updated 13 Min 58 Sec ago English Edition
Todays E paper
Saturday 08 Sep 2018 12.40 AM

കുട്ടനാട്ടിലെ നെല്‍ക്കൃഷി: പുനര്‍വിചിന്തനം വേണമെന്നു പി.എച്ച്‌. കുര്യന്‍

uploads/news/2018/09/246821/k11.jpg

കോട്ടയം: കുട്ടനാട്ടിലെ നെല്‍ക്കൃഷി നഷ്‌ടമാണെന്നും അതിനാല്‍ പുനര്‍വിചിന്തനം നടത്തുന്നത്‌ ഉചിതമാണെന്നും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി.എച്ച്‌. കുര്യന്‍. സബ്‌സിഡിയുടെ അടിസ്‌ഥാനത്തില്‍ കണക്കാക്കിയാല്‍ നെല്‍ക്കൃഷിയില്‍നിന്നു വരുമാന നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ കുന്നശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനര്‍നിര്‍മാണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തണ്ണീര്‍മുക്കം ബണ്ട്‌ ഉള്‍പ്പെടെ പൊളിച്ചുനീക്കണം. തണ്ണീര്‍മുക്കം ബണ്ട്‌ നിര്‍മിച്ച നെതര്‍ലന്‍ഡുകാര്‍ സ്വന്തം രാജ്യത്തെ ബണ്ടുകള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ്‌. കുട്ടനാട്ടിലും മലയോരത്തും പ്രകൃതി ഒരു ബ്ലോക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അതനുസരിച്ചു വേണം പ്രവര്‍ത്തിക്കാന്‍. കുട്ടനാട്ടില്‍ കഴിഞ്ഞ വര്‍ഷം നെല്‍ക്കൃഷി വര്‍ധിപ്പിച്ചിരുന്നു. നെല്‍ക്കൃഷി വര്‍ധിപ്പിക്കുന്നതു മോക്ഷം കിട്ടുന്നതു പോലെയാണു ചിലര്‍ കൊണ്ടുനടക്കുന്നത്‌.
കുട്ടനാട്ടില്‍ മത്സ്യകൃഷി, കുടിവെള്ളം, വിനോദസഞ്ചാരം ഇവയ്‌ക്കു പ്രാധാന്യം നല്‍കണം. ഭൂരഹിത കേരളം പദ്ധതി വന്‍ തട്ടിപ്പായിരുന്നുവെന്ന്‌ ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞിരുന്നതാണ്‌. പുതിയ കെട്ടിടനിര്‍മാണ രീതിയുമായി മന്ത്രിയായിരുന്ന ബിനോയ്‌ വിശ്വത്തെ സമീപിച്ചപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയകളുടെ ആളാണെന്നു പറഞ്ഞ്‌ ഒഴിവാക്കിയെന്നും കുര്യന്‍ പറഞ്ഞു. കോട്ടയം കലക്‌ടറായിരിക്കേ സംയോജിത മത്സ്യകൃഷി വര്‍ധിപ്പിക്കാന്‍ പള്ളത്തെ മത്സ്യഫാമില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ ഒരുങ്ങിയപ്പോള്‍ അന്നത്തെ ഒരു രാഷ്‌ട്രീയ നേതാവ്‌ മത്സ്യത്തൊഴിലാളികളുടെ പണികളയുമെന്നു പറഞ്ഞു വിരട്ടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളിലെ ദുഃഖാന്തരീക്ഷം മാറ്റി സന്തോഷത്തിന്റെ കുമിളകള്‍ പൊട്ടണമെന്ന്‌ ഐക്യരാഷ്‌ട്ര പരിസ്‌ഥിതി പ്രോഗ്രാമിന്റെ ദുരന്ത സാധ്യതാ ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ആഘോഷങ്ങള്‍ ഒഴിവാക്കുകയല്ല, അവര്‍ക്കു കൂടി നന്മയാകുന്ന വിധത്തില്‍ നടത്തുകയാണു വേണ്ടത്‌. കുട്ടനാട്ടിലെ ദുരന്തം ലോകം ഇതുവരെ മനസിലാക്കിയിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കായിരിക്കണം കുട്ടനാടിന്റെ അടിസ്‌ഥാനം. മലയാളികളുടെ വസ്‌തുവിനോടുള്ള ആര്‍ത്തി മാറാതെ പരിസ്‌ഥിതി സംരക്ഷണം നടപ്പാകില്ലെന്നും തുമ്മാരുകുടി പറഞ്ഞു.
മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ മോഡറേറ്ററായിരുന്നു. കാര്‍ഷിക ശാസ്‌ത്രജ്‌ഞന്‍ ഡോ.കെ.ജി. പത്മകുമാര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌, തോമസ്‌ ചാഴികാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Loading...
TRENDING NOW