പത്തനംതിട്ട : സംസ്ഥാനത്ത് അഞ്ചു ജില്ലകള്‍ പ്രളയത്തില്‍ മുങ്ങി അന്ധകാരത്തിലായപ്പോള് വൈദ്യുതി ബോര്‍ഡ് ലാഭക്കണക്ക് നിരത്തി നേട്ടം വിവരിക്കുന്നു. കഴിഞ്ഞ ഒരുമാസത്തില്‍ അധികമായി ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയേക്കാള്‍ പത്ത് ദശലക്ഷം യൂണിറ്റുവരെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ദ്ധിച്ചതായാണ് ബോര്‍ഡിന്റെ വാദം.
കണക്ക് തെറ്റിച്ച് ഇടവപ്പാതി കലിച്ചപ്പോള് ആലപ്പുഴ, വയനാട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകള്‍ ദിവസങ്ങളോളം അന്ധകാരത്തിലായതാണ് ലാഭകാരണമെന്ന വസ്തുത ബോര്‍ഡ് മറച്ചുവച്ചുകൊണ്ടാണ് നേട്ടം വിവരിക്കുന്നതെന്ന ആരോപണം ശക്തമാണ്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും പ്രളയം ജൂലൈ മുതല്‍ ആരംഭിച്ചെങ്കിലും ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് വയനാട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്. ഈ ജില്ലകളില്‍ ജൂലൈ പകുതിമുതല്‍ പ്രളയകെടുതി ആരംഭിച്ചിരുന്നു. വയനാട്, ആലപ്പുഴ, എറണാകുളം ജില്ലകളെയായിരുന്നു തുടക്കത്തില്‍ പ്രളയം കവര്‍ന്നത്. ജൂലൈ 7ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 66.88 ദശലക്ഷം യൂണിറ്റായിരുന്നുവെന്നാണ് ബോര്‍ഡിന്റെ കണക്ക്. അന്ന് വെറും 19.81 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉത്പാദനം. ബാക്കി 47.06 യൂണിറ്റും പുറത്തുനിന്നും വാങ്ങുകയായിരുന്നു. എന്നാല്‍ ജൂലൈ 16മുതല്‍ മഴ കനത്തതോടെ മൂന്നു ജില്ലകളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞു. അതോടെ ആഭ്യന്തര ഉത്പാദനം ഇറക്കുമതിയേക്കാള്‍ കൂടി. മൂന്നുജില്ലകളില്‍ പകുതിയിലധികം മേഖലയും മറ്റ് എട്ട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി ഉപഭോഗം കുറഞ്ഞുവെന്നുള്ള കാര്യമാണ് ബോര്‍ഡ് അധികൃതര്‍ സൗകര്യപൂര്‍വം മറക്കുന്നത്.
ജൂലൈ 18 മുതല്‍ 30.28 ദശലക്ഷം യൂണിറ്റുവരെ ശരാശരി വൈദ്യുതി ഉത്പദിപ്പിച്ചപ്പോള് പുറത്തുനിന്നും വാങ്ങിയത് 28 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ 30ന് നാല്‍പ്പത് ദശലക്ഷം യൂണിറ്റു വൈദ്യുതി വരെ ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞു. ആകെ ആവശ്യഗതയുടെ 38 ശതമാനം വൈദ്യുതി മാത്രമെ അന്ന് പുറത്തുനിന്നും വാങ്ങേണ്ടിവന്നുള്ളു. ഓഗസ്റ്റ് ഏഴിന് വൈദ്യുതി ഉപയോഗം 63.51 ദശലക്ഷം യൂണിറ്റാണ്്. പുറത്തുനിന്നും വാങ്ങിയത് 26.18 ദശലക്ഷം യൂണിറ്റ് മാത്രം. 58 ശതമാനം വൈദ്യുതിയാണ് അന്ന് സംസ്ഥാനത്ത് ആഭ്യന്തരമായി ഉത്പാദിപ്പിച്ചത്.
ഓഗസ്റ്റ് 15 മുതലാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ പ്രളയകെടുതി രൂക്ഷമായി ബാധിച്ചത്. അന്നുമുതല്‍ ദിവസങ്ങളോളം ഈ ജില്ലകളുടെ എഴുപത് ശതമാനം മേഖലകളിലും അന്ധകാരത്തിലായി. 16ന് ആകെ ഉപഭോഗം 38.66 ദശലക്ഷം യൂണിറ്റുമാത്രം. ആകെ ഉപഭോഗത്തിന്റെ ഏകദേശം നേര്‍പകുതി. അന്നുമുതല്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വളരെ കുറവായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആവശ്യമുള്ളതിന്റെ എഴുപത് ശതമാനത്തോളം വൈദ്യുതി പുറത്തുനിന്നും വാങ്ങാന്‍ വിധിക്കപ്പെട്ട കേരളത്തില്‍ കനത്ത മഴയെ മുതലാക്കി അണക്കെട്ടുകളില്‍ പരമാവധി ജലസംഭരണം നടത്തി ലാഭം കൊയ്യുക എന്നതാണ് വൈദ്യുതി ബോര്‍ഡ് ലക്ഷ്യം വച്ചത്. ഇത് സംസ്ഥാനത്തെ ദുരന്തത്തിലേക്കും ദുരിതത്തിലേക്കും നയിച്ചു. ശതകോടികളുടെ നഷ്ടമാണ് ബോര്‍ഡിന്റെ ദീര്‍ഘവീക്ഷണ കുറവ് വരുത്തിവച്ചത്. ഈ സമയത്ത് ഉപഭോഗം കുറഞ്ഞതിലൂടെ നേടിയ ചെറിയ ലാഭത്തിന് നറുതിരി വെട്ടത്തിന്റെ പ്രകാശം പോലുമില്ലെന്നാണ് വിമര്‍ശനമുയര്‍ന്നിട്ടുള്ളത്.