Wednesday, November 21, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

കാലാവസ്‌ഥാ കേന്ദ്രത്തിന്റെ റെഡ്‌അലെര്‍ട്ട്‌ എത്തിയത്‌ പ്രളയശേഷം: മന്ത്രി

തിരുവനന്തപുരം : പ്രളയം ഉണ്ടായശേഷമാണ്‌ കേന്ദ്ര കാലാവസ്‌ഥ നീരീക്ഷണകേന്ദ്രം റെഡ്‌ അലര്‍ട്ട്‌ നല്‍കിയതെന്ന്‌ മന്ത്രിമാരായ മാത്യു ടി. തോമസും, എം.എം. മണിയും. ഡാം മാനേജ്‌മെന്റിന്റെ പിഴവാണ്‌ വെള്ളപ്പൊക്കകാരണം എന്ന പ്രചരണം തെറ്റാണ്‌. ഇത്‌ കേന്ദ്ര ജലകമ്മിഷന്റെ റിപ്പോര്‍ട്ടില്‍തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌.
ഓരോഡാമിന്റെയും സംഭരണശേഷിയും അധികമായി ഒഴുകിയെത്തിയ ജലത്തിന്റെ അളവും പരിശോധിച്ചാണ്‌ തുറന്നുവിട്ടത്‌. സംഭരിച്ച വെള്ളമല്ല തുറന്നുവിട്ടത്‌. പ്രധാനപ്പെട്ട എല്ലാ അണക്കെട്ടുകളും ജില്ലാഭരണകൂടങ്ങളെ അറിയിച്ച്‌ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയശേഷമാണ്‌ തുറന്നുവിട്ടതെന്നും മാത്യു ടി. തോമസ്‌ പറഞ്ഞു.
ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പത്തനംതിട്ടയിലെ എല്ലാ ഡാമുകളും ഓഗസ്‌റ്റ്‌ ഒന്‍പതിനുമുമ്പുതന്നെ തുറന്നതാണ്‌. പ്രധാന ഡാമുകളെല്ലാം ഓഗസ്‌റ്റ്‌ ഒന്‍പതിനുമുമ്പു തുറന്നിരുന്നു. പ്രളയം സംബന്ധിച്ച്‌ കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയത്‌ ഓഗസ്‌റ്റ്‌ 14നാണ്‌. അപ്പോഴേക്കും കേരളം പ്രളയത്തിലായി. അതിശക്‌തമായ മഴയുടെ മുന്നറിയിപ്പാണ്‌ കാലാവസ്‌ഥനീരീക്ഷണകേന്ദ്രം നല്‍കിയത്‌. കേന്ദ്രകാലാവസ്‌ഥ നിരീക്ഷണകേന്ദ്രം ഓഗസ്‌റ്റ്‌ ഒന്‍പതുമുതല്‍ 15 വരെ ദീര്‍ഘകാല ശരാശരിയായി പ്രവചിച്ചത്‌ 9.85 സെന്റീമീറ്റര്‍ മഴയാണ്‌. എന്നാല്‍ പെയ്‌തത്‌ 35.22 സെന്റീമീറ്ററാണ്‌. പ്രവചിച്ചതിന്റെ മൂന്നരയിരട്ടി മഴയുണ്ടായി. ഓരോ അണക്കെട്ടിലും ഒഴുകിയെത്തിയ വെളളത്തിന്റെ ഒരു വിഹിതമാണ്‌ പുറത്തുവിട്ടത്‌. പമ്പയിലും പെരിയാറിലും കബനിയിലും വെള്ളംപൊങ്ങിയതിന്റെ 30 ശതമാനത്തില്‍ താഴെയാണ്‌ ഡാമുകളില്‍ നിന്നുള്ള വെള്ളം. കേരളത്തിലെ നദികളില്‍ ആകെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്‌ വെറും 2250 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്‌. എന്നാല്‍ ഇക്കുറി മഴയിലൂടെ ഒഴുകിയെത്തിയത്‌ 14,000 ദശലക്ഷം ഘനയടി വെള്ളമാണ്‌. ഡാമിലുള്ളപ്പോള്‍ വെള്ളത്തിന്‌ അതിന്റെ ഉയരം അനുസരിച്ച്‌ മര്‍ദ്ദം ഉണ്ടാകും. എന്നാല്‍ അത്‌ ഒഴുകി സമതലത്തില്‍ എത്തുമ്പോള്‍ എല്ലാ വെള്ളത്തിനും ഒരേ മര്‍ദ്ദമാണ്‌. വെള്ളത്തിന്റെ മര്‍ദ്ദമല്ല, അളവാണ്‌ വെള്ളപ്പൊക്കമുണ്ടാക്കുന്നത്‌.
കല്ലട ഡാം തുറന്നുവിട്ടതാണ്‌ ശരിയായ ഡാം മാനേജ്‌മെന്റ്‌ എന്ന്‌ ചില മുന്‍ ജലസേചന മന്ത്രിമാര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ആ ഡാം മാനേജ്‌മെന്റ്‌ തന്നെയാണ്‌ എല്ലായിടത്തും സ്വീകരിച്ചത്‌. ജലവിഭവവകുപ്പിന്റെ ഏറ്റവും വലിയ ഡാമാണ്‌ കല്ലട. ഓഗസ്‌റ്റ്‌ 15,16,17 തീയതികളില്‍ ആകെ ജലവിഭവവകുപ്പിന്റെ ഡാമുകളില്‍നിന്ന്‌ സെക്കന്‍ഡില്‍ 700 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്‌ പുറത്തുവിട്ടത്‌. ഇതില്‍ 225 ഘനമീറ്റവും കല്ലടയില്‍നിന്നായിരുന്നു. എന്നിട്ടും കൊല്ലത്ത്‌ പ്രളയം ഉണ്ടാകാതിരുന്നത്‌ അവിടെ സംസ്‌ഥാനത്തുണ്ടായതില്‍നിന്നു 48 ശതമാനം മഴ കുറവായിരുന്നതുകൊണ്ടാണ്‌. ഇതില്‍നിന്നു മഴയായിരുന്നു പ്രളയത്തിന്‌ കാരണമെന്ന്‌ വ്യക്‌തമാകും. കേന്ദ്ര ജലകമ്മിഷനും ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്‌. മനുഷ്യനിര്‍മിതമെന്നില്‍നിന്നു സര്‍ക്കാര്‍ നിര്‍മിതമാണ്‌ പ്രളയം എന്ന്‌ ചിലര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ഇത്‌ രാഷ്‌ട്രീയമാണ്‌. ഇതില്‍നിന്നു മാറിയില്ലെങ്കില്‍ അത്‌ കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയെ ബാധിക്കുമെന്നും മന്ത്രി മാത്യു ടി. പറഞ്ഞു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW