Tuesday, November 20, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

എസ്‌.എന്‍.ഡി.പി. യോഗം കേന്ദ്ര കാര്യാലയം വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടനം ചെയ്‌തു

കൊല്ലം: ശ്രീനാരായണ ഗുരുദേവ പ്രാര്‍ഥനകള്‍ക്കിടെ എസ്‌.എന്‍.ഡി.പി യോഗം കേന്ദ്ര കാര്യാലയം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിന്‌ യോഗം പ്രവര്‍ത്തകരും നേതാക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും പ്രളയത്തിന്റെ പശ്‌ചാത്തലത്തില്‍ ആര്‍ഭാടരഹിതമായിരുന്നു ചടങ്ങുകള്‍.
ഇന്നലെ രാവിലെ യോഗം കേന്ദ്ര കാര്യാലയത്തിലെത്തിയ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പത്നി പ്രീതി നടേശന്‍, യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമന്‍, വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌ എന്നിവരെ യോഗം പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കാര്യലയത്തിലെ ഗുരുമന്ദിരത്തിന്‌ മുമ്പില്‍ പത്ത്‌ മിനിട്ടോളം ഏവരും പ്രാര്‍ഥനാനിരതരായി. ഗുരുദേവന്റെ വെണ്ണക്കല്‍ പ്രതിമയ്‌ക്കു മുമ്പില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച ശേഷം കേന്ദ്ര കാര്യാലയത്തിന്റെ പ്രവേശന കവാടത്തിലെ റിബണ്‍ മുറിച്ച്‌ ജനറല്‍ സെക്രട്ടറിയും പിന്നാലെ മറ്റു നേതാക്കളും അകത്തുകയറി. തുടര്‍ന്ന്‌ ഗുരുദേവന്റെ ഛായാചിത്രത്തിന്‌ മുന്നിലെ എഴു തിരിയിട്ട നിലവിളക്കില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദീപം പകര്‍ന്നു. കേന്ദ്ര കാര്യാലയത്തിന്‌ അനുബന്ധമായുള്ള 600 പേര്‍ക്ക്‌ ഇരിയ്‌ക്കാവുന്ന ശീതീകരിച്ച പ്രാര്‍ഥനാ മന്ദിരം യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമനും ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ കാര്യാലയത്തിലെ പുതിയ കൗണ്‍സില്‍ ഹാളില്‍ 10.15ന്‌ കൗണ്‍സില്‍ യോഗം ആരംഭിച്ചു.
ഭാരവാഹികളായ വെള്ളാപ്പള്ളി നടേശന്‍, ഡോ.എം.എന്‍.സോമന്‍, തുഷാര്‍ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ്‌ എന്നിവര്‍ക്ക്‌ പുറമെ കൗണ്‍സില്‍ അംഗങ്ങളായ പി.സുന്ദരന്‍, വനജാ വിദ്യാധരന്‍, വിജയന്‍ പടമുകള്‍, പി.എ.ജയന്തന്‍, ടി.പി. സുന്ദരേശന്‍, കെ.ആര്‍.പ്രസാദ്‌ , അഡ്വ.എം.രാജന്‍, ഷീജ, ബേബിറാം, പി.ടി.മന്മഥന്‍, സി.എം.ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര കാര്യാലയത്തിലെ ചരിത്ര മ്യൂസിയം കാണാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇന്നലെയെത്തി. ഗുരുദേവന്റെയും എസ്‌.എന്‍.ഡി.പി. യോഗത്തിന്റെയും ചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്‌ മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്‌.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW