ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോളിനു ശേഷം ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഇന്നു കളത്തിലിറങ്ങും.
ഇന്നു നടക്കുന്ന സൗഹൃദ മത്സരത്തില്‍ രാവിലെ 8:30ന് അര്‍ജന്റീന ഗ്വാട്ടിമാലയെയും പുലര്‍ച്ചെ 5:30ന് ബ്രസീല്‍ യു.എസ്.എയെയും നേരിടും.
നായകന് ലയണല്‍ മെസി അടക്കം പ്രമുഖ താരങ്ങളില്ലാതെയാണ് അര്‍ജന്റീന ഇറങ്ങുക. നിക്കോളാസ് ടാഗ്ലിഫിയാ ടീമിനെ നയിക്കുമെന്ന് അര്‍ജന്റീന കോച്ച് ലിയോണല്‍ സ്കലോണി പറഞ്ഞു.
ലോകകപ്പ് ഫുട്ബോളിലെ മോശം പ്രകടനത്തിനു പിന്നാലെ കോച്ച് ഹോര്‍ഗെ സാംപോളിയെ പുറത്താക്കിയ ശേഷം സ്കലോണിയും പാബ്ലോ ഐമറുമാണ് അര്‍ജന്റീനയുടെ താല്‍ക്കാലിക പരിശീലകര്‍. ഇവര്‍ക്കു കീഴില്‍ ടീം ആദ്യ മത്സരത്തിനാണ് ഇന്നിറങ്ങുന്നത്.
പ്രമുഖരില്ലാതെ അര്‍ജന്റീന ഇറങ്ങുമ്പോള്‍ വമ്പന്‍ താരനിരയുമായണ് ബ്രസീല്‍ യു.എസ്.എയിലേക്കു വിമാനം കയറുന്നത്.
നായകന് നെയ്മര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഫിലിപ്പെ കുടീഞ്ഞോ, വില്യന്, കാസിമിറോ തുടങ്ങിയ പ്രമുഖരെല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായ ടീമില്‍ കോച്ച് ടിറ്റെ കാര്യമായ അഴിച്ചുപണി നടത്തിയിട്ടില്ല. ബ്രസീല്‍ ടീമിലെ പതിനേഴ് താരങ്ങള്‍ യൂറോപ്യന്‍ ലീഗില്‍ കളിക്കുന്നവരാണ്.
റെനാറ്റോ അഗസ്റ്റോ ചൈനീസ് ലീഗില്‍ കളിക്കുന്ന താരവും.
ഇന്നു നടക്കുന്ന മറ്റു മത്സരങ്ങളില്‍ യുറുഗ്വേ മെക്സിക്കോയെയും കൊളംബിയ, വെനസ്വേലയെയും നേരിടും.