Tuesday, November 13, 2018 Last Updated 36 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.20 AM

കുക്ക്‌ തിളങ്ങി; ഇംഗ്ലണ്ട്‌ മങ്ങി

uploads/news/2018/09/246765/2.jpg

ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനു ബാറ്റിങ്‌ തകര്‍ച്ച. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 198 റണ്ണെടുത്തു. 11 റണ്ണെടുത്ത ജോസ്‌ ബട്ട്‌ലറും നാലു റണ്ണെടുത്ത ആദില്‍ റഷീദുമാണു ക്രീസില്‍.
28 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഇഷാന്ത്‌ ശര്‍മയാണ്‌ ഇന്ത്യന്‍ ബൗളര്‍മാരില്‍ മുമ്പനായത്‌. രവീന്ദ്ര ജഡേജയും ജസ്‌പ്രീത്‌ ബുംറയും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. തന്റെ അവസാന രാജ്യാന്തര ടെസ്‌റ്റ് മത്സരത്തിനിറങ്ങിയ മുന്‍ നായകന്‍ അലിസ്‌റ്റര്‍ കുക്ക്‌ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ആദ്യ രണ്ടു സെഷനുകളിലെ മികച്ച ബാറ്റിങ്ങിനു ശേഷമാണ്‌ ഇംഗ്ലണ്ട്‌ പ്രതിരോധത്തിലായത്‌. 190 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളോടെ 71 റണ്‍സ്‌ നേടിയ കുക്ക്‌, 75 പന്തില്‍ നിന്ന്‌ 23 റണ്‍സ്‌ നേടിയ ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സ്, റണ്ണൊന്നുമെടുക്കാതെ പുറത്തായ നായകന്‍ ജോ റൂട്ട്‌ എന്നിവരുടെ വിക്കറ്റുകളാണ്‌ ഇംഗ്ലണ്ടിനു നഷ്‌ടമായത്‌.
നേരത്തെ ടോസ്‌ നേടിയ ഇംഗ്ലീഷ്‌ നായകന്‍ റൂട്ട്‌ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ബാറ്റിങ്ങിനെ തുണച്ച പിച്ചില്‍ ഓപ്പണര്‍മാരായ കുക്കും ജെന്നിങ്‌സും ചേര്‍ന്ന്‌ ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ്‌ സമ്മാനിച്ചത്‌.
ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 60 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പേസര്‍മാര്‍ക്ക്‌ ഇവരുടെ പ്രതിരോധം പൊളിക്കാനാകാതെ വന്നതോടെ പന്ത്‌ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയെ ഏല്‍പിച്ച ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയുടെ തന്ത്രം ഫലിച്ചു.
ജഡേജയുടെ പന്തില്‍ ജെന്നിങ്‌സിനെ കെ.എല്‍. രാഹുല്‍ പിടികൂടി. ഇന്ത്യക്ക്‌ ആദ്യ ബ്രേക്ക്‌ത്രൂ. എന്നാല്‍ ആഹ്‌ളാദത്തിന്‌ അധികം ആയുസുണ്ടായില്ല.
ബാറ്റിങ്‌ ഓര്‍ഡറില്‍ സ്‌ഥാനക്കയറ്റം കിട്ടിയെത്തിയ അലി കുക്കിനു മികച്ച പിന്തുണ നല്‍കിയതോടെ നിയന്ത്രണം വീണ്ടും ഇംഗ്ലണ്ടിന്റെ കൈകളിലായി. രണ്ടാം വിക്കറ്റില്‍ 73 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത്‌ കുക്ക്‌-അലി സഖ്യം ഇംഗ്ലണ്ടിനെ 100 കടത്തി.

ഒന്നിന്‌ 123 റണ്‍സ്‌ എന്ന നിലയില്‍ ചായയ്‌ക്കു പിരിയും വരെ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇടവേളയ്‌ക്കു ശേഷം പന്തെടുത്ത പേസര്‍ ജസ്‌പ്രീത്‌ ബുംറ ചരോവറില്‍ രണ്ടു വിക്കറ്റ്‌ വീഴ്‌ത്തി ഇന്ത്യയെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു.
ഒരറ്റത്ത്‌ അക്ഷോഭ്യനായി ബാറ്റുവീശിയ കുക്കായിരുന്നു ആദ്യ ഇര. ഓഫ്‌സ്റ്റംപിനു പുറത്തു കുത്തിത്തിരിഞ്ഞ ബുംറയുടെ പന്ത്‌ കുക്കിന്റെ പ്രതിരോധം തകര്‍ത്ത്‌ വിക്കറ്റ്‌ തെറിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടിന്‌ 133 എന്ന നിലയിലായ ഇംഗ്ലണ്ടിനെ രണ്ടു പന്തിനു ശേഷം ബുംറ വീണ്ടും പ്രഹരിച്ചു. ഫോം കിട്ടാതെ ഉഴലുന്ന നായകന്‍ ജോ റൂട്ടായിരുന്നു ഇര. രണ്ടു പന്ത്‌ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതെ നിന്ന റൂട്ടിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കി.
അടുത്ത ഊഴം ഇഷാന്ത്‌ ശര്‍മയുടേതായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഫോമിലുള്ള ജോണി ബെയര്‍ സ്‌റ്റോയെ സംപൂജ്യനാക്കി ഇഷാന്ത്‌ മടക്കിയതോടെ ഇന്ത്യ ശക്‌തമായി തിരിച്ചുവന്നു. ഇംഗ്ലണ്ട്‌ മികച്ച തുടക്കത്തിനു ശേഷം നാലിന്‌ 134 എന്ന നിലയില്‍ തകര്‍ച്ചയിലേക്കും വഴുതി.
നേരത്തെ അവസാന ടെസ്‌റ്റിനിറങ്ങിയ കുക്കിന്‌ ഇന്ത്യന്‍ താരങ്ങള്‍ ആദരവ്‌ അര്‍പ്പിച്ചു. ബാറ്റിങ്ങിനായി ഗ്രൗണ്ടിലേക്ക്‌ ഇറങ്ങിയ ഇംഗ്ലീഷ്‌ താരത്തെ രണ്ടുവരിയായി നിന്നു ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കിയാണ്‌ ഇന്ത്യ ആദരവ്‌ പ്രകടിപ്പിച്ചത്‌. അഞ്ചാം ടെസ്‌റ്റില്‍ രണ്ടു മാറ്റങ്ങളുമായാണ്‌ ഇന്ത്യ ഇറങ്ങിയത്‌. ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്‌ പാണ്ഡ്യയ്‌ക്കു പകരം യുവതാരം ഹനുമ വിഹാരി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചപ്പോള്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനു പകരം രവീന്ദ്ര ജഡേജ ടീമിലെത്തി.

Ads by Google
Saturday 08 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW