Saturday, September 08, 2018 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.20 AM

ചരിത്രത്തിനരികെ സെറീന; എതിരാളി ഒസാക്ക

uploads/news/2018/09/246764/1.jpg

ന്യൂയോര്‍ക്ക്‌: ചരിത്രനേട്ടത്തിലേക്ക്‌ സെറീന വില്യംസിന്‌ ഒരു ചുവടു കൂടി. അമ്മയായ ശേഷം ടെന്നീസ്‌ കോര്‍ട്ടിലേക്കു തിരിച്ചെത്തിയ സെറീന മിന്നും പ്രകടനവുമായി യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു.
ഇന്നലെ നടന്ന സെമിഫൈനലില്‍ ലാത്വിയന്‍ താരം അനസ്‌താസ്യ സെവസ്‌തോവയെ തോല്‍പിച്ചാണ്‌ സെറീനയുടെ ഫൈനല്‍ പ്രവേശനം. കരിയറിലെ 31-ാം ഗ്രാന്‍ഡ്‌സ്ലാം ഫൈനലാണ്‌ സെറീനയ്‌ക്കിത്‌.
തന്റെ ഏഴാം യു.എസ്‌ ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സെറീനയ്‌ക്കു ഫൈനല്‍ ജയിക്കാനായാല്‍ കാത്തിരിക്കുന്നത്‌ ചരിത്രനേട്ടമാണ്‌. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടം(24) എന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം മാര്‍ഗരറ്റ്‌ കോര്‍ട്ടിന്റെ റെമക്കാഡ്‌ ഒപ്പമെത്താന്‍ സെറീനയ്‌ക്കാകും.
കൂടാതെ ആധുനിക ടെന്നിസില്‍ ആറു യു.എസ്‌ ഓപ്പണ്‍ കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ ക്രിസ്‌ എവേര്‍ട്ടിനെ മറികടക്കാനും സെറീനയ്‌ക്ക് സാധിക്കും.
ഏഴു മാസം മുന്‍പ്‌ ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയ ശേഷമാണ്‌ സെറീനയുടെ ഗംഭിര തിരിച്ചുവരവ്‌. സെറീനയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കൂടിയാണിത്‌.
ഇന്നലെ നടന്ന സെമിയില്‍ സെവസ്‌തോവയ്‌ക്ക് ഒരവസരവും നല്‍കാതെയായിരുന്നു അമേരിക്കന്‍ താരത്തിന്റെ കുതിപ്പ്‌. സ്‌കോര്‍: 6-3, 6-0. സ്‌കോര്‍നില സൂചിപ്പിക്കും പോലെ തന്നെ തികച്ചും ആധികാരികമായിട്ടായിരുന്നു സെറീനയുടെ മുന്നേറ്റം. രണ്ടാം സെറ്റ്‌ ഒരു ഗെയിം പോലും എതിരാളിക്ക്‌ നല്‍കാതെയാണ്‌ സെറീന സ്വന്തമാക്കിയത്‌.
ഫൈനലില്‍ ജാപ്പനീസ്‌ സെന്‍സേഷന്‍ നവോമി ഒസാക്കയാണ്‌ സെറീനയുടെ എതിരാളി. സെമിയില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ മാഡിസണ്‍ കീസിനെ മറികടന്നാണ്‌ ഒസാക്ക ഫൈനലിലിടം പിടിച്ചത്‌. ഇതോടെ ഒരു ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ജപ്പാന്‍ വനിതയെന്ന റെക്കോഡ്‌ ഒസാക്ക സ്വന്തമാക്കി.
6-2, 6-4 എന്ന സ്‌കോറിനായിരുന്നു ഒസാക്ക മാഡിസണ്‍ കീയെ തുരത്തിയത്‌.
നേരത്തെ യുക്രെയ്‌ന്റെ ലെസിയെ സുരെങ്കോയെ തോല്‍പ്പിച്ചാണ്‌ ഒസാക്ക അവസാന നാലിലെത്തിയത്‌.
1996-ന്‌ ശേഷം ഗ്രാന്‍സ്ലാം സെമിയിലെത്തുന്ന ജപ്പാനീസ്‌ വനിതാ താരമെന്ന റെക്കോഡും ഇതോടെ ഒസാക്ക സ്വന്തമാക്കിയിരുന്നു. 1996 വിംബിള്‍ഡണില്‍ ജപ്പാന്‍ താരം കിമികോ ഡേറ്റ്‌ സെമിയിലെത്തിയിരുന്നു.

Ads by Google
Saturday 08 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW