ന്യൂഡല്‍ഹി: ലൈംഗികആരോപണത്തില് പി.കെ. ശശി എം.എല്‍.എയ്ക്കെതിരേ സി.പി.എം. നടപടിയെടുത്തേക്കും. ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ. ബാലനെയും പി.കെ. ശ്രീമതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ അന്വേഷണം തുടങ്ങിയതായും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. രണ്ടംഗകമ്മിഷന്റെ അന്വേഷണറിപ്പോര്‍ട്ട് എത്രയും വേഗം ലഭ്യമാക്കാന്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു.
ശശിക്കെതിരേ ഉയര്‍ന്ന പരാതിയില്‍ പാര്‍ട്ടിയുടെ ഭരണഘടനയ്ക്കും അന്തസിനും സദാചാരമൂല്യങ്ങള്‍ക്കും അനുസൃതമായ തീരുമാനങ്ങളായിരിക്കും കൈക്കൊള്ളുകയെന്ന് സി.പി.എം. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത സംസ്ഥാനകമ്മിറ്റിക്കുമുമ്പ് റിപ്പോര്‍ട്ട സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം.
ഈ മാസം 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ സംസ്ഥാനകമ്മിറ്റി ചേരുന്നുണ്ട്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ. ശശി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നു ഡി.വൈ.എഫ്.ഐ. വനിതാനേതാവ് നല്കിയ പരാതിയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു സി.പി.എം. വിശദീകരണം.
അതേസമയം ശശിക്കെതിേര പരാതി കിട്ടിയപ്പോള്‍തന്നെ നടപടി തുടങ്ങിയെന്നും അതു മറച്ചുവച്ചിട്ടില്ലെന്നും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു. യുവതിയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാന ഘടകത്തിന് കൈമാറിയിരുന്നുവെന്നുംവൃന്ദ പറഞ്ഞു. കേന്ദ്രനേതൃത്വത്തിനു കത്തു ലഭിക്കുന്നതിനുമുമ്പു തന്നെ സംസ്ഥാനനേതൃത്വം നടപടി തുടങ്ങിയിരുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. പരാതിക്കാരിയായ യുവതി പോലീസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ പിന്തുണനല്‍കുമെന്നും വൃന്ദ മാധ്യമങ്ങളോട് പറഞ്ഞു. പരാതി ലഭിച്ചപ്പോള്‍തന്നെ ശശിക്കെതിരേ നടപടി തുടങ്ങിയെന്ന് മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പീഡനപരാതിയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.
ശശിക്കെതിരേ സംഘടനാനടപടി എടുക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് കത്തയച്ചു. സ്ത്രീസംരക്ഷണനിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണമെന്ന് അച്യുതാനന്ദന് കത്തില്‍ ആവശ്യപ്പെട്ടു.