Saturday, September 08, 2018 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

ആള്‍ക്കൂട്ട കൊലപാതകം: സംസ്‌ഥാനങ്ങള്‍ക്ക്‌ അന്ത്യശാസനം

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ നടപ്പാക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ സുപ്രീം കോടതിയുടെ അന്ത്യശാസനം. രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിനായി ജൂലൈ 17നു സുപ്രീംകോടതി പുറപ്പെടുവിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. ഉത്തരവ്‌ നടപ്പാക്കി അതിന്റെ റിപ്പോര്‍ട്ട്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടിവരും. ഏഴു കേന്ദ്രഭരണ പ്രദേശങ്ങളും 11 സംസ്‌ഥാനങ്ങളും നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌. ബാക്കിയുള്ള 18 സംസ്‌ഥാനങ്ങള്‍ക്കാണ്‌ സുപ്രീംകോടതിയുടെ മുന്നറിയിപ്പ്‌.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്‌ തുഷാര്‍ ഗാന്ധി, തഹ്‌സീന്‍ പൂനേവാല എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ പലതവണ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന കോടതി ജൂലൈയിലാണു വിശദമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്‌. ഇന്നലെ ഹര്‍ജി പരിഗണിക്കവെ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിനായി നിയമനിര്‍മാണം നടത്തുമെന്നും ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു.
ആക്രമണങ്ങള്‍ തടയാന്‍ എസ്‌.പി റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ ഓരോ ജില്ലകളിലും നോഡല്‍ ഓഫിസറായി നിയമിക്കണം, കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതി സ്‌ഥാപിക്കണം, ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു കോടതി പുറപ്പെടുവിച്ചത്‌. ഇതിനു ശേഷവും വിവിധയിടങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നതോടെയാണ്‌ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയത്‌. ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന്‌ ആഹ്വാനംചെയ്‌തും അതിന്റെ പ്രത്യാഘാതങ്ങള്‍ വിശദീകരിച്ചും കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ എത്രയും വേഗം റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും പ്രസ്‌താവനകള്‍ നടത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
2001ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം സംസ്‌ഥാന സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തിയ സമിതിയുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സംസ്‌ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്ന്‌ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ്‌ ആവശ്യപ്പെട്ടു. ജൂലൈയിലെ സുപ്രീം കോടതി ഉത്തരവിനു പിന്നാലെ രാജസ്‌ഥാനിലെ ആല്‍വാറില്‍ മധ്യവയസ്‌കനെ തല്ലിക്കൊന്നതു സംബന്ധിച്ച്‌ സംസ്‌ഥാന സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യക്കേസും ചീഫ്‌ ജസ്‌റ്റിസിന്റെ ബെഞ്ച്‌ പരിഗണിച്ചു.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW