Friday, June 21, 2019 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.41 PM

അനാഥാലയത്തില്‍ നിന്ന് ഐ.എ.എസ്സ്. പദവിയിലേയ്ക്ക്; യംഗ് കളക്ടര്‍ ബ്രോ...

ഹരിതാഭയും നിഷ്‌കളങ്കതയും നന്മയും നിറയ്ക്കുന്ന യുവ ഐ.എ.എസ്സുകാരന്‍ മുഹമ്മദ് അലി ശിഹാബിന്റെ ജീവിതവഴിത്താരകളിലൂടെ...
uploads/news/2018/09/246640/CollectorBro070918a.jpg

നിങ്ങളുടെ ശക്തി എന്താണ് അലി? 2011 ലെ യു.പി.എസ്.സി പരീക്ഷയുടെ അഭിമുഖത്തിലെ ഒരു ചോദ്യമായിരുന്നു ഇത്...

മലപ്പുറത്തുള്ള അലി എന്ന ചെറുപ്പക്കാരന്‍ നല്‍കിയ ഉത്തരം കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു വിദൂര ഗ്രാമത്തില്‍ നൂറ്റമ്പതോളം കുട്ടികള്‍ക്കൊപ്പം ഒരു അനാഥാലയത്തിലാണ് ഞാന്‍ വളര്‍ന്നത്. ആ ജീവിതം നല്‍കിയ ശക്തിക്കൊപ്പം മറ്റൊന്നിനും നല്‍കാനാവില്ല... എന്നായിരുന്നു. മുഹമ്മദ് അലി ശിഹാബിന്റെ ഈ ഉത്തരം പലര്‍ക്കുമൊരു അത്ഭുതമായി.

ചില ജീവിതങ്ങള്‍ അങ്ങനെയാണ്. ചിലപ്പോള്‍ വിസ്മയിപ്പിക്കും, മറ്റു ചില പ്പോള്‍ ചിന്തിപ്പിക്കും ചുരുക്കം അവസരങ്ങളില്‍ പ്രചോദനവുമാകും. മുഹമ്മദ് അലി എന്ന ഐ.എ.എസ്സുകാരന്റെ ജീവിതം അത്തരത്തില്‍ ഒന്നാണ്.

വെല്ലുവിളികളുള്ള വഴികളിലൂടെ കടന്ന്, പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളും പേറി കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് കോഴിക്കോട് മുക്കം യത്തീംഖാനയില്‍ നിന്ന് പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷയില്‍ ഉന്നതറാങ്ക് നേടി ആയിരങ്ങള്‍ക്ക് പ്രചോദനമായി മാറിയ എടവണ്ണപ്പാറയിലെ മുഹമ്മദ് അലി ശിഹാബ് നേടിയത് ഐ.എ.എസ്സുകാരന്റെ കുപ്പായമാണ്. മുഹമ്മദ് അലിയുടെ ജീവിതത്തില്‍ നിന്നുള്ള ചില ഏടുകളിലേക്ക്...

പിന്നിട്ട വഴികളിലൂടെ...


അനാഥാലയത്തിലലേക്കെത്തും മുമ്പ് താന്‍ സഞ്ചരിച്ചിരുന്ന വഴികളിലൂടെ ഒരു മടക്കയാത്ര നടത്തുകയാണ് മുഹമ്മദ് അലി.

ഞങ്ങളുടെ വീട്ടില്‍നിന്ന് വയലിലേയ്ക്കും മലമുകളിലേയ്ക്കും ഏതാണ്ട് തുല്യ ദൂരമാണ്. കുന്നിന്റെ വിശാലമായ മുകള്‍പ്പരപ്പിനെ തടായി എന്നാണു വിളിച്ചിരുന്നത്. ഒഴിവു നേരങ്ങളിലും അവധിദിനങ്ങളിലും അവിടെയോ പാടത്തോ കുട്ടികള്‍ ഒത്തൊരുമിക്കും. പ്രായഭേദമെന്യേ എന്റെ സഹപാഠികളും കൂട്ടുകാരും കളിക്കാനെത്തുന്ന അവിടെ നേരമിരുട്ടുന്നതുവരെ ആരവമുയരും.

സൂര്യന്‍ അകലെ താഴ്വാരത്തേയ്ക്ക് തെന്നിനീങ്ങുമ്പോള്‍ ആകാശത്തിന് ശോണനിറം കൈവരും. ചുവപ്പുരാശി പടര്‍ന്ന തെങ്ങിന്‍തലപ്പുകള്‍ വിറകൊള്ളുന്ന നേരത്ത് തടായിലെ മരങ്ങള്‍ക്ക് ഛായ വീഴുന്നതു കാണാം. പക്ഷികള്‍ കൂടണയാന്‍ പറന്നുപോകും. നടവഴികളിലൂടെ ആടുമാടുകള്‍ അവരുടെ സങ്കേതങ്ങളിലേയ്ക്ക് അലസമായി നടന്നുനീങ്ങും.

എന്റെ കളിക്കൂട്ടുകാര്‍ ഇതിനകം വീടുപറ്റിയിട്ടുണ്ടാകും. ചുള്ളിവിറകോ പറിച്ചെടുത്ത പച്ചപ്പുല്‍ക്കെട്ടോ ചുമലിലേന്തി കുഞ്ഞാള്‍ക്ക് മുന്നിലോ പിന്നിലോ ആയി ഒടുവിലാണ് ഞാന്‍ അവിടം വിടുക.

മലമുകളിലെ ഒരു ആവാസസംവിധാനമാണ് തടായി. ചെങ്കല്‍പ്പാറകള്‍ക്ക് മുകളില്‍ പച്ചപ്പരവതാനി വിരിച്ചതുപോലുള്ള പുല്‍മേടുകള്‍ അവിടെയുണ്ട്. കൃഷിയിടങ്ങളെ അതിരുകളിട്ട് വളപ്പുകളാക്കിയ അവിടെ കന്നുകാലികള്‍ക്ക് മേയാന്‍ ഇടമുണ്ട്. വളര്‍ന്നു പടര്‍ന്ന കൈതച്ചക്കച്ചെടികളും ഉയരം കുറഞ്ഞ ചെറുമൂച്ചികളും ഈ കുന്നിന്‍മുകളിലുണ്ട്. ഇവയ്ക്കൊപ്പം ഞങ്ങളുടെ കളിസ്ഥലങ്ങള്‍ കൂടി ചേരുന്നതോടെ വൈജാത്യങ്ങളുടെ ഒരു സമ്മിശ്രാവസ്ഥയായി തടായി മാറുന്നു.

വളപ്പുകളില്‍ കള്ളികളെടുത്താണ് ഇഞ്ചിയും മധുരക്കിഴങ്ങും പയറും നടുന്നത്. മുളങ്കമ്പുകൊണ്ട് കെട്ടുന്ന വേലികള്‍ക്ക് ബലമേകുന്നത് മരുതോന്നിയും ശീമക്കൊന്നയുമാണ്. മഴക്കാലത്ത് മണ്‍ചാലുകളില്‍ മരക്കൊമ്പുകൊണ്ട് ഞങ്ങള്‍ കിണറിന്റെ മാതൃകകള്‍ പണിതു. വെള്ളം ഒന്നില്‍നിന്ന് ചാലുകീറി മറ്റൊന്നിലേക്കെത്തിച്ചു. കളിവീടുകള്‍ക്ക് ആവശ്യമായ ജലം ഈ കുഴികളില്‍ നിന്നാണെടുക്കുക. ഇലകളില്‍ ഈര്‍ക്കിള്‍ കുത്തി തൊട്ടിയും കാട്ടുനാരുകൊണ്ട് കയറും തടിക്കഷ്ണമുപയോഗിച്ച് കപ്പിയുമുണ്ടാക്കി കുറ്റിപ്പുരകളെ സമൃദ്ധമാക്കി.

uploads/news/2018/09/246640/CollectorBro070918a1.jpg

പാലമരവും തറയും തടായിയുടെ ഒരു മൂലയ്ക്കായിരുന്നു. പാലപ്പൂക്കള്‍ പെറുക്കിയെടുത്ത് ഞങ്ങള്‍ സൂക്ഷിച്ചു. തെച്ചിക്കാടിന് നടുവില്‍ ഉയരമുള്ള ഒരു ഞാവല്‍മരമുണ്ട്. നട്ടുനനയ്ക്കാതെ വളരുന്ന ചെടികള്‍, ഞങ്ങള്‍ക്കും പറവകള്‍ക്കും കായ്കനികള്‍ തന്നു. കുട്ടികള്‍ക്ക് വഴങ്ങാത്ത മാവുകളൊന്നും അവിടെയുണ്ടായിരുന്നില്ല. അവ ചില്ലകള്‍ താഴ്ത്തി കണ്ണിമാങ്ങയും മധുരമൂറും മാമ്പഴവും കൈക്കുമ്പിളിലിട്ടു തന്നു.

തടായിക്ക് മുകളില്‍നിന്ന് വെള്ളമൊലിച്ചിറങ്ങുന്ന ഗര്‍ത്തമാണ് ഏറ്റ്. അവിടെ നിരന്തരം ജലമൊഴുകി ശിലകള്‍ക്ക് പ്രത്യേക നിറം കൈവന്നിട്ടുണ്ട്. പുലരിയില്‍ അരുണകിരണങ്ങള്‍ പതിഞ്ഞ് ഏറ്റ് വെട്ടിത്തിളങ്ങും. ജലത്തോടൊപ്പം ഒഴുകിയെത്തിയ വളക്കൂറുള്ള മണ്ണിലിവിടെ വള്ളിപ്പടര്‍പ്പും കൂറ്റന്‍വൃക്ഷങ്ങളുമുണ്ട്. പകലിലും അന്ധകാരത്തിന്റെ കവചം ധരിച്ച ഏറ്റിലെ കൂര്‍ത്ത മുള്ളുകള്‍ ഞങ്ങളെ നടുക്കി. കരിമ്പാറക്കെട്ടിന്റെ ദംഷ്ട്രകളാണ് അവയെന്ന് കരുതിയ എനിക്ക് അങ്ങോട്ടു നോക്കാന്‍ ഭയമായിരുന്നു.

ഏറ്റിലേയ്ക്ക് ചാഞ്ഞുനിന്ന ആമ്രശിഖരത്തിലെ പഴങ്ങള്‍ പേടികൊണ്ട് ഞങ്ങള്‍ പറിച്ചെടുത്തില്ല. അടിക്കാടു നിറഞ്ഞ ഏറ്റിനു നടുവിലെ കിണറിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയായിരുന്നു ഞങ്ങളുടെ ഭീതിക്കു നിദാനം. അകലെനിന്നും നോക്കിയാല്‍ ദൃശ്യമാകുന്ന കിണറിന്റെ പടവുകളില്‍ കാട്ടുമെരുകുകളും കുറുനരിയും രോഷത്തോടെ ഓടിനടക്കുന്നതായി വിശ്വസിച്ചു. മൂവന്തി നേരത്ത് അവിടെനിന്നും കേട്ട ഓരിയിടല്‍ ഞങ്ങളുടെ അവശേഷിച്ച സന്ദേഹവും ഇല്ലാതാക്കി.

ചാലിയാര്‍ കടവിനെയും അങ്ങാടിയെയും ബന്ധിപ്പിച്ചിരുന്ന ഒരു നടത്താര കടന്നുപോകുന്നത് ഞങ്ങളുടെ വീടിനു മുന്നിലൂടെയായിരുന്നു. കയറ്റിറക്കങ്ങളിലൂടെയുള്ള സഞ്ചാരം അക്കാലത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇവയെല്ലാം കുറുക്കുവഴികളുമാണ്. തടായിലൂടെയുള്ള നടപ്പാതകള്‍ നാടിന്റെ ചലനഗ്രന്ഥികളെ സംയോജിപ്പിച്ചു.

കമ്പനിപ്പണിക്കാരും തോണിക്കടവിലേയ്ക്ക് നടന്നുപോയിരുന്നവരുമാണ് പ്രധാന യാത്രക്കാര്‍. പൊരിവെയിലില്‍ വീട്ടുകോലായില്‍ കയറിയിരുന്ന് ക്ഷീണമകറ്റിയവരും മതിവരുവോളം സംസാരിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. നാട്ടുവിശേഷങ്ങള്‍ പരസ്പരം കൈമാറിയതും ഇത്തരം വിശ്രമവേളകളിലാണ്. കടലാസുപൊതിയില്‍ മുട്ടായി കൊണ്ടുവന്ന ഇണ്ണിച്ചി അമ്മൂമ്മയും മലയിറങ്ങി വന്നിരുന്ന കുഞ്ഞനാശാരിയും ഗ്രാമപാതയിലെ നടപ്പുകാരാണ്.

കളിപ്പാട്ടമുണ്ടാക്കുന്നതിലുള്ള മിടുക്ക് ഞാന്‍ നേരത്തെ തെളിയിച്ചിരുന്നു. ഉയര്‍ന്നു പൊങ്ങാന്‍ പട്ടത്തിന് എന്തുവേണമെന്ന ധാരണ എനിക്കുണ്ട്. ബലമുള്ള ഈര്‍ക്കിലാണ് ഇതിനാവശ്യമായ മുഖ്യഘടകം. ഉടലിനും ചിറകിനും വേണ്ട അനുപാതം കര്‍ശനമായി പാലിച്ച ഞാന്‍ പൊടുവണ്ണിയുടെ കൂമ്പ് പൊട്ടിച്ചാണ് പശയെടുത്തത്. കേരളപാഠാവലിയില്‍നിന്ന് പിഞ്ഞിപ്പോയ താളുകള്‍ ഒന്നിച്ചുചേര്‍ക്കാനും ഇതുതന്നെയാണ് ഉപയോഗിച്ചത്.

നാട്ടില്‍ കുട്ടികളുടെ വിനോദങ്ങളിലൊന്നാണ് തൊണ്ടുരുട്ടല്‍. പാകമാവാതെ കൊഴിഞ്ഞുവീഴുന്ന കരിക്കിന്റെ കണ്ണുതുരന്ന് ഉരുട്ടുവണ്ടി ഉണ്ടാക്കും. ഉലച്ചിലുള്ള മരക്കൊമ്പാണ് ഈ ഉല്ലാസവാഹനത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. പച്ചത്തൊണ്ടു തുരന്ന് അതിനുള്ളിലേയ്ക്ക് വടിയിറക്കി ഇറക്കങ്ങളില്‍ വേഗത്തില്‍ ഓടിച്ചുപോവാനുള്ള വിരുത് ഞാന്‍ സ്വായത്തമാക്കിയിരുന്നു.

പമ്പരമുണ്ടാക്കുന്നത് കാഞ്ഞിരംകൊണ്ടാണ്. ശ്രദ്ധയോടെ ദിവസങ്ങളെടുത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. വെട്ടിയെടുത്ത കമ്പ് കത്തിയുപയോഗിച്ച് പമ്പരമാതൃകയില്‍ ചെത്തിമിനുക്കി ആഴ്ചകളോളം ചെളിയില്‍ പൂഴ്ത്തിവെക്കും. പിന്നീടിതിനു നടുവിലൂടെ ഇരുമ്പാണി അടിച്ചുകയറ്റി ചില്ലുപയോഗിച്ച് മിനുസപ്പെടുത്തും.

കറക്കത്തിന്റെ വേഗതയും മൂളലുമാണ് ഇതിന്റെ മേന്മ നിശ്ചയിക്കുന്നത്. ഞാന്‍ തയ്യാറാക്കിയ ഈ കളിക്കോപ്പ് കൂട്ടുകാരെ അതിശയിപ്പിച്ചിരുന്നു. ഉദ്ദിഷ്ടകാര്യം നിറവേറ്റാനായി മനസ്സ് ഏകാഗ്രമാക്കാന്‍ എനിക്കു പ്രയാസമുണ്ടായിരുന്നില്ല. പുളിമരച്ചുവട്ടില്‍ ഈന്തിന്‍പട്ടകൊണ്ട് ഞാന്‍ പണിത കുട്ടിപ്പുരയില്‍ സഹോദരിമാരാണ് കഞ്ഞിവെച്ചും മണ്ണപ്പംചുട്ടും കളിച്ചത്.

uploads/news/2018/09/246640/CollectorBro070918a2.jpg

ശ്രദ്ധ പതിയുന്നിടത്ത് സ്വയം സമര്‍പ്പിച്ച് ലക്ഷ്യത്തിലെത്താന്‍ ഞാന്‍ സാഹസത്തിനു മുതിര്‍ന്നു. വിഘ്നങ്ങള്‍ക്കൊന്നിനും ഇതില്‍നിന്ന് എന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് ഞാന്‍ തെളിയിച്ചു. ഉദ്ദേശിച്ചതു ലഭിച്ചാലേ ഞാന്‍ അടങ്ങിയിരിക്കൂ എന്നാദ്യം തിരിച്ചറിഞ്ഞത് വായിച്ചിയാണ്. മറ്റൊന്നും പകരംവെക്കാനും ഞാന്‍ ഒരുക്കമായിരുന്നില്ല. ആഘോഷവേളകളില്‍ കിട്ടുമായിരുന്ന ആകാശപ്പന്തും ബലൂണ്‍കുരങ്ങനും എനിക്കു ഹരമാണെന്ന് മനസ്സിലാക്കിയ വായിച്ചി ആഗ്രഹസഫലീകരണത്തിനായി ഉത്സവപ്പറമ്പില്‍പോയി.

ആഘോഷങ്ങളിലേക്കും നേര്‍ച്ചപ്പാടത്തേക്കും എന്നെ വശീകരിച്ചത് വഴിവക്കില്‍ പാകംചെയ്തിരുന്ന മുട്ടായിയപ്പമാണ്. കൊണ്ടോട്ടി നേര്‍ച്ചയ്ക്ക് ഞാന്‍ നിരവധി തവണ പോയിട്ടുണ്ട്. അന്നു രാത്രിയില്‍ കട നേരത്തെയടച്ച് വായിച്ചിയോട് അനുമതി വാങ്ങി കൂട്ടുകാരോടൊത്ത് അവിടെയെത്തുന്നതിന് മുമ്പേ നേര്‍ച്ചപ്പാടം കാണികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാകും.

തട്ടാന്‍പെട്ടി വരവുള്‍പ്പെടെയുള്ള കാഴ്ചകളാണ് നേര്‍ച്ചയുടെ മനോഹാരിത. പാതയ്ക്കിരുവശവുമുള്ള താല്‍ക്കാലിക കടകളില്‍നിന്നു ലഭിക്കുന്ന മുട്ടായിയാണ് മധുരപലഹാരങ്ങളില്‍ പ്രധാനി. ധാന്യമാവ് തിളച്ച എണ്ണയിലൊഴിച്ചു ചുട്ടെടുത്ത് സമീപത്തു തയ്യാറാക്കിവെച്ച ശര്‍ക്കരലായനിയില്‍ മുക്കിയെടുത്താണ് ഇതുണ്ടാക്കുന്നത്. അപ്പോഴുയരുന്ന മോദം പാടത്തിന്റെയാകെ സുഗന്ധമാണ്.

മേലാകെ മധുരംപുരണ്ടതായി തോന്നുന്ന ഞാന്‍ അവിടെവെച്ചുതന്നെ അത് രുചിച്ചുനോക്കും. അടുപ്പുകളില്‍ നിന്നുയരുന്ന തീനാളങ്ങളും വൈദ്യുത പ്രകാശവുംചേര്‍ന്ന് ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് പ്രതിരൂപമൊരുക്കും. അലയടിക്കുന്ന സംഗീതം കൂടിയാകുമ്പോള്‍ വീണ്ടുമിവിടെ എത്തണമെന്ന് മനസ്സിലുറപ്പിച്ചു മടങ്ങുന്ന എന്റെ കയ്യിലൊരു ശര്‍ക്കരമുട്ടായിപ്പൊതി ഉറപ്പാണ്.

അയല്‍ക്കാരോടൊപ്പം ഓലച്ചൂട്ടു കത്തിച്ച് പാതിരാവയള് കേള്‍ക്കാന്‍ ഉമ്മയോടൊപ്പം ഞാനും പോയിട്ടുണ്ട്. വാഴക്കാടിനടുത്ത് പണിക്കരപ്പുറായയിലെ താല്‍ക്കാലിക സ്റ്റേജിലിരുന്നത് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരാണെന്ന് ഉമ്മയാണ് പറഞ്ഞത്. മതവൈജ്ഞാനിക പഠനകേന്ദ്രമായ വാഴക്കാട് ദാറുല്‍ ഉലൂമില്‍ ദീര്‍ഘകാലം മുദരിസായിരുന്നു അദ്ദേഹം. അനുഗ്രഹം വാങ്ങാനായി അദ്ദേഹത്തിന്റെ അരികിലേയ്ക്ക് ഒഴുകിയെത്തുന്ന നീണ്ട നിര പാതിമയക്കത്തിലും ഞാന്‍ കണ്ടു.

വരവോ പോക്കോ എന്ന ഭേദമില്ലാതെ വിരുന്നെന്ന് കേള്‍ക്കുമ്പോഴേ സന്തോഷം അലയടിച്ചുയരും. ഉമ്മയുടെ വീട്ടിലാണ് ഞങ്ങള്‍ക്കുള്ള പ്രധാന സല്‍ക്കാരം. വല്ല്യുമ്മയും അമ്മായിമാരും കുട്ടികളുമൊക്കെ ചേര്‍ന്നാല്‍ ഉത്സവമാണ്. ഞങ്ങളുടെ വീട്ടിലേക്കുള്ള അവരുടെ ആഗമനത്തിനുവേണ്ടിയും ഞാന്‍ കാത്തിരിക്കും. അന്ന് അനുവദിച്ചുകിട്ടുന്ന സ്വാതന്ത്ര്യം തന്നെയായിരുന്നു ഉത്സാഹത്തിന്റെ കാരണമെന്ന് വൈകിയാണ് എനിക്ക് മനസ്സിലായത്.

അങ്ങ് പോവുക എന്നായിരുന്നു ഉമ്മയുടെ വീട്ടിലേക്ക് പോകുന്നതിനെ ഞങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. അങ്ങനെയാണ് വല്ല്യുമ്മ ഞങ്ങള്‍ക്ക് അങ്ങ്ത്തുമ്മയായത്. സ്ഥിരമായി ഒപ്പമില്ലായിരുന്നുവെങ്കിലും ഞങ്ങളുടെ വീട്ടിലെ പ്രഥമസ്ഥാനം വല്ല്യുമ്മക്കായിരുന്നു. ഉമ്മയുടെ ഉമ്മയെ വല്ല്യുമ്മയെന്നല്ല, ഉമ്മയെന്നാണ് ഞങ്ങളെല്ലാവരും വിളിച്ചിരുന്നത്. കാഴ്ചയില്‍ അവര്‍തന്നെയായിരുന്നു ഉമ്മ. വീട്ടിലെ അവസാനവാക്ക് അവരുടേതായിരുന്നു. വല്ലാത്തൊരു സുരക്ഷിതത്വമാണ് അവരുടെ സാമീപ്യം തന്നത്.

വിരുന്നിന് ഉമ്മയുടെ കൂടെ അവിടെയെത്താന്‍ ഞങ്ങള്‍ ആവേശത്തോടെ നടക്കും. അവധിക്കാലത്തും പെരുന്നാളിനും ഞങ്ങള്‍ പാടവക്കത്തുള്ള അങ്ങ് പോകും. ഇവിടെ കുളവും അരിത്തോടും കൈകൊണ്ട് കുടിവെള്ളം കോരിയെടുത്തിരുന്ന കുഴിയുമുണ്ട്. പച്ച പുതച്ച നെല്‍പ്പാടവും കവുങ്ങിന്‍തലപ്പുകളും മനസ്സിനെ അവിടെ പിടിച്ചിരുത്തി. കാട്ടുചോലയില്‍നിന്നും ഒഴുകിവരുന്ന തോടിനടുത്തുള്ള ചെറുകുളവും ഞങ്ങള്‍ക്ക് സ്വന്തമായി. മീന്‍പിടിച്ചും കുളത്തില്‍ ചാടിമദിച്ചും ആ ദിവസങ്ങള്‍ ആസ്വദിച്ചു. കുളത്തിലേക്ക് വെള്ളമെത്തിക്കാനായി ചെറുതോട്ടിന്‍കരയിലൂടെ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് നടന്നുപോയി ഒഴുകുന്നതിനുള്ള തടസ്സമൊഴിവാക്കും. കരയിലെ കൈതോലക്കാടുകളെയും ചെറുചെടികളെയും വകഞ്ഞുമാറ്റിയുള്ള പോക്ക് പകലുകളെ ഊര്‍ജ്ജസ്വലമാക്കി.

uploads/news/2018/09/246640/CollectorBro070918a3.jpg

അങ്ങത്തെ വീടിനു സമീപമുള്ള ഹാജിയാരുടെ വീട്ടുമുറ്റത്ത് ചെങ്കല്ല് വെട്ടിയപ്പോഴുണ്ടായ കുളത്തില്‍ വര്‍ഷകാലത്ത് ഞങ്ങള്‍ കളിക്കും. നിറയെ വെള്ളം ഉണ്ടായിരുന്ന ഈ കുളത്തിന് ധാരാളം ചെറുപടവുകളുണ്ട്. പറമ്പില്‍ കോഴിക്കോടന്‍ മാങ്ങയും പാടത്ത് വല്ല്യുമ്മ നട്ടുവളര്‍ത്തിയിരുന്ന ഓടച്ചേമ്പും നേന്ത്രവാഴയുമുണ്ട്. വിത്തില്ലാത്ത ഓടച്ചേമ്പിന്റെ തണ്ടും ഇലയും വലുതായിരുന്നു. തണ്ടിനോടുചേര്‍ന്ന കിഴങ്ങുഭാഗം അവിടെത്തന്നെ നട്ട് ബാക്കിയാണ് ഭക്ഷണത്തിനെടുക്കുന്നത്. പച്ചമുളകിട്ടാണ് ഓടച്ചേമ്പ് വേവിച്ചെടുക്കുക. കുട്ടിക്കാലത്ത് മഴയത്ത് ഓത്തുപള്ളിയില്‍ പോകുമ്പോള്‍ കുടയ്ക്കുപകരം ചേമ്പില ചൂടിയതായി ഉമ്മ പറഞ്ഞു.

വീട്ടുമുറ്റത്തിനരികില്‍ ഇടിഞ്ഞിലും എണ്ണക്കരയുമുണ്ട്. പ്ലാവിലപോലെ ഈ മരങ്ങളുടെ ഇലയും ആടിന്റെ ഇഷ്ടഭക്ഷണമായിരുന്നു. കുപ്പയിലുണ്ടായിരുന്ന ചക്കപ്പഴത്തിന് സീതപ്പഴമെന്നും പേരുണ്ട്. കടപുഴകിവീണ ഇമ്മരം നിലംപറ്റിനിന്നും ഒരുപാടുകാലം ഫലം തന്നു. മൂത്തുപാകമായ ചക്കപ്പഴം വെണ്ണീരില്‍ പൂഴ്ത്തിവെച്ചാണ് പഴുപ്പിച്ചിരുന്നത്.

വീടിന്റെ ചായ്പ്പിനരികിലാണ് കടുംചുവപ്പ് പൂക്കളുള്ള വയസ്സന്‍ മുരിക്കുമരം. കവുങ്ങിന്‍ പട്ടകൊണ്ട് നിര്‍മ്മിക്കുന്ന ചൂലുകള്‍ ഉമ്മ ഇതിന്റെ മുള്ളിലുരസി നേര്‍പ്പിച്ചെടുക്കും. മുയലുകളെ വളര്‍ത്തിയിരുന്നവര്‍ മുരിക്കിലകള്‍ തീറ്റയ്ക്കായി ഒടിച്ചുകൊണ്ടുപോയിരുന്നു.

മൂത്താപ്പാന്റെ തെങ്ങ് വീടിനു മുന്നിലെ ഒറ്റയടിപ്പാതയ്ക്കരികിലാണ്. തറവാട്ടുസ്വത്തിന്റെ ഭാഗംവെക്കലിലൂടെയാണ് ഈ കല്‍പവൃക്ഷത്തിന്റെ അവകാശം മൂത്താപ്പക്ക് ലഭിക്കുന്നത്. അദ്ദേഹത്തിന് വിഹിതം കിട്ടിയ സ്ഥലത്തെ പോരായ്മ പരിഹരിക്കാനാണ് ഞങ്ങളുടെ തൊടിയിലത് അനുവദിച്ചുകിട്ടുന്നത്. മൂത്താപ്പയുടെ സ്ഥലത്ത് ഞങ്ങള്‍ക്കവകാശമുള്ള പറങ്കിമാവുണ്ട്. മണ്ണില്‍ മാത്രമല്ല പ്ലാവിലും കശുമാവിലും കുടുംബത്തിലെല്ലാവര്‍ക്കും തുല്യ അര്‍ഹതയാണ്. സമ്പത്തിന്റെ പങ്കുവെക്കലോടെ വേര്‍പിരിയുന്നവരെ കൂട്ടിയിണക്കുന്ന കണ്ണികളാണ് ഈ വൃക്ഷങ്ങളെന്ന് പിന്നീടാണ് മനസ്സിലായത്.

എന്റെ ബാല്യരോഷം കല്ലേറിലൂടെ ഏറ്റുവാങ്ങിയ കൊടപ്പന വീടിനു മുന്നില്‍ തലയുയര്‍ത്തി നിന്നു. തെങ്ങോലയ്ക്കൊപ്പം ഈ പനയുടെ ഓലയും പുരമേയാന്‍ വെട്ടിയെടുത്തു. മുള്ള് ചീകിക്കളഞ്ഞ തണ്ടുകള്‍ ചേര്‍ത്തുവെച്ച് ഞങ്ങള്‍ ഊര്‍ന്നുകളിച്ചു. പുരപ്പുറത്തുനിന്ന് ഒഴുകിവരുന്ന മഴവെള്ളം നിലത്തുവെച്ച പാത്രത്തിലേക്ക് തിരിച്ചുവിട്ടതും ഇതിലൂടെയാണ്.

കൊടപ്പനയ്ക്ക് അരികിലാണ് എനിക്കേറ്റവും വഴങ്ങിയ കൂട്ടുകാരനായ പുളിമരം. ഇവന്റെ താഴത്തെ കൊമ്പിലാണ് ഊഞ്ഞാല്‍ കെട്ടിയിരുന്നത്. പഠനത്തില്‍നിന്നുള്ള മോചനത്തിനായി ഒളിച്ചിരിക്കാനൊരിടമായും ഈ ശിഖരങ്ങളെ ഞാന്‍ കണ്ടു. വായിച്ചിയില്‍നിന്നും ഉമ്മയില്‍നിന്നും രക്ഷപ്പെടാനായി പുളിമരത്തലപ്പിലേയ്ക്ക് പാഞ്ഞുകയറുന്ന ഞാന്‍ അവരുടെ അമര്‍ഷം ശമിക്കുന്നതുവരെ അവിടെയിരുന്ന് മയങ്ങുകയോ മാനംനോക്കി കാണുകയോ ചെയ്യും.മുഹമ്മദ് അലിയുടെ ജീവിതത്തിന്റെ ചില അംശങ്ങള്‍ മാത്രമാണിത്. വിരലറ്റം പുസ്തകം അതിന്റെ ബാക്കിപത്രമാണ്...

രാംദാസ്

Ads by Google
Friday 07 Sep 2018 12.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW