ഹൈദരാബാദ്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ കോമാളിയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. തെരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നത് ലക്ഷ്യമിട്ട് നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുലിനെ അധിക്ഷേപിച്ചത്. ചന്ദ്രശേഖരറാവു നരേന്ദ്രമോഡിയുടെ താളത്തിനൊത്തു തുള്ളുന്ന പാവയാണെന്നും അടിമയാണെന്നും കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയ്ക്കായിരുന്നു കെസിആറിന്റെ മറുപടി.
രാഹുല്‍ രാജ്യത്തെ ഏറ്റവും വലിയ കോമാളിയാണെന്ന് എല്ലാവര്ക്കും അറിയാം. നരേന്ദ്രമോഡി അദ്ദേഹം ആലിംഗനം ചെയ്യാന്‍ പോയതും കണ്ണിറുക്കിയതും രാജ്യം മുഴുവന്‍ കണ്ടതാണെന്ന് ലോക്സഭയില്‍ രാഹുല്‍ മോഡിയെ കെട്ടിപ്പിടിച്ച സംഭവം അനുസ്മരിപ്പിച്ച് കെസിആര്‍ പറഞ്ഞു. തെലുങ്കാനയിലെ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെയും ചന്ദ്രശേഖരറാവു പരിഹസിച്ചു. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തിന് സംസ്ഥാനത്ത് വന്നാല്‍ തങ്ങള്‍ കൂടുതല്‍ സീറ്റ് നേടുമെന്നായിരുന്നു കളിയാക്കല്‍.
കോണ്‍ഗ്രസിലെ ഡല്‍ഹി സുല്‍ത്താനേറ്റിന്റെ പാരമ്പര്യമാണ് രാഹുലെന്നും തെലുങ്കാനയിലെ ജനങ്ങള്‍ ഡല്‍ഹിക്ക് അടിമകളല്ലെന്നും തെലുങ്കാനയിലെ തീരുമാനം തെലുങ്കാനയിലാണ് എടുക്കുന്നതെന്നും പറഞ്ഞു. അതേസമയം ചന്ദ്രശേഖരറാവുവിന്റെ പരിഹാസത്തിന് അതേ നാണയത്തിലാണ് കോണ്‍ഗ്രസ് മറുപടി കൊടുത്തത്. '' ഒരു കോമാളിക്ക് മാത്രമേ ഇത് പറയാന്‍ കഴിയൂ'' എന്നായിരുന്നു അവരുടെ പ്രതികരണം. കുടുംബ പാരമ്പര്യത്തിലൂടെ അധികാരത്തില്‍ എത്തിയ തെലുങ്കാനാ മുഖ്യമന്ത്രിക്ക് രാഹുല്‍ഗാന്ധിയുടെ കുടുംബാധിപത്യത്തെക്കുറിച്ച് എങ്ങിനെ പറയാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍സി ഖുണ്ഡിയ ചോദിച്ചു. '' ചന്ദ്രശേഖര റാവുവിനെ ഏകാധിപതിയായ ഹിറ്റ്ലര്‍ എന്ന് വിശേഷിപ്പിച്ച ഖുണ്ഡിയ അന്ധവിശ്വാസം കൊണ്ട് സ്വന്തം ഓഫീസ് പോലും അദ്ദേഹം വന്നിരുന്നില്ലെന്നും പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പാണ് തെലുങ്കാനയെ അഴിമതിയുടെ തലസ്ഥാനമെന്ന് രാഹുല്‍ വിശേഷിപ്പിച്ചത്. കെസിആറിനെയും നരേന്ദ്രമോഡിയെയും താരതമ്യപ്പെടുത്തിയ രാഹുല്‍ രണ്ടുപേര്‍ക്കും ഒരേ രീതിയാണെന്നും ആക്ഷേപിച്ചിരുന്നു. ഇന്നലെയായിരുന്നു ചന്ദ്രശേഖരറാവു തന്റെ മന്ത്രിസഭയെ പിരിച്ചുവിട്ടതായി ഗവര്‍ണറെ അറിയിച്ചത്. 2019 ന്റെ പകുതിയോടെ നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തേ നടത്താന്‍ വേണ്ടിയായിരുന്നു നീക്കം. ടിആര്‍എസിന്റെ 100 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവധി പൂര്‍ത്തിയാക്കിയാല്‍ ലോക്സഭയ്ക്കൊപ്പമാകും തെരഞ്ഞെടുപ്പ് വരിക. അങ്ങിനെ വന്നാല്‍ ശ്രദ്ധമുഴുവന്‍ നരേന്ദ്രമോഡിയിലേക്ക് പോകുമെന്നാണ് റാവുവിന്റെ ഭയം. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ ഘടകകക്ഷിയല്ല എന്ന നിലപാടാണ് റാവുവിനെങ്കിലും ബിജെപിയുടെ രഹസ്യായുധമായിട്ടാണ് കോണ്‍ഗ്രസ് കെസിആറിനെ കാണുന്നത്്. കഴിഞ്ഞ ആഗസ്റ്റില്‍ മോഡിയും കെസിആറും കൂടിക്കാഴ്ച നടത്തുക കൂടി ചെയ്തതോടെ ആരോപണം ശക്തമായി.