Sunday, July 14, 2019 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.39 AM

ദുഷ്‌ടന്റെ അതിക്രമം; നീതിമാന്റെ നിശബ്‌ദത

uploads/news/2018/09/246582/2.jpg

ചരിത്രത്തില്‍നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്ന പാഠമാണു ചരിത്രം പഠിപ്പിക്കുന്നതെന്നു പ്രളയ മേഖലയില്‍നിന്നു വന്ന മൂന്ന്‌ എം.എല്‍.എമാര്‍ നിയമസഭയില്‍ എഴുന്നേറ്റുനിന്ന്‌ മൂന്നരക്കോടി മലയാളികളെ ഓര്‍മിപ്പിച്ചു. മൂന്നുപേരും ഇടതുപക്ഷക്കാര്‍. കരിങ്കല്‍മടകള്‍ നാടു മുഴുവന്‍ വര്‍ധിപ്പിക്കണം, ക്വാറിയുണ്ടായിട്ടും മഴ പെയ്‌തല്ലോ, വനംകൊണ്ട്‌ എന്തു പ്രയോജനം? വനത്തിനുള്ളിലും ഉരുള്‍പൊട്ടിയല്ലോ, കൈയേറ്റക്കാര്‍ക്കു കൂടുതല്‍ ഇളവു നല്‍കണം, പ്രകൃതിദുരന്തത്തെ തടയാനാവില്ല എന്നിങ്ങനെയാണു മൂന്ന്‌ ഇടതുപക്ഷ എം.എല്‍.എമാര്‍ പ്രസംഗിച്ചത്‌.
ഡാം ദുരന്തവും പ്രളയദുരന്തവും ഒരുമിച്ചനുഭവിച്ച നാട്‌ പുനര്‍ജീവനത്തിനായി ബുദ്ധിമുട്ടുന്നു. ദുരന്തതീവ്രത പരിസ്‌ഥിതി പ്രാധാന്യത്തെപ്പറ്റി എല്ലാ വിഭാഗങ്ങളിലും പുതിയ ബോധ്യം ഉണ്ടാക്കിയിരിക്കുന്നു. പുനരധിവാസപ്രവര്‍ത്തനം പരിസ്‌ഥിതി പ്രാധാന്യം കണക്കിലെടുത്താകും എന്ന്‌ മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പിച്ചു പറയുന്നു. ഇതിനിടയ്‌ക്കാണു മൂന്നു പ്രത്യേക ഇടതുപക്ഷസ്വരം സഭയില്‍ കേട്ടത്‌. ഇതാണ്‌ ഇടതുപക്ഷമെങ്കില്‍ കൂടുതലൊന്നും പറയാനില്ല. ദുരന്തത്തിന്റെ മുന്നറിയിപ്പു നല്‍കിയ മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ ശരിവച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ സഭയില്‍ പ്രസംഗിച്ചതിനെ വെല്ലുവിളിച്ചുകൊണ്ടാണ്‌ ഇവര്‍ സാമാന്യയുക്‌തിയെ പരിഹസിച്ചത്‌. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പരിസ്‌ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. സര്‍ക്കാര്‍ നയം അങ്ങനെയാകും എന്നായിരുന്നു ഉറപ്പ്‌. പ്രകടനപത്രികയിലെ ഉറപ്പു ലംഘിക്കാന്‍ ആഹ്വാനം ചെയ്‌ത മൂന്ന്‌ എം.എല്‍.എമാരെ തിരുത്താന്‍ ഇടതുപക്ഷ നേതൃത്വം സഭയിലോ പുറത്തോ തയാറായില്ല; എന്നുമാത്രമല്ല ഞങ്ങള്‍ക്കുപറയാനുള്ളത്‌ നിങ്ങള്‍ പറഞ്ഞല്ലോ എന്ന ഗൂഢമന്ദഹാസം ചില നേതാക്കളുടെ മുഖത്തു നിറഞ്ഞൊഴുകുകയും ചെയ്‌തു.
പരിസ്‌ഥിതിവാദം ശാസ്‌ത്രമാണെന്നു വിശ്വസിക്കുന്ന പ്രബുദ്ധതയുള്ള നിരവധി നേതാക്കള്‍ ഇടതുപക്ഷത്തുണ്ട്‌. പരിസ്‌ഥിതിവാദ സഭയുടെ സെന്റ്‌ തോമസാണ്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌. അദ്ദേഹം പ്രസംഗം കേട്ട്‌ മനസില്‍ നന്നായി മക്കളേ എന്നാണോ ഉരുവിട്ടതെന്നറിയാന്‍ നാട്ടുകാര്‍ക്കു താല്‍പര്യമുണ്ട്‌. കുട്ടനാട്ടിലെ സാധുക്കള്‍ വെള്ളത്തില്‍ ചത്തുപൊന്തിയിട്ടും അവിടുത്തെ ജനപ്രതിനിധി മണ്ണു മാന്തൂ, മണല്‍ കടത്തൂ എന്നാണ്‌ മുങ്ങിച്ചാകാന്‍ ബാക്കിയുള്ളവരെ നോക്കി പരിഹസിച്ചത്‌.
ശവപ്പെട്ടി അച്ചന്മാര്‍

ഇടതു, വലതു വേര്‍തിരിവില്‍ അര്‍ഥമില്ലെന്നു മനസിലായി. ഇടുക്കി ഉള്‍പ്പെടെ പശ്‌ചിമഘട്ട സംരക്ഷണത്തിനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കിയ മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചെന്നാരോപിച്ച്‌ അന്ന്‌ ഇടുക്കി എം.പിയായിരുന്ന പി.ടി. തോമസിന്റെ പ്രതീകാത്മക ശവസംസ്‌കാരം ചില കത്തോലിക്കാ പുരോഹിതര്‍ നടത്തിയത്‌ നല്ല ഓര്‍മയുണ്ട്‌. ഇടുക്കിയിലെ ഇടതുപക്ഷക്കാര്‍ അന്നും ഇന്നും ശവപ്പെട്ടി അച്ചന്മാര്‍ക്കൊപ്പമാണ്‌. പാറപൊട്ടിക്കാനും കുന്നിടിച്ചുനിരത്താനും കൂട്ടുനില്‍ക്കാത്തവരെ പെട്ടിയിലടച്ച്‌ കുഴിച്ചിടുമെന്നായിരുന്നു പ്രതീകാത്മക ശവഘോഷയാത്രക്കാരുടെ മുന്നറിയിപ്പ്‌.
വെള്ളത്തില്‍ മുങ്ങി ഇടവകയിലെ സാധുക്കള്‍ ചത്തുപൊന്തിയിട്ടും താമരശേരി ബിഷപ്‌ ചോദിക്കുന്നത്‌ അമേരിക്കയില്‍ വെള്ളപ്പൊക്കമുണ്ടായല്ലോ എന്നാണ്‌. അതായത്‌ അമേരിക്കയില്‍ വെള്ളം പൊങ്ങുമ്പോള്‍ ഇവിടെ മുണ്ടുപൊക്കിപ്പിടിക്കണോ എന്ന്‌; ഇടുക്കിയിലെ ശവപ്പെട്ടി അച്ചന്മാര്‍ക്കു പറ്റിയ പിതാവ്‌. ഉരുളുപൊട്ടി ചത്താലും ഊളത്തരം തുടരും. ഇടുക്കിയിലെ ശവപ്പെട്ടി അച്ചന്മാര്‍ ജ്‌ഞാനസ്‌നാനപ്പെടുത്തി കേരള നിയമസഭയിലേക്ക്‌ ചില എം.എല്‍.എമാരെ അയച്ചിട്ടുണ്ടെന്ന്‌ ഇപ്പോള്‍ മനസിലായി.
ഹാജിയും ഖാദറും

കടലില്‍ മഴ പെയ്യുന്നത്‌ അവിടെ മരമുണ്ടായിട്ടാണോ എന്ന്‌ സീതിഹാജി കേരള നിയമസഭയില്‍ ചോദിച്ചിരുന്നു. ലീഗില്‍ ഇപ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരില്ല. പ്രയോഗത്തിലെ നര്‍മംകൊണ്ട്‌ സീതിഹാജിയുടെ പ്രസ്‌താവന എന്നും പച്ചപിടിച്ചുനില്‍ക്കും. സീതിഹാജിയുടെ നര്‍മത്തിന്റെ ഏഴയലത്തുകൂടി സഞ്ചരിക്കാത്തവര്‍ മണ്ണെടുക്കൂ, കുന്നിടിക്കൂ എന്നു നിയമസഭയില്‍ പ്രസംഗിച്ചപ്പോള്‍ സീതിഹാജിയുടെ മകന്‍ പി.കെ. ബഷീര്‍ പോലും അത്തരക്കാരെ പിന്തുണച്ചില്ല.
കടലില്‍ മഴ പെയ്യിച്ചത്‌ മരങ്ങളോ എന്ന കുപ്രസിദ്ധ ചോദ്യമുയര്‍ത്തിയ സീതിഹാജിയില്‍ നിന്ന്‌ ഇന്ന്‌ മുസ്ലിം ലീഗ്‌ എത്തിനില്‍ക്കുന്നത്‌ കെ.എന്‍.എ. ഖാദറിലാണ്‌. ലോകത്ത്‌ ഒരു സര്‍ക്കാരും ഒരു പുതിയ പുഴയോ കടലോ സൃഷ്‌ടിച്ചിട്ടില്ലെന്നു പറഞ്ഞുകൊണ്ട്‌ ഖാദര്‍, തന്റെ മുന്‍ഗാമിയുടെ പ്രസ്‌താവനയ്‌ക്കു പ്രായശ്‌ചിത്തം നടത്തി. ഈ പ്രകൃതിദുരന്തത്തിന്‌ നാം, നമ്മുടെ തലമുറകള്‍ ഒരേപോലെ ഉത്തരവാദികളായതിനാല്‍ നിശബ്‌ദരായിരിക്കാനാവില്ല. ഖാദര്‍ തുടര്‍ന്നു...ന്ഥദ്ധനു്യനു ഗ്നക്ഷ ദ്ദഗ്നഗ്ന ്രണ്മനുഗ്നണ്മനു ദ്ധന്ഥ ണ്ഡഗ്നത്സനു ന്റ്രദ്ദനുത്സഗ്നഗ്മന്ഥ ന്ധന്റ ത്മദ്ധഗ്നനു്യനു ഗ്നക്ഷ ്വന്റ ്രണ്മനുഗ്നണ്മനുഎന്ന ഉദ്ധരണിയോടെയായിരുന്നു ഖാദറിന്റെ തുടക്കം.മണലൂറ്റാനും മലയിടിക്കാനും ആഹ്വാനം ചെയ്‌തുള്ള മൂന്ന്‌ ഇടത്‌ എം.എല്‍.എമാരെ നോക്കി നിശബ്‌ദരായിരുന്ന ഇടതുനേതാക്കള്‍ക്ക്‌ ഖാദറിന്റെ പ്രയോഗം പ്രഹരമായി: ദുഷ്‌ടന്റെ അതിക്രമത്തെക്കാള്‍ നീതിമാന്റെ നിശബ്‌ദതയാണ്‌ അപകടം.

Ads by Google
Friday 07 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW