Friday, September 07, 2018 Last Updated 34 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.38 AM

ചരിത്രം തിരുത്തുന്ന വിധി

uploads/news/2018/09/246581/1.jpg

പരസ്‌പരസമ്മതത്തോടുകൂടിയുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ വിധി ചരിത്രപ്രാധാന്യമുള്ളതാണ്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിലെ ചില വ്യവസ്‌ഥകള്‍ യുക്‌തിയില്ലാത്തതും ഭരണഘടനാവിരുദ്ധവുമാണെന്നു വിലയിരുത്തിയ സുപ്രീം കോടതി, ഈ വകുപ്പ്‌ ഭാഗികമായി റദ്ദാക്കിക്കൊണ്ടാണു വിധി പ്രസ്‌താവിച്ചിരിക്കുന്നത്‌. ഒരാള്‍ എന്താണോ അതായിത്തന്നെ ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന വിഖ്യാത നിരീക്ഷണവും കോടതി നടത്തി. സ്വവര്‍ഗാനുരാഗികളെ മാന്യതയോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും മാന്യതയിലേക്കും തുല്യതയിലേക്കുള്ള അവരുടെ യാത്രയാണ്‌ ഈ വിധി എന്നുമാണു കോടതി വ്യക്‌തമാക്കിയത്‌. ഭിന്നലിംഗ സമൂഹം എല്ലാ ഭരണഘടന അവകാശങ്ങള്‍ക്കും അര്‍ഹരാണെന്നും മറ്റെല്ലാവരെയുംപോലെ സ്വത്വം നഷ്‌ടപ്പെടുന്നത്‌ മരണത്തിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാലമത്രയും ഭ്രഷ്‌ട്‌ കല്‍പ്പിച്ചതിനാല്‍ സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തോട്‌ ചരിത്രം മാപ്പുപറയണമെന്ന്‌ അഭിപ്രായമാണ്‌ കോടതിയില്‍നിന്ന്‌ ഉയര്‍ന്നത്‌.
പരമ്പരാഗത കാഴ്‌ചപ്പാടുകള്‍ ഉപേക്ഷിക്കാന്‍ സമയമായെന്നു ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര വിധിന്യായത്തില്‍ പറഞ്ഞത്‌ സുപ്രധാനമാണ്‌. ഇന്ത്യ പരമ്പരാഗതമായ ധാരാളം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹം ആണെന്നതിനാല്‍ വേറിട്ട പല ചിന്തകളെയും പ്രോത്സാഹിപ്പിക്കാന്‍ മാനസികമായി ജനങ്ങള്‍ തയാറാകുന്നില്ല. ഇതുമൂലം ഭിന്നലിംഗക്കാര്‍ അടക്കമുള്ള സമൂഹം ഒറ്റപ്പെടുന്ന അവസ്‌ഥയിലായിരുന്നു. ഭിന്ന ലൈംഗിക താല്‍പര്യങ്ങളുള്ള വരെ സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക്‌ മാറ്റുകയും ചെയ്‌തു. എന്നാല്‍, വിവിധ വിദേശ രാജ്യങ്ങളിലടക്കം ഭിന്ന ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്നത്‌. സ്വവര്‍ഗ വിവാഹം പലരാജ്യങ്ങളിലും നിയമപരമായി അംഗീകരിക്കപ്പെടുകയും ചെയ്‌തു. ഈ വിധിയോടെ ഇന്ത്യയിലും ഇത്തരത്തിലുള്ള നീക്കം നടക്കാന്‍ സാധ്യതയുണ്ട്‌.
ജീവിക്കാനും തുല്യതയ്‌ക്കും സ്വകാര്യതയ്‌ക്കും ഉള്ള അവകാശങ്ങള്‍ പോലെതന്നെ ലൈംഗിക അഭിരുചിയും ഉള്‍പ്പെടുത്തി എന്നുള്ളതാണ്‌ ഈ വിധിയുടെ പ്രത്യേകത. ഇക്കാര്യത്തിനു സര്‍ക്കാര്‍ പരമാവധി പ്രചാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. വ്യത്യസ്‌ത വ്യക്‌തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വത പ്രാപിച്ചിട്ടുണ്ട്‌ എന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി ഈ വിധി പ്രഖ്യാപിച്ചിരിക്കുന്നത്‌. സുപ്രീംകോടതിയുടെ നിരീക്ഷണംപോലെ തന്നെ സമൂഹവും പ്രതികരിക്കും എന്നു പ്രതീക്ഷിക്കാം. ഇപ്പോള്‍തന്നെ ഭിന്ന ലൈംഗിക വിഭാഗങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും ഏറെ വിവേചനം നേരിടുന്നുണ്ട്‌. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക്‌ കേരളത്തില്‍ കൂടുതല്‍ അംഗീകാരവും അവസരവും കിട്ടുന്നുണ്ടെങ്കിലും സ്‌ഥിതി പൂര്‍ണമായും മാറിയിട്ടില്ല. പോലീസും സമൂഹവും സംശയ ദൃഷ്‌ടിയിലൂടെയാണ്‌ അവരെ നോക്കുന്നത്‌. ഇത്തരം വിവേചനങ്ങളും മറ്റും അവസാനിപ്പിച്ചു ലൈംഗിക ന്യൂനപക്ഷങ്ങളെ തങ്ങളുടെ ഭാഗമായി കണ്ടു സമൂഹത്തിനു മാറാനുള്ള അവസരമാണിത്‌.

Ads by Google
Friday 07 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW