കോട്ടയം: പ്രളയാഘാതത്തില്നിന്നു മുക്തമാകും മുമ്പേ ജനങ്ങളെ പിഴിഞ്ഞ് നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം. കല്ലു മുതല്‍ കമ്പി വരെ സകല നിര്‍മാണ സാമഗ്രികള്‍ക്കും ഓരോ കാരണങ്ങള്‍ പറഞ്ഞു രണ്ടാഴ്ചയ്ക്കുള്ളില്‍ വില വര്‍ധിപ്പിച്ചു. പ്രളയാനന്തരം സംസ്ഥാനത്തു വരാന്‍ പോകുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി ആസൂത്രിതമായ വിലക്കയറ്റമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നു.
നിര്‍മാണ സാമഗ്രികള്‍ക്കു കനത്ത ക്ഷാമം അനുഭവപ്പെടുന്നതിനൊപ്പമാണു വിലക്കയറ്റവും. കരിങ്കല്ല് പല ജില്ലകളിലും കിട്ടാനില്ല. സുലഭമായ സ്ഥലങ്ങളില്‍ വില റോക്കറ്റ് പോലെ ഉയര്‍ത്തുകയാണ്. കോട്ടയം ജില്ലയില്‍ ഒരു ലോഡ് കരിങ്കല്ലിന് ഒരാഴ്ചയ്ക്കുള്ളിലുണ്ടായ വില വര്‍ധന 800 മുതല്‍ 1100 രൂപ വരെ. ഇതിനൊപ്പം മെറ്റല്‍, പാറപ്പൊടി, എം സാന്‍ഡ് എന്നിവയുടെയെല്ലാം വില ഏകീകരണമില്ലാതെ വര്‍ധിപ്പിച്ചു.
വിപണിയിലെ ഭാവി സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൃത്രിമക്ഷാമുണ്ടാക്കിയാണു സിമന്റ് കമ്പനികളുടെ കൊള്ള. പേപ്പര്‍ പായ്ക്കറ്റ് സിമന്റിന്റെ വില ശരാശരി 400 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ 10 രൂപയുടെ വര്‍ധനയുണ്ടായെന്നും വീണ്ടും വര്‍ധിക്കാനുള്ള സാധ്യതയാണു കമ്പനികള്‍ നല്‍കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.
ഇരുമ്പു കമ്പിയുടെ വില കിലോഗ്രാമിനു രണ്ടു രൂപ മുതല്‍ നാലു രൂപ വരെയാണു രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
സാധാരണ വില കുറയുന്ന സീസണിലെ വില വര്‍ധന വിപണിയിലെ കൊള്ള ലാഭം മുന്നില്‍ക്കണ്ടാണെന്നാണു സൂചന. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവെന്ന കാരണം പറഞ്ഞാണു കമ്പിയുടെ വില വര്‍ധിപ്പിക്കുന്നത്. സിമന്റും കല്ലും കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് ഏറ്റവും ആവശ്യമായി വരുന്നതു കമ്പിയാണ്.
പ്രളയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അരലക്ഷം കിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ടുണ്ടെന്നാണു കണക്ക്. 210 പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇടുക്കി, വയനാട് ജില്ലകളില്‍ പലയിടങ്ങളിലും റോഡ് പൂര്‍ണമായി പുനര്നിര്മിക്കേണ്ട അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മാണ സാമഗ്രികള്‍ക്കു മുമ്പെങ്ങുമില്ലാത്ത വിധമുള്ള ആവശ്യം ഒന്നിച്ചുണ്ടാകുമെന്നാണു ഈ മേഖലയിലുള്ളവരുടെ കണക്കു കൂട്ടല്‍. ഈ മേഖലയില്‍ വില നിയന്ത്രണത്തിനു മാര്‍ഗങ്ങളില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
മിക്കയിടങ്ങളിലും ഖനനം, മണല്‍ വാരല്‍ എന്നിവയ്ക്കു നിയന്ത്രണമുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പ്രളായനന്തര പ്രവര്‍ത്തനങ്ങളിലായതിനാല്‍ നിയന്ത്രണം ഫലപ്രദമാകുന്നില്ല.