Saturday, November 17, 2018 Last Updated 59 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

മണ്ണിലാണ്ട്‌ പമ്പ; വീണ്ടെടുക്കാന്‍ ആറു മാസം വേണ്ടിവരും

പത്തനംതിട്ട:
പ്രളയത്തില്‍ മണ്ണിലാണ്ടുപോയ പമ്പയെ വീണ്ടെടുക്കാന്‍ കുറഞ്ഞത്‌ ആറുമാസത്തെ ഭഗീരഥപ്രയത്‌നം വേണ്ടിവരുമെന്നു സൂചന. ഇത്തവണ നിലയ്‌ക്കല്‍ പാര്‍ക്കിങ്‌ മേഖലയെ ബേസ്‌ ക്യാമ്പാക്കി തീര്‍ഥാടനം സുഗമമാക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും നീക്കം ആരംഭിച്ചത്‌ ഇതിനാലാണ്‌. ശബരിമല വികസനത്തിനു നിലയ്‌ക്കലിനെ ബേസ്‌ ക്യാമ്പാക്കണമെന്ന വര്‍ഷങ്ങളായുള്ള നിര്‍ദേശമാണ്‌ ഇതോടെ പ്രാവര്‍ത്തികമാകുന്നത്‌.
പമ്പാ ത്രിവേണി മുതല്‍ ഗണപതി ക്ഷേത്രത്തിനു താഴെ ആറാട്ടുകടവുവരെ പമ്പ മണ്ണിനടിയിലാണ്‌. പമ്പാ മണല്‍പുറവും സ്‌നാനഘട്ടവും ബലിതര്‍പ്പണമേഖലയും അപ്രത്യക്ഷമായി. ഇതു മണ്ണിലടിയില്‍നിന്നു വീണ്ടെടുക്കാനുള്ള നീക്കമാണ്‌ ആരംഭിച്ചിട്ടുള്ളത്‌. തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള അടിസ്‌ഥാന സൗകര്യങ്ങളെല്ലാം ഒലിച്ചുപോയി. മുന്നൂറു ശൗചാലയങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. ശൗചാലയ കെട്ടിടങ്ങള്‍ക്കും ബലക്ഷയം സംഭവിച്ചതായി സംശയമുണ്ട്‌. ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാനും മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടും ജൈവ ശൗചാലയങ്ങള്‍ നിര്‍മിക്കാനാണു പദ്ധതി. ഈ സീസണ്‌ മുമ്പ്‌ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ പറയുന്നു.വൈദ്യുതി വിതരണമേഖലയിലാണ്‌ വന്‍ പ്രതിസന്ധി നിലനില്‍ക്കുന്നത്‌. പ്രളയം രൂക്ഷമായതോടെ 14ന്‌ വൈകിട്ട്‌ ഓഫാക്കിയ ലൈനില്‍ പിന്നീട്‌ ഇതുവരെ വൈദ്യുതി പ്രവഹിച്ചിട്ടില്ല. രാത്രി മെഴുകുതിരിവെട്ടത്തിലാണു ദേവസ്വം, വൈദ്യുതി ബോര്‍ഡ്‌ ജീവനക്കാരുടെ വാസം. നൂറ്റിഅമ്പത്‌ വൈദ്യുതി തൂണുകളും ആറു കിലോ മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനും ഏഴു കിലോമീറ്റര്‍ ലൊടെന്‍ഷന്‍ ലൈനും പ്രളയത്തില്‍ തകര്‍ന്നു. രണ്ടുകോടിയിലധികം രൂപയുടെ നഷ്‌ടമാണു കണക്കാക്കുന്നത്‌. വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍ പമ്പയിലും സന്നിധാനത്തുമായി വലിച്ചിരുന്ന എ.ബി.സി. കേബിളുകള്‍ മുറിഞ്ഞു. ട്രാന്‍സ്‌ഫോര്‍മര്‍ യൂണിറ്റ്‌ വീഴാറായ നിലയിലാണ്‌. ഇരട്ട ആവരണമുള്ള ഈ കേബിളുകള്‍ രണ്ടുവര്‍ഷം മുമ്പാണ്‌ സ്‌ഥാപിച്ചത്‌. അറ്റകുറ്റപണികള്‍ നടത്തി വൈദ്യുതി ബന്ധം ഇന്നുമുതല്‍ ഭാഗികമായി പുനഃസ്‌ഥാപിക്കാന്‍ കഴിയുമെന്നാണു സൂചന.
പമ്പയിലെ മാലിന്യ സംസ്‌കരണപ്ലാന്റ്‌ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായി മുങ്ങി. ചെളിമൂടിയ നിലയിലാണ്‌ ഇപ്പോള്‍ ഈ പ്ലാന്റ്‌. മണ്ഡലകാലത്തിനു മുമ്പ്‌ ചെളിനീക്കി പ്ലാന്റ്‌ പ്രവര്‍ത്തന സജ്‌ജമാക്കുമെന്നാണു ദേവസ്വം അധികൃതരുടെ വാദം. എന്നാല്‍ തടിയോ മറ്റോ ഇടിച്ചിട്ടുണ്ടെങ്കില്‍ മാസങ്ങള്‍ നീളുന്ന അറ്റകുറ്റപ്പണി ആവശ്യമായി വരും. സന്നിധാനത്തേക്കു ജലം പമ്പ്‌ ചെയ്യുന്ന പമ്പും കിണറും നശിച്ചു. കുടിവെള്ള സ്രോതസുകള്‍ ഒഴുകിപ്പോയി. നഷ്‌ടം അഞ്ചുകോടിയിലധികം.
ജലവിഭവവകുപ്പ്‌ കുടിവെള്ള കേന്ദ്രങ്ങള്‍ പുനഃസ്‌ഥാപിക്കും. എന്നാല്‍ സന്നിധാനത്തേക്ക്‌ ജലമെത്തിക്കുന്ന കുന്നാര്‍ ഡാമിന്റെ സംഭരണശേഷി വീണ്ടെടുക്കുക എന്നത്‌ വെല്ലുവിളിയായി നില്‍ക്കുന്നു. ഈ ആഴ്‌ച മണ്ണുനീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ്‌ അറിയുന്നത്‌. വടശേരിക്കര മുതല്‍ പമ്പവരെയുള്ള മേഖലയിലെ റോഡില്‍ മൂന്നിടത്ത്‌ മണ്ണിടിഞ്ഞിട്ടുണ്ട്‌. എട്ടിടത്ത്‌ റോഡും തകര്‍ന്നു.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW