Friday, September 07, 2018 Last Updated 8 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

ഡാമുകളില്‍നിന്ന്‌ മണല്‍വാരാനുള്ള പദ്ധതി പൊടിതട്ടിയെടുക്കുന്നു

തൃശൂര്‍:
സംസ്‌ഥാനത്ത്‌ ഡാമുകളില്‍നിന്നു മണല്‍ വാരാനുള്ള പദ്ധതി സര്‍ക്കാര്‍ പൊടിതട്ടിയെടുക്കുന്നു. ആദ്യഘട്ടത്തില്‍ ചുള്ളിയാര്‍, മംഗലം ഡാമുകള്‍ കേന്ദ്രീകരിച്ചാണ്‌ മണലെടുക്കുകയെന്ന്‌ ജലവിഭവ വകുപ്പ്‌ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. നവംബറോടെ നടപടിക്രമം പൂര്‍ത്തീകരിക്കാമെന്നാണ്‌ പ്രതീക്ഷ.
രണ്ടു ഡാമുകളില്‍നിന്നു മണലെടുക്കുന്നതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു നല്‍കി. ഉന്നതതല കമ്മിറ്റി യോഗം അംഗീകാരം നല്‍കുന്നതോടെ മറ്റു നടപടികള്‍ക്കു തുടക്കമാകും. ഇടുക്കി ഡാമിന്റെ കണക്കെടുപ്പ്‌ അടുത്ത ഘട്ടത്തിലാകും നടത്തുക. 42 ഡാമുകളെ അഞ്ചു സോണുകളാക്കി തിരിച്ചു സാധ്യതാപഠനം നടത്തിയശേഷമേ തുടര്‍നടപടിയുണ്ടാകൂ. ഇവിടെ നടത്തുന്ന മണല്‍ശേഖരണം മാതൃകയാക്കി ഇതര ഡാമുകളിലെ സാധ്യത പരിശോധിക്കും. ജലവിഭവ വകുപ്പിന്റെ അധീനതയില്‍ 16 ഡാമുകളാണുള്ളത്‌.
ഇടുക്കി ഉള്‍പ്പെടെ കെ.എസ്‌.ഇ.ബിയുടെ കൈവശമുള്ള ഡാമുകളിലും പദ്ധതി നടപ്പാക്കുന്നതോടെ ഡാമുകളുടെ ശുചീകരണവും നടത്തും. ഡാമുകളില്‍ നിന്നു ലഭിക്കുന്ന മണലിനൊപ്പമുള്ള ചെളി വേര്‍തിരിക്കുന്നതിനുള്ള സംവിധാനമുള്‍പ്പെടെ എത്ര ചെലവുവരുമെന്നും കണക്കാക്കും. മണല്‍വാരാന്‍ പുറം ഏജന്‍സികളെ കരാര്‍ ഏല്‍പ്പിക്കണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ജലസംഭരണികള്‍ പെട്ടെന്നു നിറഞ്ഞത്‌ അടിഞ്ഞുകൂടിയചെളിയും മണലും മൂലമല്ല എന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. അതേസമയം ശുചീകരണത്തിലൂടെ ജലശുദ്ധീകരണത്തിനു വഴിതെളിയുമെന്നാണ്‌ കണക്കുകൂട്ടല്‍.
തോമസ്‌ ഐസക്‌ മുമ്പ്‌ ധനമന്ത്രിയായ വേളയില്‍ ഡാമുകളില്‍ നിന്നു മണലൂറ്റാന്‍ നടപടിയായിരുന്നു. അതു പാതിവഴിയില്‍ നിര്‍ത്തി. കണക്കു കൂട്ടിയതിനനുസരിച്ച്‌ മണലെടുക്കാന്‍ കഴിയില്ലെന്നു ബോധ്യമായതോടെയാണിത്‌. ഡാമുകളിലെ ചെളി പൂര്‍ണമായും നീക്കുന്നതിനെ ഒരുവിഭാഗം എതിര്‍ക്കുന്നുമുണ്ട്‌. മണലിന്റെ അളവ്‌ കുറയ്‌ക്കാമെന്നല്ലാതെ പൂര്‍ണമായും നീക്കുന്നത്‌ ഗുണത്തേക്കാളേറെ ദോഷം ചെയ്ുയമെന്ന വാദവുമുയര്‍ന്നിരുന്നു. ഇക്കാര്യത്തിലും വ്യക്‌തത വരുത്തും. മണല്‍വിറ്റു കോടികള്‍ ലഭിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകളെങ്കിലും വന്‍ ചെലവു വന്നതു തിരിച്ചടിയായി. വിദഗ്‌ധതൊഴിലാളികളെ ഉപയോഗിച്ച്‌ ശാസ്‌ത്രീയരീതിയില്‍ പദ്ധതി നടപ്പാക്കണമെന്നാണു സര്‍ക്കാരിനു ലഭിച്ച വിദഗ്‌ധോപദേശം.
കെ.എഫ്‌.ആര്‍.ഐ.യുടെ നേതൃത്വത്തിലാണുസാധ്യതാപഠനം നടത്തിയത്‌. ഡാമുകളില്‍നിന്നു മണല്‍ വേര്‍തിരിച്ചെടുത്തു വില്‍പ്പന നടത്തിയാല്‍ 20,000 കോടി രൂപയിലേറെ മണല്‍ ലഭിക്കുമെന്നായിരുന്നു നിഗമനം. ആദ്യം പൊതുജനങ്ങള്‍ക്കും ആവശ്യമെങ്കില്‍ കരാറുകാര്‍ക്കും മണല്‍ നല്‍കാനും ധാരണയുണ്ടാക്കി. 2010 ല്‍ മലമ്പുഴ ഡാമില്‍നിന്നു മണലെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്നാണ്‌ പദ്ധതി നിര്‍ത്തിവെച്ചത്‌. കഴിഞ്ഞ പ്രളയത്തിനിടെ ഡാമുകളിലേക്ക്‌ പാറക്കഷ്‌ണങ്ങള്‍ ഉള്‍പ്പെടെ ഒഴുകിയെത്തിയതായി ചൂണ്ടിക്കാട്ടുന്നു. ഇതു കൂടി പരിഗണിച്ച്‌ ഡാമുകളുടെ ശുചീകരണത്തിനു വലിയ പദ്ധതിയുണ്ടാക്കും.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW