ശബരിമല: അരവണ നിര്‍മാണത്തിനു പമ്പ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ശര്‍ക്കര വെള്ളംകയറി നശിച്ചു.
1,69,635 കിലോ ശര്‍ക്കരയാണ് പ്രളയത്തില്‍ ഉപയോഗശൂന്യമായത്. 70 ലക്ഷം രൂപയുടെ നഷ്ടമെന്നു പ്രാഥമിക വിലയിരുത്തല്‍. പെരുമഴയിലും പ്രളയത്തിലും പമ്പാനദി ഗതിമാറി ഒഴുകിയതോടെയാണ് ശര്‍ക്കര ഗോഡൗണില്‍ വെള്ളം കയറിയത്. ശക്തമായ ഒഴുക്കില്‍ ഷട്ടറിന്റെ അടിവശം ഇളകിമാറുകയും ചെയ്തു.
സന്നിധാനത്തെ ശര്ക്കരശേഖരം കുറയുന്നതിനനുസരിച്ചാണ് പമ്പയിലെ ശര്‍ക്കര ഗോഡൗണില്‍നിന്നു ട്രാക്ടറില്‍ ശര്‍ക്കര കൊണ്ടുപോകുന്നത്. നിലവില്‍ സന്നിധാനത്തുള്ള മൂന്നുലക്ഷം കിലോ ശര്‍ക്കര മാത്രമാണ് സ്റ്റോക്കുള്ളത്. കന്നിമാസ പൂജയ്ക്കു നടതുറക്കുമ്പോള്‍ പമ്പയിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ശര്‍ക്കര സന്നിധാനത്തേക്കു കൊണ്ടുപോകാനിരിക്കെയാണ് ഗോഡൗണില്‍ വെള്ളം കയറിയത്.
അരവണയുടെ കരുതല്‍ ശേഖരത്തിനായി ഒക്ടോബറില്‍ അരവണ നിര്‍മാണം ആരംഭിക്കേണ്ടതുണ്ട്.
ഇതിനായി ലക്ഷക്കണക്കിന് കിലോ ശര്‍ക്കരയാണ് ആവശ്യമായി വരുന്നത്. അതിനാല്‍ ഈ മാസം അവസാനം മുതല്‍ തന്നെ ശര്‍ക്കര സ്റ്റാക്ക് ചെയ്യേണ്ടി വരും. ഇതിനായി വെള്ളം കയറിയ ശര്‍ക്കര നശിപ്പിച്ചശേഷം ഗോഡൗണ്‍ സജ്ജമാക്കുകയും വേണം.