Sunday, November 18, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

പ്രഖ്യാപനപ്രളയം തീര്‍ന്നു; സഹായത്തുരുത്തു തേടി പ്രളയബാധിതര്‍

കോട്ടയം: സര്‍ക്കാരിന്റെയും വിവിധ സ്‌ഥാപനങ്ങളുടെയും സഹായ പ്രഖ്യാപനങ്ങളും പ്രളയജലത്തിനൊപ്പം ഒഴുകിപ്പോയി. വെള്ളം ഒഴിഞ്ഞുപോയെങ്കിലും കരകയറാന്‍ സഹായത്തിന്റെ ഒരു കൈത്താങ്ങിനായി നെട്ടോട്ടത്തിലാണ്‌ ഒട്ടുമിക്ക പ്രളയ ബാധിതരും. വീടുകളില്‍ വെള്ളം കയറിയവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സഹായം പോലും പലര്‍ക്കും കിട്ടിയിട്ടില്ല.
ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ ക്യാമ്പ്‌ വിടുന്നതിനു മുമ്പ്‌ പണം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ധനസഹായത്തിന്‌ അര്‍ഹരായവരുടെ പട്ടികപോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മൂന്നു ലക്ഷത്തോളം പേര്‍ക്കു 10,000 രൂപ ധനസഹായം നല്‍കിയെന്നു സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും അതില്‍ പകുതിക്കേ പണം കിട്ടിയിട്ടുള്ളൂ എന്നു പ്രതിപക്ഷത്തെ നേതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ കൃത്യമായ എണ്ണം പറഞ്ഞാല്‍ മാത്രമേ ഇതു സംബന്ധിച്ച്‌ വ്യക്‌തത ഉണ്ടാകൂ എന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. മംഗളത്തോടു പറഞ്ഞു.
അഞ്ചു ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയ്‌ക്കു കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ സഹായത്തിന്‌ അര്‍ഹതയുണ്ടെന്നാണു കണക്ക്‌. എന്നാല്‍ കണക്കിലെ അവ്യക്‌തത നീക്കാതെ പണം ഇനിയും അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. ഇത്‌ അര്‍ഹരായ ആളുകള്‍ക്കു സഹായം ലഭിക്കുന്നതു വൈകാന്‍ ഇടയാക്കും.സര്‍ക്കാര്‍ സഹായം ബാങ്കുകള്‍ വഴി മാത്രമേ നല്‍കൂ എന്ന സര്‍ക്കാരിന്റെ നിലപാടും തിരിച്ചടിയായി. പ്രളയത്തില്‍ രേഖകളടക്കം നഷ്‌ടപ്പെട്ടവര്‍ എങ്ങനെ ബാങ്ക്‌ രേഖകള്‍ സംഘടിപ്പിക്കുമെന്ന ചോദ്യത്തിന്‌, ബന്ധുക്കളുടെ ബാങ്ക്‌ രേഖകള്‍ സമര്‍പ്പിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ പലര്‍ക്കും ഇതിനു വൈമനസ്യമുണ്ട്‌. അതിനാല്‍ പ്രളയബാധിതര്‍ക്കു മറ്റ്‌ മാര്‍ഗങ്ങളിലൂടെയും ധനസഹായം ഉടന്‍ ലഭ്യമാക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രളയകാലത്ത്‌ സര്‍ക്കാരിനു പുറമേ നിരവധി സ്‌ഥാപനങ്ങള്‍ സഹായവാഗ്‌ദാനങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഇതെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചെങ്കിലും വാഗ്‌ദാനം നടപ്പാക്കേണ്ട ഘട്ടമെത്തിയപ്പോള്‍ പല സ്‌ഥാപനങ്ങളും മുഖം തിരിക്കുകയാണ്‌. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടം സംഭവിച്ചത്‌ ഇലക്‌ട്രിക്‌, ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമാണ്‌. സൗജന്യ സര്‍വീസ്‌ നല്‍കുമെന്നും വാറന്റിയുളള ഉപകരണങ്ങള്‍ മാറ്റിക്കൊടുക്കുകയോ നന്നാക്കിക്കൊടുക്കുകയോ ചെയ്യുമെന്നും മറ്റുമായിരുന്നു പല കമ്പനികളുടെയും വാഗ്‌ദാനം. തകരാര്‍ സംഭവിച്ച ഉപകരണങ്ങളുമായി എത്തുന്നവര്‍ക്കു സൗജന്യ സര്‍വീസിന്റെ സമയം കഴിഞ്ഞെന്നാണ്‌ ഇപ്പോള്‍ പല കമ്പനികളും മറുപടി നല്‍കുന്നത്‌.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW