Saturday, April 20, 2019 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

സ്വവര്‍ഗലൈംഗികത കുറ്റകരമല്ല: സുപ്രീം കോടതി മാരിവില്‍ നീതി

uploads/news/2018/09/246552/1.jpg

ന്യൂഡല്‍ഹി: ലൈംഗികഭിന്നതകളെ നിയമപരമായി അംഗീകരിച്ച്‌ സുപ്രീം കോടതിയുടെ ചരിത്രവിധി. സ്വവര്‍ഗലൈംഗികത നിയമവിധേയമാണെന്നു പ്രഖ്യാപിച്ച സുപ്രീം കോടതി ഒന്നരനൂറ്റാണ്ട്‌ പഴക്കമുള്ള ബ്രിട്ടിഷ്‌ നിയമം ഐ.പി.സി-377 ഭാഗികമായി റദ്ദാക്കി.
സുപ്രീം കോടതിയുടെ മുന്‍നിലപാട്‌ തിരുത്തിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഏകകണ്‌ഠമായ സുപ്രധാനവിധി. ജസ്‌റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്‌, ആര്‍.എഫ്‌.നരിമാന്‍, ഇന്ദു മല്‍ഹോത്ര, എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങള്‍. സ്വവര്‍ഗലൈംഗികത മാനസികപ്രശ്‌നമല്ലെന്നു ശാസ്‌ത്രവിധികള്‍ ചൂണ്ടിക്കാട്ടി പ്രഖ്യാപിച്ച സുപ്രീം കോടതി ലൈംഗികതയുടെ പേരിലുള്ള വേര്‍തിരിവ്‌ ഭരണഘടനാലംഘനമാണെന്ന്‌ ഓര്‍മിപ്പിച്ചു. സ്‌ത്രീ, പുരുഷന്‍, മൃഗങ്ങള്‍ എന്നിവയുമായി പ്രകൃതിയുടെ നിശ്‌ചയത്തിനു വിരുദ്ധമായുള്ള ലൈംഗികത ക്രിമിനല്‍ കുറ്റമായാണ്‌ 1861ല്‍ കൊണ്ടുവന്ന 377-ാം വകുപ്പ്‌ നിര്‍ണയിച്ചിരുന്നത്‌. ഈ നിയമമാണ്‌ സ്വവര്‍ഗരതിയും ഇന്ത്യയില്‍ കുറ്റകരമാക്കിയത്‌. 377ല്‍ ഇതുസംബന്ധിച്ച വ്യവസ്‌ഥകള്‍ ഭരണഘടനാവിരുദ്ധമെന്നു വിലയിരുത്തി കോടതി ഭാഗികമായി റദ്ദാക്കി. പൊതുധാര്‍മികതയെയും മാന്യതയെയും നിരാകരിക്കാതെ പ്രായപൂര്‍ത്തിയായവര്‍ പരസ്‌പരസമ്മതത്തോടെ സ്വകാര്യഇടത്തില്‍ നടത്തുന്ന ഏതുതരത്തിലുള്ള ലൈംഗികപ്രവൃത്തികളും സ്വവര്‍ഗമെന്നോ അല്ലെന്നോയുള്ള വേര്‍തിരിവില്ലാതെ നിയമവിധേയമാണെന്നു സുപ്രീംകോടതി പ്രഖ്യാപിച്ചു. അതേസമയം പ്രായപൂര്‍ത്തിയാകാത്തവരുമായും മൃഗങ്ങളുമായുള്ള ലൈംഗികത കുറ്റമാക്കുന്ന 377ലെ വകുപ്പുകള്‍ തുടരും. വ്യക്‌തിസ്വാതന്ത്ര്യത്തോടുള്ള ബഹുമാനമാണ്‌ സ്വാതന്ത്ര്യത്തിന്റെ സത്ത. ലൈംഗികന്യൂനപക്ഷങ്ങള്‍ക്കും(എല്‍.ജി.ബി.ടി) തുല്യമായ ഭരണഘടനാഅവകാശങ്ങളുണ്ട്‌-കോടതി വ്യക്‌തമാക്കി. ഞാന്‍ എന്താണോ അതാണു ഞാന്‍. എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കുക" എന്ന ജര്‍മന്‍ ചിന്തകന്‍ ഗോഥെയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര വിധിപ്രസ്‌താവം നടത്തിയത്‌.
സമൂഹത്തിന്റെ മൂല്യങ്ങള്‍ വ്യക്‌തിസ്വാതന്ത്ര്യത്തെ ഹനിക്കരുത്‌. വൈവിധ്യത്തിന്റെ ശക്‌തി മാനിക്കപ്പെടണം. ജനാധിപത്യത്തെ കാത്തു സംരക്ഷിക്കുന്നതുപോലെ സ്വകാര്യതയും കാത്തു സംരക്ഷിക്കണം. മാനവികതയ്‌ക്കുവേണ്ടി സ്വവര്‍ഗാനുരാഗികള്‍ക്ക്‌ പ്രതീക്ഷയുടെ മഴവില്ല്‌ വേണം. നാട്യത്തിലൂടെയല്ലാതെ മാന്യമായി ജീവിക്കാന്‍ അവരെ അനുവദിക്കണം. ലൈംഗികാഭിമുഖ്യം ജന്മനാ ഉണ്ടാകുന്നതാണ്‌. അതിനാല്‍ ലൈംഗികതയില്‍ ഭയപ്പാടോടെ ജീവിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രണയം ആരോടു തോന്നുന്നു എന്നത്‌ നിയന്ത്രിക്കേണ്ട കാര്യമല്ലെന്നും വിധിയില്‍ വ്യക്‌തമാക്കുന്നു.
നര്‍ത്തകി നവതേജ്‌ സിങ്‌ ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ്‌ തുടങ്ങിയവരാണ്‌ 377-ാം വകുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്‌. ഇതടക്കം 2016-ല്‍ ലഭിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ഒന്നിച്ചാണു പരിഗണിച്ചത്‌. 2009 ജൂലൈയില്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കിയെങ്കിലും 2013 ഡിസംബര്‍ 11ന്‌ ജസ്‌റ്റിസ്‌ ജി.എസ്‌. സിംഗ്‌വി അധ്യക്ഷനായ സുപ്രീം കോടതി രണ്ടംഗബെഞ്ച്‌ ഇതു റദ്ദാക്കിയിരുന്നു.
നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി വിധി. രാജ്യത്തു വലിയ ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കിയ ഈ വിധിക്കെതിരേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളടക്കം സുപ്രീം കോടതി തള്ളിയിരുന്നു.

ചരിത്രവിധി: അഞ്ചംഗ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര
ജസ്‌റ്റിസ്‌ എ.എം. ഖാന്‍വില്‍ക്കര്‍

രാജ്യത്ത്‌ മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്വവര്‍ഗാനുരാഗികള്‍ക്കും ഉണ്ട്‌. 377-ാം വകുപ്പ്‌ ലൈംഗികന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താനും ചൂഷണം ചെയ്യാനും ഉപദ്രവിക്കാനുമാണ്‌ ഉപയോഗിച്ചത്‌. ലൈംഗികത സ്വകാര്യതയുടെ ഒഴിവാക്കാനാകാത്ത ഘടകമാണ്‌.
ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌

പ്രകൃതിവിരുദ്ധം എന്താണെന്നു നിശ്‌ചയിക്കേണ്ടത്‌ ഭരണകൂടമല്ല. സ്വവര്‍ഗാനുരാഗികള്‍ക്ക്‌ സ്വന്തം സ്വത്വത്തില്‍ സ്വാഭിമാനത്തോടെ ജീവിക്കാനും പങ്കാളിയെ തെരഞ്ഞെടുക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്‌. ലൈംഗികതയുടെ പേരിലുള്ള വേര്‍തിരിവ്‌ മൗലീകാവകാശം 15(1)ന്റെ ലംഘനമാണ്‌.

ജസ്‌റ്റിസ്‌ രോഹിന്‍ടണ്‍
എഫ്‌. നരിമാന്‍
ഭരണഘടനയുണ്ടാകുന്നതിനുമുമ്പുണ്ടായ ഇന്ത്യന്‍ പീനല്‍ കോഡ്‌ പോലുള്ള നിയമങ്ങള്‍ക്ക്‌ സ്വഭാവികമായ ഭരണഘടനാസാധുത ഉണ്ടെന്നു കരുതാനാകില്ല . ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമൂഹിക മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങണം.

ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര

സ്വവര്‍ഗാനുരാഗികളോടും അവരുടെ കുടുംബത്തോടും നൂറ്റാണ്ടുകളായി തുടര്‍ന്ന നീതിനിഷേധത്തിന്‌ ചരിത്രം മാപ്പുപറയണം. സ്വവര്‍ഗാനുരാഗം രോഗമല്ല, മാനവിക ലൈംഗികതയുടെ വകഭേദം മാത്രമാണ്‌.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW