പാലക്കാട് : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് നല്കിയ പരാതിയില്‍ ഡിവൈഎഫ്ഐ നേതാവായ വനിത ഉറച്ചു നില്ക്കുന്നു. പാര്‍ട്ടിക്ക് നാണക്കേടാകുമെന്ന് തിരിച്ചറിഞ്ഞ് പ്രാദേശിക തലത്തില്‍ തന്നെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച പാര്‍ട്ടി ഉന്നതരുടേയും പാര്‍ട്ടിയിലെ മുതിര്‍ന്നവരുടേയുമെല്ലാം വായ മറുചോദ്യം ഉയര്‍ത്തി യുവതി അടപ്പിച്ചിരിക്കുകയാണ്.
ഇക്കാര്യത്തില്‍ നടന്ന ഏരിയാകമ്മറ്റി തീരുമാനം അനുസരിച്ച് സംസാരിക്കാന്‍ വീട്ടിലെത്തിയ മുതിര്‍ന്ന അംഗങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കാണ് ഈ അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തു ചെയ്യും എന്ന യുവതിയുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ പിന്‍വാങ്ങേണ്ടി വന്നു. പരാതിക്കാരിയെ നേരില്‍ കണ്ടു സമ്മര്‍ദം ചെലുത്തുന്നതിനായി ഏരിയാകമ്മറ്റി ചുമതലപ്പെടുത്തിയവരായിരുന്നു ഇവര്‍.
പിറ്റേന്ന് തന്നെ ഇത്തരം ഒരു ആരോപണം പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കുമെന്നും പാര്‍ട്ടിക്ക് കുഴപ്പമുണ്ടാകാതിരിക്കാന്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് വന്നത് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലെ ആള്‍ക്കാരായിരുന്നു. എന്നാല്‍ കണ്ണൂരിലെ നേതാവിനെതിരേ നടപടിയുണ്ടായിട്ടും പാര്‍ട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ എന്നായിരുന്നു യുവതിയുടെ മറുചോദ്യം. ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലെ രണ്ടു പേരുടെ അനുനയ ശ്രമത്തില്‍ വിഷയം പുറത്തുവന്നാല്‍ അപകീര്‍ത്തിയാകുമെന്നും പാര്‍ട്ടിക്കു പരിക്കേല്‍പ്പിക്കാതെ പിന്മാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമാനമായ പരാതിയില്‍ കണ്ണൂരിലെ നേതാവിനെതിരെ നടപടി ഉണ്ടായപ്പോള്‍ പാര്‍ട്ടിക്കൊന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു യുവതിയുടെ മറുചോദ്യം.
പാര്‍ട്ടിയിലെ ഉയര്‍ന്ന സ്ഥാനവും പണവും വാഗ്ദാനം ചെയ്തിട്ടും യുവതി പരാതിയില്‍ ഉറച്ചു നിന്നു. സഹകരണ സ്ഥാപനത്തില്‍ ജോലിയുള്ള വിശ്വസ്തനെ ഉപയോഗിച്ചാണ് പണം വാഗ്ദാനം ചെയ്തത്. സംഭവം പുറത്തായതിനു ശേഷം പ്രശ്നത്തില്‍ യുവതിക്ക പിന്തുണ നല്‍കിയവരുമായി നടന്ന ചര്‍ച്ചയും പരാജയമാകുകയായിരുന്നു. തനിക്കെതിരേ ഗൂഡാലോചന നടക്കുന്നെന്നും പാര്‍ട്ടിയെ പ്രശ്നം ബാധിക്കുമെന്നും പറഞ്ഞ് പി കെ ശശി തന്നെയാണ് ഓഗസ്റ്റ് 25 ന് നടന്ന ഏരിയാ കമ്മിറ്റിയില്‍ യുവതിയെ പ്രശ്നം ഒത്തുതീര്‍ക്കാന്‍ ആവശ്യപ്പെടണമെന്ന് പറഞ്ഞ് രണ്ടു പേരെ ചുമതലപ്പെടുത്തിയത്.
വിഷയം കേന്ദ്രനേതൃത്വത്തിന്റെ കൂടി ശ്രദ്ധയില്‍ പെട്ടതോടെ എങ്ങിനെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമിത്താലാണ് സംസ്ഥാന ഘടകം. പരാതിക്കാരി പൊലീസിനെ സമീപിച്ചാല്‍ സ്ത്രീത്വത്തെ അപമാനിച്ചതിനു എംഎല്‍എയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. നിയമസഭയുടെയും സ്പീക്കറുടെയും പ്രത്യേക സംരക്ഷണം എംഎല്‍എയ്ക്ക് ഇക്കാര്യത്തില്‍ ലഭിക്കുമെന്നു കരുതാനാവില്ല.
ജാമ്യം കിട്ടാന്‍ വരെ പ്രയാസമുള്ള കേസായി ഇത് മാറുകയും ചെയ്യും. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി ജില്ലാതലത്തില്‍ തന്നെ പറഞ്ഞുതീര്ത്തില്ലെന്ന രോഷമാണു സിപിഎം നേതൃത്വത്തിന്റേത്. മാസങ്ങള്‍ക്കു മുന്‍പു നടന്ന സംഭവം ഇപ്പോള്‍ പരാതിയായതിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയുണ്ടോ എന്ന പരിശോധനയും നേതാക്കള്‍ നടത്തുന്നു. ഒരിക്കല്‍ വിഎസ് പക്ഷത്തിനു കടുത്ത സ്വാധീനമുണ്ടായിരുന്ന പാലക്കാട്ട് വിഭാഗീയതയുടെ തുരുത്തുകളുണ്ടെന്നാണു കഴിഞ്ഞ ജില്ലാ സമ്മേളന വേളയില്‍ വിലയിരുത്തപ്പെട്ടത്. ഔദ്യോഗിക പക്ഷത്തെ പ്രധാനികളിലൊരാളായ ശശി പാര്‍ട്ടിയില്‍ തന്നെ ഏറെ ശത്രുക്കളെ സമ്പാദിക്കുയും ചെയ്തിട്ടുണ്ട്.