Thursday, September 06, 2018 Last Updated 27 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.12 AM

ആഘോഷങ്ങള്‍ ചെലവ്‌ കുറച്ച്‌ നടത്തണം

uploads/news/2018/09/246343/editorial.jpg

പ്രളയ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ കേരളത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്കു നിര്‍ത്തിവച്ചത്‌ സംസ്‌ഥാനത്തിന്റെ പ്രതിച്‌ഛായയെ ബാധിക്കാന്‍ ഇടയുണ്ട്‌. രാജ്യാന്തര ചലച്ചിത്രോത്സവം, സംസ്‌ഥാന സ്‌കൂള്‍ യുവജനോത്സവം, സര്‍വകലാശാലാ യുവജനോത്സവങ്ങള്‍, മറ്റ്‌ ആഘോഷങ്ങള്‍ എന്നിവ ഒരു വര്‍ഷത്തേക്ക്‌ ഒഴിവാക്കാനാണു പൊതുഭരണ വകുപ്പ്‌ ഉത്തരവിറക്കിയത്‌. ഈ ആഘോഷങ്ങള്‍ക്കുവേണ്ടി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്നും നിര്‍ദേശമുണ്ട്‌. പ്രളയത്തിനുശേഷം ആലപ്പുഴയിലെ നെഹ്‌റുട്രോഫി വള്ളം കളിയും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളും സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ കീഴിലുള്ള സമാനമായ എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്‌. സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ചുള്ള എല്ലാ മേളകള്‍ക്കും വിലക്ക്‌ ബാധകമാണ്‌.

ഈ ഉത്തരവ്‌ ജനങ്ങള്‍ക്ക്‌ മാത്രമല്ല, മന്ത്രിമാര്‍ക്കുപോലും അത്ഭുതമാണു സമ്മാനിച്ചത്‌. മുഖ്യമന്ത്രി ചികിത്സയ്‌ക്കായി അമേരിക്കയിലേക്കു പോയതിനു തൊട്ടുപിന്നാലെയാണ്‌ ഉത്തരവിറങ്ങിയത്‌. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ മന്ത്രിമാരെ അറിയിക്കുകയോ ചെയ്യാതെയാണ്‌ ഉത്തരവിറങ്ങിയത്‌ എന്നതിനാല്‍ മന്ത്രിമാര്‍ ഈ ഉത്തരവില്‍ അതൃപ്‌തി പ്രകടിപ്പിച്ചത്‌ കൂട്ടുത്തരവാദിത്തം ഇല്ലായ്‌മയുടെ പ്രകടമായ ഉദാഹരണമായി.

രാജ്യാന്തരതലത്തില്‍ പ്രശസ്‌തമാണു കേരളത്തിലെ ചലച്ചിത്രോത്സവം. അടുത്ത ഡിസംബറില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തിന്‌ തീയതികള്‍ പ്രഖ്യാപിക്കുകയും നടപടിക്രമം ആരംഭിക്കുകയും ചെയ്‌തിട്ടുള്ളതാണ്‌. ഇതുസംബന്ധിച്ച്‌ മന്ത്രി എ.കെ. ബാലന്‍ ചലച്ചിത്ര അക്കാഡമി അധികാരികളുടെ യോഗം വിളിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഉത്തരവിറങ്ങിയത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ സിനിമാ പ്രവര്‍ത്തകരടക്കം പങ്കെടുക്കുന്ന ചലച്ചിത്രോത്സവം സംബന്ധിച്ച്‌ ആലോചിക്കുന്ന വേളയില്‍ അതിന്റെ സംഘാടകനായ മന്ത്രിസഭാംഗംപോലും അറിയാതെ ഇത്തരം തീരുമാനം ഉണ്ടാവുകയും ഉത്തരവിറക്കുകയും ചെയ്‌തത്‌ അത്ഭുതാവഹമാണ്‌.

സര്‍ക്കാര്‍ തീരുമാനപ്രകാരം ഒഴിവാക്കപ്പെടുന്ന കേരള ട്രാവല്‍ മാര്‍ട്ട്‌ നടത്താന്‍ തന്നെയാണു ടൂറിസം വകുപ്പിന്റെ തീരുമാനം. ചലച്ചിത്രോത്സവം പോലെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു പ്രതിനിധികള്‍ പങ്കെടുക്കുന്ന കേരള ട്രാവല്‍ മാര്‍ട്ട്‌ നടത്താനുള്ള ആലോചന സ്വാഗതാര്‍ഹമാണ്‌. രാജ്യാന്തര റേറ്റിങ്ങിനെ ബാധിക്കുമെന്നതിനാല്‍ ചലച്ചിത്രോത്സവം ഒഴിവാക്കാന്‍ ചലച്ചിത്ര അക്കാഡമി മടികാണിക്കുന്നു. യുവജനോത്സവങ്ങളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തിവരികയാണ്‌. യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ അവസാന അവസരം മാത്രമുള്ള വിദ്യാര്‍ഥികളടക്കം ഈ തീരുമാനത്തില്‍ നിരാശയിലുമാണ്‌. അവരുടെയൊക്കെ മാസങ്ങള്‍ നീണ്ട പരിശീലനത്തെ നിഷ്‌ഫലമാക്കുകയാണ്‌ ഈ തീരുമാനം. ഗ്രേസ്‌ മാര്‍ക്ക്‌ കിട്ടുന്നത്‌ മാത്രമല്ല യുവജനോത്സവത്തിന്റെ ലക്ഷ്യം എന്നതുകൊണ്ട്‌ ഉത്സവനടത്തിപ്പ്‌ സംബന്ധിച്ച്‌ ഗൗരവതരമായ ചര്‍ച്ച നടത്തേണ്ടിയിരിക്കുന്നു. ഉത്സവങ്ങളെല്ലാം വേണ്ട എന്നുവയ്‌ക്കുന്നത്‌ കേരളം ആകെ തകര്‍ന്നു എന്ന പ്രതിച്‌ഛായയാകും പരത്തുക. ഇതു ടൂറിസം, അടിസ്‌ഥാന സൗകര്യ വികസനം, ബിസിനസ്‌, നിക്ഷേപങ്ങള്‍ എന്നിവയില്‍ തിരിച്ചടിയാകും. അതിനാല്‍ ചെലവ്‌ പരമാവധി കുറച്ചുകൊണ്ട്‌ ഈ ഉത്സവങ്ങള്‍ നടത്താനാണു സര്‍ക്കാര്‍ തയാറാകേണ്ടത്‌.

Ads by Google
Thursday 06 Sep 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW