Wednesday, April 24, 2019 Last Updated 27 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.11 AM

സാക്ഷരത: പുനര്‍നിര്‍വചിക്കേണ്ട പാഠങ്ങള്‍

uploads/news/2018/09/246342/bft1.jpg

സെപ്‌റ്റംബര്‍ എട്ട്‌ രാജ്യാന്തര സാക്ഷരതാദിനമായി ആചരിക്കാന്‍ തുടങ്ങിയിട്ട്‌ അരനൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. 1965 സെപ്‌റ്റംബറില്‍ ടെഹ്‌റാനില്‍ നടന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ ലോക സമ്മേളനത്തിലാണ്‌ ഈ ആശയം ഉയര്‍ന്നത്‌. സെപ്‌റ്റംബര്‍ എട്ടിനു സമ്മേളനം നടന്നതിനാല്‍ ഈ ദിനം സാക്ഷരതാ ദിനമായി ആഘോഷിക്കുന്നത്‌.
ഓരോ കാലഘട്ടത്തിന്റെയും വെല്ലുവിളികളെയും ആവശ്യകതയെയും സാക്ഷരതയുടെ പിന്‍ബലത്തോടെ ശക്‌തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലൂന്നിയ മുദ്രാവാക്യങ്ങള്‍ക്കാണ്‌ ഈ ദിനാചരണങ്ങളില്‍ പ്രാമുഖ്യം. 2017ല്‍ ഡിജിറ്റല്‍ സാക്ഷരതയായിരുന്നു മുഖ്യപ്രമേയം. ഈ വര്‍ഷം സാക്ഷരതയും തൊഴില്‍ നൈപുണ്യവുമാണ്‌.
ഈ വര്‍ഷത്തെ സാക്ഷരതാ മുദ്രാവാക്യത്തിന്‌ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്‌തിയുണ്ട്‌. സാക്ഷരതയെയും സാങ്കേതിക പരിജ്‌ഞാനത്തെയും പ്രവൃത്തി പരിചയത്തെയും തൊഴില്‍ സാധ്യതകളെയും സംരംഭകത്വ മികവുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ കാഴ്‌ചപ്പാട്‌ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതക്ക്‌ വളരെയേറെ പ്രസക്‌തിയുണ്ട്‌. എന്നാല്‍ അതിനാവശ്യമുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ നമുക്ക്‌ കഴിയുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ നയങ്ങളിലും തന്ത്രങ്ങളിലും മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു.
മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു വിഭിന്നമായി നമ്മുടെ സംസ്‌ഥാനം സാക്ഷര പ്രവര്‍ത്തനങ്ങള്‍ എന്നേ ആരംഭിച്ചുകഴിഞ്ഞതാണ്‌. 1987ല്‍ തന്നെ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാം ആരംഭിച്ചതാണ്‌. ഇന്ത്യയില്‍ ദേശീയതലത്തില്‍ സമ്പൂര്‍ണ സാക്ഷരതാ മിഷന്‍ ആരംഭിക്കുന്നതിനും മുന്‍പുതന്നെ സമ്പൂര്‍ണ സാക്ഷരതയെന്ന ആശയത്തിന്‌ നമ്മള്‍ വിത്തുപാകിക്കഴിഞ്ഞിരുന്നു. അതിന്റെ ഫലമായിരുന്നു 1991ല്‍ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തുവച്ച്‌ മലപ്പുറം കാവനൂര്‍ സ്വദേശിയായ ചേലക്കോടന്‍ ആയിഷ നടത്തിയ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം. ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്‌ഥാനമെന്ന ഖ്യാതി നാം നേടി. 2011 സെന്‍സസ്‌ പ്രകാരം 93.1% ആണ്‌ നമ്മുടെ സാക്ഷരത നിരക്ക്‌. ദേശീയ ശരാശരി 74 % മാത്രമാണ്‌.
ലിംഗ സമത്വബോധന പരിപാടിയുടെ സാധ്യതകള്‍ കേരളത്തില്‍ കൂടുതലാണ്‌. പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും ഉള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലയളവില്‍. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ പെണ്‍കുട്ടികളുടെ സാന്നിദ്ധ്യം കൂടുതലാണ്‌. എല്ലാ രംഗത്തും അവരുടെ സ്വാധീനവും പങ്കാളിത്തവും വര്‍ധിച്ചുവരുന്നത്‌ നല്ല ലക്ഷണമാണ്‌. പക്ഷേ, അതോടൊപ്പം അവര്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ചു പ്രതിരോധത്തെക്കുറിച്ചും ഉള്ള ബോധവല്‍കരണം ഇന്നു ഫലപ്രാപ്‌തിയിലെത്തിയിട്ടില്ല. വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ക്ക്‌ തൊഴില്‍ നൈപുണ്യത്തിന്റെ സാക്ഷരതാ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ സാക്ഷരതയുടെ പുനര്‍നിര്‍വചനങ്ങള്‍ ഈ രംഗങ്ങളില്‍ ആവശ്യമായി വരുന്നു.
വായനയും എഴുത്തും എന്നതിനപ്പുറം ജീവിതത്തിന്റെ പാഠങ്ങള്‍ കൂടിയാവണം സാക്ഷരതാ പ്രവര്‍ത്തനമെന്നു നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ അറിവുകള്‍ പ്രായോഗികതലത്തില്‍ ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പര്യാപ്‌തമല്ലായെന്നത്‌ നമ്മള്‍ കഴിഞ്ഞ നാളുകളില്‍ കണ്ടുകഴിഞ്ഞു.
പ്രളയബാധിതരെ രക്ഷിക്കാന്‍ നേവിയും മറ്റും കടന്നുവന്നപ്പോഴും പ്രാദേശികമായ അറിവുകളാണ്‌ ഒട്ടനവധി സ്‌ഥലങ്ങളില്‍ കടന്നുചെല്ലാനും രക്ഷാപ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ നടത്താനും സഹായിച്ചത്‌. രക്ഷിക്കണമെന്ന അഭ്യര്‍ത്ഥന ചാനലിലൂടെ നല്‍കിയ സുഹൃത്തിനുപോലും സ്വന്തം താമസ സ്‌ഥലത്തിന്റെ അടയാളങ്ങള്‍ കൃത്യമായി പറയാന്‍ കഴിയാതെ പോകുമ്പോള്‍ സാക്ഷരതയുടെ അര്‍ത്ഥവും വ്യാപ്‌തിയും ഇനിയും വര്‍ധിക്കേണ്ടിയിരിക്കുന്നു എന്നെനിക്ക്‌ തോന്നുന്നു.
നിരക്ഷരത എന്നാല്‍ ഏതുവിഷയത്തെ സംബന്ധിച്ചും സാമാന്യജ്‌ഞാനമില്ലാത്ത ആള്‍ ആ വിഷയത്തില്‍ നിരക്ഷരനാണ്‌ എന്നു നിരക്ഷരതയെ പുനര്‍നിര്‍വ്വചിക്കേണ്ടിരിക്കുന്നു. കേരളം നേരിടുന്ന അടിസ്‌ഥാന പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ സാധാരണ ജനങ്ങള്‍ക്ക്‌ വ്യക്‌തവും ശക്‌തവും ശാസ്‌ത്രീയവുമായ ജനകീയ അറിവ്‌ പങ്കുവയ്‌ക്കാന്‍ കഴിയുന്നതിലൂടെ മാത്രമേ കേരളത്തെ പുനര്‍സ്യഷ്‌ടിക്കാന്‍ കഴിയു. അതിനായി എല്ലാവര്‍ക്കും സാമൂഹിക വിദ്യാഭ്യാസം എന്ന പദ്ധതി നടപ്പാക്കേണ്ടിയിരിക്കുന്നു. കാലാവസ്‌ഥാ വ്യതിയാനം ദുരന്തനിവാരണം, പാരിസ്‌ഥിതികപ്രശ്‌നങ്ങള്‍ അണക്കെട്ടുകള്‍, നദികള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍, ഭൂഘടന, ആവാസവ്യവസ്‌ഥ, കെട്ടിടങ്ങളുടെ ഘടന, (വെളളപ്പൊക്ക മേഖലയില്‍ രണ്ടാംനിലകളില്‍ അടുക്കള അടക്കമുളള ക്രമീകരിക്കണം (ഇപ്പോള്‍ താഴത്തെനിലയിലാണു ക്രമീകരിച്ചിരിക്കുന്നത്‌) ഇങ്ങനെ ഏതു പ്രക്യതി ദുരന്തത്തിലും അതിജീവനശേഷി പകര്‍ന്നു നല്‍കാന്‍ കഴിയുന്ന വിദ്യാഭ്യാസരീതിയാണു സാമൂഹിക വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടേണ്ടത്‌.
നിയമങ്ങളെയും ചട്ടങ്ങളെയും സംബന്ധിച്ച സാമാന്യമായ അറിവില്ലായ്‌മ ഒരു തരത്തില്‍ നിരക്ഷരതയല്ലേ? ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുടെ കാര്യകാരണങ്ങളെ കണ്ടെത്താനും വിശകലനം ചെയ്യാനും പരിഹരിക്കാനും കഴിയാതെവരുന്ന അഭ്യസ്‌തവിദ്യരുടെ അവസ്‌ഥയെയും നിരക്ഷരതയുടെ അര്‍ത്ഥത്തില്‍ കൂട്ടിവായിക്കേണ്ടതല്ലേ? പാത്രങ്ങളിലെ ജലം മുക്കിക്കുടിച്ച ഏറെ വിദ്യാഭ്യാസമില്ലാത്ത തലമുറയില്‍നിന്നു പൈപ്പിലൂടെ അനാവശ്യമായി തുറന്നുവിട്ട്‌ കുടിക്കുന്ന അവസ്‌ഥയില്‍ ജീവിക്കുന്ന പുതിയ കാലത്തിലെ വ്യക്‌തിയിലെത്തി നില്‍ക്കുന്ന അവസ്‌ഥയില്‍ ആരാണ്‌ യഥാര്‍ത്ഥ സാക്ഷരന്‍ എന്നത്‌ ഒരു ചോദ്യമല്ലേ?
സര്‍ക്കാരിന്റെ നാല്‌ വികസന മിഷനുകളെ സംബന്ധിച്ച്‌ വ്യക്‌തമായ അറിവു പകരുന്ന കേന്ദ്രങ്ങളായി സാക്ഷരതാ മിക്ഷന്‍ തുടര്‍വിദ്യാകേന്ദ്രങ്ങളെ മാറ്റണം. അതിനായി തുടര്‍വിദ്യാകേന്ദ്രങ്ങളെ ഇത്തരം പദ്ധതികളുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഫെസിലിറ്റി സെന്ററുകളായി മാറ്റുന്നതിലൂടെ വികസനസാക്ഷരത പരിപൂര്‍ണതയിലെത്തിക്കാനാകും
കവി കൂടിയായ വി. മധുസൂദനന്‍ നായര്‍ നേതൃത്വം നല്‍കുന്ന മലയാളം പള്ളിക്കൂടത്തില്‍ കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്‌ണനും, ആര്‍ട്ടിസ്‌റ്റ്‌ നമ്പൂതിരിയും കുട്ടികള്‍ക്ക്‌ തൈരു കടയുന്നത്‌ കാണിച്ചുകൊടുക്കുന്ന ഒരു ചിത്രം കാണാനിടയായി. നാട്ടറിവുകളും നാട്ടുശീലങ്ങളും പഴമൊഴികളും പഴഞ്ചൊല്ലുകളും കുറിച്ചിട്ടുപോയ നമ്മുടെ വിജ്‌ഞാനത്തിന്റെയും മനുഷ്യത്വത്തിന്റെയും നന്മകള്‍ കടഞ്ഞെടുക്കുന്ന ഒരു കാലത്തിന്റെ സ്വപ്‌നമാണ്‌ ആ ചിത്രം കണ്ടപ്പോള്‍ എനിക്ക്‌ തോന്നിയത്‌. അതുകൊണ്ടുതന്നെ സാക്ഷരതയില്‍ ഒരു പുനര്‍വായനയുടെ അംശംകൂടി സംയോജിപ്പിക്കേണ്ടതുണ്ട്‌.
സമൂഹത്തെ മനസിലാക്കാന്‍ കഴിയുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം നല്‍കുന്ന സാക്ഷരതയാകണം ഇനി നാം മുമ്പോട്ട്‌ വയ്‌ക്കേണ്ട ലക്ഷ്യം. നമുക്കെത്ര അണക്കെട്ടുകളുണ്ടെന്നു പി.എസ്‌.സി. പരീക്ഷയ്‌ക്ക്‌ കാണാതെ പഠിച്ചവര്‍ക്കപ്പുറം പ്രളയകാലത്താണതിന്റെ എണ്ണവും ലക്ഷ്യവും ഭൂരിഭാഗത്തിനും മനസിലായത്‌. ഓറഞ്ച്‌ അലേര്‍ട്ടും, റെഡ്‌ അലേര്‍ട്ടുമൊക്കെ പുതിയ മലയാള ചിത്രങ്ങളുടെ പേരുകള്‍ക്ക്‌ യോജിക്കുന്നതിനപ്പുറം അതിന്റെ വിശദാംശങ്ങളേയും അതല്ലെങ്കില്‍ അതിനോടനുബന്ധിച്ച നടപടിക്രമങ്ങളേക്കുറിച്ചും ഞാനുള്‍പ്പെടെയുള്ള ഭൂരിപക്ഷത്തിനും അറിയാമെന്നു കരുതുന്നില്ല. എലിപ്പനി പകരാതിരിക്കാന്‍ പ്രതിരോധ മരുന്ന്‌ കഴിക്കണമെന്നു നിഷ്‌കര്‍ഷിക്കുമ്പോഴും അതില്‍ കാണിക്കുന്ന ഉദാസീനതയെ നിരക്ഷരതയെന്നല്ലാതെ എന്തു വിളിക്കാന്‍?
സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ നടുറോഡില്‍ തള്ളുന്ന മലയാളി നൂറും ശതമാനം സാക്ഷരനാണെന്ന വാദത്തിന്‌ എന്തു കഴമ്പാണുള്ളത്‌? പൗരാവകാശവും വിവരാവകാശവും ആരുടെയും ഔദാര്യമല്ലെന്ന ബോധം സൃഷ്‌ടിക്കാന്‍ കഴിയാതെ സാക്ഷരനെന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണമാകുമോ? മഡഗാസ്‌കറിലെ വെള്ളക്കെടുതിമൂലം വാനിലയ്‌ക്കു വില കൂടിയപ്പോള്‍ ഉള്ള സ്‌ഥലത്തു മുഴുവന്‍ വാനിലവച്ച്‌ നഷ്‌ടം ഉണ്ടാക്കിയ കര്‍ഷകരുടെ കാര്‍ഷിക സാക്ഷരതയെ ഏതു പട്ടികയില്‍പ്പെടുത്തണം.
പരിസ്‌ഥിതി ബോധത്തിന്റെ ബാലപാഠങ്ങള്‍ പോലും തിരിച്ചറിയാതെവരും കാലങ്ങളിലെ കാലാവസ്‌ഥാ വ്യതിയാനങ്ങളെയും പ്രകൃതി ക്ഷോഭങ്ങളെയും സര്‍വകലാശാലാ ബിരുദങ്ങളുടെ എണ്ണക്കണക്കില്‍ നമുക്ക്‌ നേരിടാന്‍ കഴിയുമോ? അതുകൊണ്ടു തന്നെ സാക്ഷരതയുടെ നിര്‍വചനങ്ങള്‍ മാറേണ്ടിയിരിക്കുന്നു. ജീവിതത്തെയും സമൂഹത്തെയും നിലനിര്‍ത്താനാവശ്യമായ പാഠങ്ങള്‍ പഠിക്കുന്നതില്‍ നമ്മള്‍ നൂറുശതമാനം സാക്ഷരരാണെന്നു പറയാന്‍ കഴിയില്ല. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അത്തരം സാക്ഷര ചിന്തകള്‍ കൂടി നമുക്ക്‌ ആര്‍ജിക്കേണ്ടിയിരിക്കുന്നു.

Ads by Google
Thursday 06 Sep 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW