Thursday, January 24, 2019 Last Updated 35 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.10 AM

കരുതലോടെ നിര്‍മിക്കാം നവകേരളം , റോഡുകള്‍ നന്നാക്കണം; ടൂറിസം തിരിച്ചുവരും

uploads/news/2018/09/246341/bft2.jpg

"ദുരന്തമുഖത്ത്‌ ഇരകളില്ല, ധീരന്മാര്‍ മാത്രമേയുള്ളൂ". കേരളത്തിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനെത്തിയ വ്യോമസേനാ ഉദ്യോഗസ്‌ഥന്‍ ട്വീറ്റ്‌ ചെയ്‌തത്‌ ഇങ്ങനെ. ഏതു മലയാളിക്കും അഭിമാനം പകരുന്നതാണ്‌ ഈ സന്ദേശം.
നൂറുവര്‍ഷത്തിനകത്തെ ഏറ്റവും വലിയ ദുരന്തത്തെ മലയാളികള്‍ നേരിട്ടത്‌ അങ്ങേയറ്റം ധീരതയോടെയാണ്‌. നവകേരളം നിര്‍മിക്കാന്‍ സര്‍ക്കാരിനും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വ്യവസായങ്ങള്‍ക്കും സഹായകരമാകുന്നത്‌ ഈ ധീരത തന്നെയായിരിക്കും.
നിനച്ചിരിക്കാതെവന്ന ഈ ദുരന്തം ബാക്കിവയ്‌ക്കുന്നതു കെടുതികളും സാമ്പത്തിക ബാധ്യതകളും വലിയ പ്രതിസന്ധികളുമാണ്‌. ഇതിനെ നേരിടുന്നതിനു യാഥാര്‍ഥ്യ ബോധത്തോടെയുള്ള നടപടികളാണുവേണ്ടത്‌.
വരുമാനനഷ്‌ടമുണ്ടാകാതെ നോക്കുക എന്നതിനാണു സംസ്‌ഥാനം പ്രഥമ പരിഗണന നല്‍കേണ്ടത്‌. പ്രളയക്കെടുതിയിലും നശിച്ചുപോകാത്ത വരുമാനസ്രോതസുകള്‍ കണ്ടെത്തി അവയ്‌ക്കാവശ്യമായ പ്രോത്സാഹനം നല്‍കേണ്ടതാണ്‌. ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമൊപ്പംതന്നെ വരുമാനസ്രോതസുകളെ ഉപയോഗപ്പെടുത്തുന്നതിലും സംസ്‌ഥാന സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തണം.
പ്രളയബാധയെത്തുടര്‍ന്നുള്ള പ്രതിസന്ധികളുണ്ടെങ്കിലും സംസ്‌ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാനസ്രോതസായി ടൂറിസം തിരിച്ചുവരികയാണ്‌. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്തിയാല്‍ ടൂറിസം മേഖല കൂടുതല്‍ ശക്‌തമാകും.
നാം പൂര്‍വാധികം ശക്‌തിയോടെ തിരിച്ചുവരുമെന്നു ലോകത്തോടു വിളിച്ചു പറയേണ്ട അവസരമായി ഇതിനെ കാണണം. വ്യവസായ ലോകത്തിന്റെ പൂര്‍ണ പിന്തുണ സര്‍ക്കാരിനു നല്‍കുകയാണു വേണ്ടത്‌. പ്രളയത്തിനുമുന്നില്‍ പകച്ചുനില്‍ക്കാതെ മുന്നോട്ടുതന്നെയാണെന്ന സന്ദേശം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാര്‍ നല്‍കുന്ന ആത്മവിശ്വാസത്തിനു വലിയ പങ്കുണ്ട്‌.
പ്രളയദുരിതാശ്വാസത്തിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ ടൂറിസം വ്യവസായം മികച്ച പിന്തുണയാണു നല്‍കിവരുന്നത്‌. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ട്രാവല്‍ മേളയായ കേരള ട്രാവല്‍ മാര്‍ട്ട്‌ സൊസൈറ്റി പ്രളയ ദുരിതാശ്വാസത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക കര്‍മസേനയ്‌ക്ക്‌ രൂപംനല്‍കിയിട്ടുണ്ട്‌. മൂന്നാറില്‍ മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 1,500 പേരുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു നടപ്പാക്കിയത്‌ ഈ കര്‍മസേനയായിരുന്നു.
വിനോദസഞ്ചാര മേഖലയിലെ 28 സംഘടനകള്‍ ചേര്‍ന്നാണു കര്‍മസേനയ്‌ക്കു രൂപംനല്‍കിയത്‌. ഈ സംഘടനകളുടെ ഒരു ദിവസത്തെ വരുമാനവും അതിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കണമെന്നും കര്‍മസേന ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.
രാജ്യത്തിന്റെ വിവിധ സ്‌ഥലങ്ങളുമായി വാണിജ്യബന്ധങ്ങളുള്ള വ്യവസായമാണു ടൂറിസം. അതിനാല്‍തന്നെ വിവിധ സ്‌ഥലങ്ങളില്‍നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ഏര്‍പ്പാടുചെയ്യാനും ഇതിനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കര്‍മസേന മുന്‍കൈയെടുക്കുന്നുണ്ട്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു അവശ്യസാധനങ്ങള്‍ കേരളത്തിലെത്തിച്ചു വിതരണം ചെയ്യുന്ന ചുമതലയും ഈ കര്‍മസേന നിര്‍വഹിക്കുന്നു.
പ്രളയ ദുരിതാശ്വാസത്തോടൊപ്പംതന്നെ പ്രാധാന്യം വരുമാനസ്രോതസുകള്‍ക്കും നല്‍കേണ്ടതിന്റെ ആവശ്യകത ഏറ്റവുമധികം പ്രായോഗികമാകുന്നത്‌ ടൂറിസം മേഖലയിലാണെന്നു നിസംശയം പറയാം. ഇവിടെയെത്തുന്ന വിദേശടൂറിസ്‌റ്റുകള്‍ അതതു രാജ്യങ്ങളുടെ അംബാസഡര്‍മാരാണെന്നു കരുതിക്കൊണ്ടുള്ള പ്രവര്‍ത്തനമാണു നടത്തേണ്ടത്‌. വിദേശമലയാളികള്‍ കേരളത്തിന്റെ മാര്‍ക്കറ്റിങ്‌ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കേണ്ട അവസരമാണിത്‌. കേരളത്തിനുനേരിട്ട ദുരിതം ലോകമെമ്പാടുമുള്ള മലയാളികള്‍ മാത്രമല്ല മറ്റുള്ളവരും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി വിദേശരാജ്യങ്ങളിലെ നിയമനിര്‍മാണ സഭകള്‍ കേരളത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രമേയംവരെ പാസാക്കിയ അവസ്‌ഥയുണ്ട്‌. ദുരന്തത്തെ അതിജീവിച്ചവരായി സ്വയം ഉയര്‍ത്തിക്കാട്ടുകയാണു കേരള ജനത ചെയ്യേണ്ടത്‌. അതിന്‌ ഏറ്റവും പറ്റിയ മാര്‍ഗം ടൂറിസം വ്യവസായമാണ്‌.
ഈ മാസം 27 നു തുടങ്ങാനിരിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ട്‌ ഈ സന്ദേശം ലോകത്തോടു പറയുന്ന സമ്മേളനമാകണമെന്നാണു ടൂറിസം വ്യവസായത്തിന്റെ തീരുമാനം. ദുരന്തങ്ങളില്‍ തോറ്റുപോകുന്നവരല്ല മലയാളികളെന്നു ലോകത്തോടു വിളിച്ചുപറയാനുള്ള വേദിയായി കെ.ടി.എമ്മിനെ മാറ്റണം. പരാജയപ്പെടുന്നവരല്ല ഈ ജനത എന്നു കാണിക്കുന്നതിനൊപ്പം സുപ്രധാനമായ വരുമാനസ്രോതസിനെ പ്രോത്സാഹിപ്പിക്കുകയുമാണ്‌ ഇതിലൂടെ ചെയ്യേണ്ടത്‌.
കേരളവും ജനസമൂഹവുമില്ലെങ്കില്‍ വ്യവസായമില്ലെന്ന തിരിച്ചറിവ്‌ ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉണ്ടാകണം. അതിനാല്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്കുവഹിക്കാന്‍ ടൂറിസം വ്യവസായം പ്രതിജ്‌ഞാബദ്ധമാണ്‌. ഒക്‌ടോബറിലെ ടൂറിസം സീസണ്‍ വിജയിപ്പിക്കേണ്ടത്‌ വ്യവസായ വീക്ഷണത്തില്‍ മാത്രമല്ല, നയതന്ത്ര വീക്ഷണത്തിലും അത്യന്താപേക്ഷികമാണ്‌. ടൂറിസം സീസണ്‍ നഷ്‌ടപ്പെട്ടാല്‍ ഉണ്ടാകുന്ന വരുമാനനഷ്‌ടം താല്‍ക്കാലികമാണെങ്കിലും അതു വഴിയുണ്ടാകുന്ന ചീത്തപ്പേര്‌ ദീര്‍ഘകാലം നമ്മെ വേട്ടയാടും.
നവകേരളം പടുത്തുയര്‍ത്തേണ്ടത്‌ നമ്മുടെ അതിജീവനത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവുണ്ടാകണം. കേരളമെന്ന സ്രോതസില്‍നിന്നു ജീവനോപാധി കണ്ടെത്തുന്നവരാണു നമ്മളെന്ന ബോധം വേണം. അതിനായി കൈമെയ്‌ മറന്നുള്ള സഹായം ഏവരും സര്‍ക്കാരിനു നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ പ്രതിജ്‌ഞാബദ്ധമാണു ടൂറിസം മേഖല. ഇരകളല്ല ധീരരാണു നാം എന്നു ഉറക്കെപ്പറയാന്‍ ഒപ്പമുണ്ടാകുമെന്നു ഈയവസരത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.

ഏബ്രഹാം ജോര്‍ജ്‌

(കേന്ദ്ര ടൂറിസം ഉപദേശക സമിതി വിദഗ്‌ധാംഗമാണ്‌ ലേഖകന്‍ )

Ads by Google
Thursday 06 Sep 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW